ഇന്റര്‍വ്യൂവിനുള്ള തയ്യാറെടുപ്പുകള്‍ എങ്ങനെയൊക്കെ വേണമെന്ന് നോക്കാം. ആസൂത്രണം, സൂക്ഷ്മത, സമഗ്രത, ഗവേഷണം ഇതെല്ലാം അഭിമുഖത്തിനായുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണ്. തൊഴില്‍ തേടുന്ന കമ്പനിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കല്‍ ഗവേഷണത്തിന്റെ കൂട്ടത്തില്‍ വരും. തൊഴിലുമായി ബന്ധപ്പെട്ട് ഇന്റര്‍വ്യൂവില്‍ ഉള്‍പ്പെടാവുന്ന കാര്യങ്ങള്‍ പരിശീലിക്കുമ്പോള്‍ സൂക്ഷ്മതയും സമഗ്രതയും വേണം. കൃത്യമായ ആസൂത്രണത്തിലൂടെ ഉല്‍കണ്ഠയെ കീഴ്പ്പെടുത്തി ആത്മവിശ്വാസം നേടിയെടക്കാം. കൃത്യമായ ആശയ വിനിമയത്തിലൂടെ അത് ബോര്‍ഡിനെ ബോധ്യപ്പെടുത്താം. ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറാതിരിക്കാന്‍ നല്ല മനസ്സാന്നിധ്യം സ്വായത്തമാക്കണം. ഇവയോരോന്നും വിശദമായി പരിശോധിക്കുന്നതിന് മുമ്പ് അഭിമുഖത്തിന്റെ പ്രാരംഭ കാര്യങ്ങളിലേക്ക് കടക്കാം.
തൊഴിലിനായി റെസ്യൂമെയും അപേക്ഷയും അയച്ചുകഴിഞ്ഞാല്‍, പിന്നെ ഇന്റര്‍വ്യൂവിന് ക്ഷണം വരുമ്പോള്‍മാത്രം അതിനെക്കുറിച്ച് ആലോചിക്കുന്ന രീതി ഒട്ടും ആശാസ്യമല്ല. ഇന്റര്‍വ്യൂ അറിയിപ്പ് കിട്ടിയിട്ടാകാം തയ്യാറെടുപ്പ് എന്നത് തികച്ചും തെറ്റായ രീതിയാണ്. കമ്പനിയില്‍നിന്നുള്ള പ്രതികരണം നിങ്ങള്‍ ആഗ്രഹിക്കുന്ന വേഗത്തില്‍ ലഭിച്ചുകൊള്ളണമെന്നില്ല. അറിയിപ്പ് ലഭിക്കുന്ന ഘട്ടത്തിലാകട്ടെ നിങ്ങള്‍ ആഗ്രഹിക്കുന്ന സാവകാശം ഉണ്ടാകണമെന്നുമില്ല. അറിയിപ്പും പ്രതീക്ഷിച്ച് വെറുതെ ഇരിക്കാനുള്ളതല്ല ഇടവേളയെന്ന് സാരം. ജോലി ഉറപ്പുവരുത്താന്‍ പാകത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുള്ളതാണ് ഇടവേള.
ആസൂത്രണത്തിന്റെ ആദ്യഘട്ടം ഒരു കലണ്ടര്‍ ഉണ്ടാക്കുകയാണ്. തൊഴിലന്വേഷണത്തിന്റെ ഭാഗമായി അയച്ച അപേക്ഷകളെല്ലാം രേഖപ്പെടുത്തിവയ്ക്കണം. അതുമായി ബന്ധപ്പെട്ട് വരുന്ന അഭിമുഖങ്ങളുടെ ഒരു താല്‍ക്കാലിക തീയതി സ്വയം നിശ്ചയിച്ച് രേഖപ്പെടുത്തുക. യഥാാര്‍ഥ അറിയിപ്പ് കിട്ടുമ്പോള്‍ രേഖപ്പെടുത്താന്‍ വേറെ കോളം ഒഴിച്ചിടണം. ഓരോ കമ്പനിയുടെയും കോളങ്ങള്‍ പ്രത്യേകം നിറങ്ങളില്‍ രേഖപ്പെടുത്തി കലണ്ടര്‍ ആകര്‍ഷകമാക്കാം. കമ്പനിയില്‍നിന്ന് ലഭിച്ച പ്രതികരണം നിങ്ങളുടെ അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ എന്നിവയും രേഖപ്പെടുത്തണം.
താല്‍ക്കാലിക തിയതിയെ അടിസ്ഥാനമാക്കി വ്യത്യസ്ത കമ്പനികളുടെ ഇന്റര്‍വ്യൂവിന് വേണ്ട തയ്യാറെടുപ്പുകള്‍ ആസൂത്രണം ചെയ്യാം. കലണ്ടര്‍ ഇടക്കിടെ റിവ്യൂ ചെയ്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം.
രണ്ടാമതായി ഒരു ചെക്ക്ലിസ്റ്റ് സൂക്ഷിക്കുക. അതില്‍ പൂര്‍ത്തീകരിച്ചവ അടയാളപ്പെടുത്തുക. മാറ്റം വരുത്തിയതും കൂട്ടിച്ചേര്‍ത്തതുമായ കാര്യങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തണം. ചെക്ക്ലിസ്റ്റില്‍ അവശ്യം ഉള്‍പ്പെടേണ്ട കാര്യങ്ങള്‍.
1. കമ്പനിയെക്കുറിച്ച് പരമാവധി വിവരങ്ങള്‍ ശേഖരിക്കല്‍.
2. കമ്പനിയുമായി സാധാരണബന്ധം സ്ഥാപിക്കുന്നതിനുള്ള ഇടപെടലുകള്‍. വഴിവിട്ട നീക്കങ്ങള്‍ തീര്‍ത്തും ഒഴിവാക്കണം.
3. കമ്പനിയുടെ ലൊക്കേഷന്‍ മനസ്സിലാക്കല്‍.
4. ടിക്കറ്റ് ഉറപ്പുവരുത്തല്‍ അടക്കം യാത്രക്കുള്ള ഒരുക്കങ്ങള്‍.
5. ഇന്റര്‍വ്വ്യൂവിന് ധരിക്കാനുള്ള വസ്ത്രങ്ങള്‍ റെഡിയാക്കല്‍.
6. സര്‍ട്ടിഫിക്കറ്റുകള്‍, മറ്റ് രേഖകള്‍ എന്നിവ അടുക്കി ഫയലുകളിലാക്കല്‍.
7. ഇന്റര്‍വ്യൂവിന് പ്രായോഗിക പരിശീലനം. മോക് ഇന്റര്‍വ്യൂവിന് കൂട്ടുകാരെ ഉറപ്പാക്കല്‍.
8. വ്യത്യസ്ത സ്കില്ലുകളുടെ പരിശീലനം.
9. അപേക്ഷ തിരസ്കരിക്കപ്പെടുകയോ ഇന്റര്‍വ്യൂവില്‍ പരാജയപ്പെടുയോ ചെയ്താല്‍ തുടര്‍ന്ന് അപേക്ഷിക്കേണ്ട കമ്പനികളുടെ ലിസ്റ്റ് തയ്യാറാക്കല്‍.
ഈ പട്ടിക ഓരോരുത്തരുടെയും വ്യക്തിപരമായ രീതികള്‍ക്കനുസരിച്ച് നീളാം.
മുന്‍കാലങ്ങളില്‍ ആഴ്ചകളോ മാസങ്ങളോ എടുത്ത് തപാലില്‍ അറിയിപ്പുകള്‍ ലഭിച്ചിരുന്നതില്‍നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഇ-മെയിലിലോ ഫോണിലോ ഇന്റര്‍വ്യൂ അറിയിപ്പ് ലഭിച്ചേക്കാം. ടെലഫോണ്‍ വഴിയുള്ള ക്ഷണംതന്നെ ഒരുപക്ഷെ പ്രാഥമിക അഭിമുഖമായി മാറാം. ഫോണ്‍ വഴിയുള്ള ആശയവിനിമയത്തില്‍ നിങ്ങള്‍ക്കുള്ള കഴിവ് ആദ്യം വിലയിരുത്തപ്പെടും. അതിനാല്‍ ഉഗ്യോഗാര്‍ഥിയുടെ ടെലിഫോണ്‍ സംഭാഷണംപോലും 'കാഷ്വല്‍' ആയിക്കൂടെന്നര്‍ഥം. ഫോണ്‍വഴിയുള്ള ആശയവിനിമയം കുറ്റമറ്റതാക്കാന്‍ നല്ല പരിശീലനം ആവശ്യമുണ്ട്. അതേക്കുറിച്ച് അടുത്ത ആഴ്ച.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..