23 January Wednesday

“നിരീക്ഷണം അവബോധത്തിന്റെ വാതില്‍

വെബ് ഡെസ്‌ക്‌Updated: Monday Oct 9, 2017

തിരക്കു പിടിച്ച് ഓടി നടക്കുന്നതിനിടെചുറ്റുപാടും നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ച് ചോദിച്ചാല്‍ അറിയില്ല എന്നു പറയുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.  കണ്‍മുന്നിലൂടെ കടന്നുപോകുകയും അനുഭവിക്കുകയും ചെയ്ത കാര്യങ്ങള്‍  ‘അറിയില്ലെന്നു പറയുന്നത് എന്തുകൊണ്ടാണ്?.  ഇവിടെയാണ് വെറുതെ കാണുന്നതും   നിരീക്ഷിക്കുന്നതും  തമ്മിലുള്ള വ്യത്യാസം. നിരീക്ഷണത്തിലൂടെ ഒരു വ്യക്തി കണ്ട കാര്യങ്ങളെ ഉള്‍ക്കൊള്ളുകയും മനസ്സിലാക്കുകയും ചെയ്യുന്നു. ഇതിലൂടെ വ്യക്തമായ അവബോധം ഉണ്ടാകുന്ന മനുഷ്യന് പിന്നീട് സമാന സാഹചര്യങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ നേരത്തെ നിരീക്ഷിച്ച കാര്യങ്ങള്‍ ഉപയോഗിച്ച് മെച്ചപ്പെട്ട രീതിയില്‍ സന്ദര്‍ഭത്തെ അഭിമുഖീകരിക്കാന്‍ സാധിക്കുന്നു.
ക്ളാസ്സ്് മുറിയില്‍ ഇരിക്കുമ്പോഴും പ്രാക്ടിക്കല്‍ ലാബില്‍ നില്‍ക്കുമ്പോഴും ഇന്റര്‍വ്യൂ റൂമിന്റെ വെളിയില്‍ കാത്തിരിക്കുമ്പോഴും തൊഴില്‍ നേടി കഴിഞ്ഞ് മേലാധികാരിയുടെയൊ കസ്റ്റമറുടെയോ മുന്‍പില്‍ ഇരിക്കുമ്പോഴും നിരീക്ഷണം എന്ന പ്രവൃത്തി ചെയ്തു നോക്കൂ; നിങ്ങള്‍ക്ക് പല പ്രശ്നങ്ങളുടെയും ഉത്തരം പെട്ടെന്ന് കണ്ടെത്താന്‍ സാധിക്കും. ഉദാഹരണത്തിന് ഇന്റര്‍വ്യൂവിനുള്ള കാത്തിരിപ്പ് 30 മിനിട്ടു മുതല്‍ എട്ട് മണിക്കൂര്‍ വരെ നീളാറുണ്ട്. ഈ സമയത്ത് ഉദ്യോഗാര്‍ഥിക്ക് ചെയ്യാന്‍ പറ്റുന്ന ഫലവത്തായ കാര്യം സ്ഥാപനത്തിന്റെ ചുറ്റുപാടുകള്‍ നിരീക്ഷിക്കുകയെന്നതാണ്. ഇതിനു പകരം ഇന്റര്‍വ്യൂവിനെകുറിച്ച് ആലോചിച്ച് മനസ്സില്‍ ഭീകരാന്തരീക്ഷം സൃഷ്ടടിച്ച് പല ഉദ്യോഗാര്‍ഥികളും ആത്മവിശ്വാസം നശിപ്പിക്കുകയാണ് ചെയ്യുന്നത്. അവിടെ ജോലി ചെയ്യുന്നവര്‍ മറ്റുള്ളവരോടു പെരുമാറുന്ന രീതികള്‍, വസ്ത്രധാരണം, ഇന്റര്‍വ്യൂ റൂമിനടുത്തുള്ള ചിത്രങ്ങള്‍, ബോര്‍ഡുകളില്‍ എഴുതിയിരിക്കുന്ന സ്ഥാപനത്തിന്റെ ലക്ഷ്യങ്ങള്‍, ഗുണമേന്‍മ തത്വങ്ങള്‍  നേട്ടങ്ങള്‍  എന്നിവ നിരീക്ഷിച്ചാല്‍ ഉദ്യോഗാര്‍ഥിക്ക് സ്ഥാപനത്തിന്റെ തൊഴില്‍ സംസ്കാരത്തെപ്പറ്റി കൂടുതല്‍ അറിയാനും വിധികര്‍ത്താക്കളുടെ ചില ചോദ്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തതയോടെ ഉത്തരം നല്‍കാനും സാധിക്കും. പലപ്പോഴും വിധികര്‍ത്താക്കളുടെ ആദ്യ ചോദ്യങ്ങളില്‍ ഒന്ന് നിങ്ങള്‍ക്ക് ഈ സ്ഥാപനത്തെപറ്റി എന്തറിയാം എന്നാണ്.
നിരീക്ഷണം  മനുഷ്യന്‍ ജനിക്കുമ്പോള്‍ തന്നെ ആരംഭിക്കുന്നു. ശൈശവ കാലത്ത്  പല കാര്യങ്ങളും നിരീക്ഷണത്തിലൂടെയാണ് മനസ്സിലാക്കുന്നത്. ഈ ആധുനികയുഗത്തില്‍ കുഞ്ഞുകുട്ടികള്‍ “ 'അച്ഛാ, അമ്മാ'” എന്നു വിളിക്കുന്നതു മുതല്‍ സ്മാര്‍ട്ട് ഫോണില്‍ കൈകൊണ്ട് തൊട്ട് അത് ഉപയോഗിക്കാന്‍ ശ്രമിക്കുന്നതും റിമോട്ട് കാണിച്ച് ടിവി പ്രവൃത്തിപ്പിക്കാന്‍ ആവശ്യപ്പെടുന്നതുംവരെ നിരീക്ഷണത്തില്‍ കൂടെ പഠിക്കുന്നതാണ്. ഇങ്ങനെ  മനസ്സിലാക്കുന്ന  നല്ലതും ചീത്തയുമായ കാര്യങ്ങളാണ് വ്യക്തിത്വവികസനത്തിന്റെ അടിസ്ഥാനമായി മാറാറുള്ളത്. കുഞ്ഞുനാളിലെ നിരീക്ഷണപാടവം യൌവനകാലത്തും തുടര്‍ന്നും കൈമോശം വരാതെ സൂക്ഷിക്കുകയും അതില്‍ നിന്നുള്ള അനുഭവജ്ഞാനം തൊഴില്‍ നേടാനും തൊഴിലില്‍ അഭിവൃദ്ധിയുണ്ടാക്കുവാനും ഉപയോഗിക്കാം. ഇതുകൊണ്ടാണ് കൊച്ചു കുട്ടികളുടെ മുന്നില്‍വച്ച് ‘നല്ല കാര്യങ്ങള്‍ പറയാനും ചെയ്യാനും ശ്രമിക്കണമെന്ന് മനശാസ്ത്രജ്ഞര്‍ പറയുന്നത്.
 തൊഴില്‍ രംഗത്ത്  ഊര്‍ജ്ജസ്വലരായ ചെറുപ്പക്കാര്‍ ഉണ്ടാകുന്നില്ല എന്ന് വ്യാകുലപ്പെടുന്നവര്‍ ആലോചിക്കേണ്ട ഒരുകാര്യം വ്യക്തിത്വത്തിന്റെ ഉത്ഭവം കുരുന്നുകള്‍ നിരീക്ഷണത്തില്‍ കൂടെ മനസ്സിലാക്കുന്ന  ശീലങ്ങളില്‍നിന്നാണ്.  കരിയര്‍ ഗ്രാഫ് ഉയര്‍ത്താനായി കഠിനശ്രമം നടത്തുന്ന ചെറുപ്പക്കാരായ പ്രൊഫഷണല്‍സ് അവരുടെ കുഞ്ഞുങ്ങളില്‍ നിരീക്ഷണ നൈപുണ്യം വര്‍ധിപ്പിക്കാന്‍ മാതൃകയാകണം.
നിരീക്ഷണത്തിന്റെ കാര്യം പറയുമ്പോള്‍ മുന്‍ലക്കങ്ങളില്‍ പറഞ്ഞ കേള്‍വിയേയും  ശരീര ഭാഷയേയും  കുറിച്ച് നാം ഓര്‍ക്കണം. മറ്റുള്ളവരെ കേള്‍ക്കുന്നതിലൂടെയും അവരുടെ ശരീരഭാഷ കാണുന്നതിലൂടെയും നിരീക്ഷണ നൈപുണ്യം  വര്‍ധിക്കുന്നു. പഠിത്തത്തിലായാലും ജോലിയിലായാലും പല സ്ഥലങ്ങളില്‍ നിരീക്ഷിച്ച കാര്യങ്ങള്‍ പിന്നീട് സഹായകമാകുകയും അത് നമ്മുടെ പ്രവൃത്തിമൂല്യം കൂട്ടാന്‍ കാരണമാകുകയും ചെയ്യുന്നു. അതുകൊണ്ട് നിരീക്ഷണങ്ങളെഴുതിവച്ചാല്‍ ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ നമുക്ക് പെട്ടെന്ന് അത് പരിശോധിച്ച് വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കും.
മനുഷ്യന്റെ മനസ്സ്് വാദപ്രതിവാദത്തിലൂടെയല്ല മറിച്ച് നിരീക്ഷണത്തിലൂടെയാണ് മാറുന്നത് എന്ന് പ്രശസ്ത മനശാസ്ത്രജ്ഞന്‍ വില്‍ റോ ജേഴ്സിന്റെ വാചകം ഇവിടെ ഏറെ പ്രസക്തമാണ്.

പ്രധാന വാർത്തകൾ
 Top