28 March Tuesday

പുനര്‍നിര്‍മാണത്തിന്റെ തേരാളികള്‍

പി രാജീവന്‍Updated: Monday Oct 9, 2017

എളാട്ടുവളപ്പില്‍ ശ്രീധരന്‍ എന്ന നാമെല്ലാമറിയുന്ന ഇ ശ്രീധരന്‍ 1953 ലാണ് ഐഇഎസ് പരീക്ഷയില്‍ വിജയിച്ച് റെയില്‍വേയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഇ ശ്രീധരന്‍ മാത്രമല്ല ഫൈബര്‍ ഓപ്റ്റിക്സിന്റെ പിതാവ് എന്നറിയപ്പെടുന്ന നരീദര്‍ സിങ് കപാനി, എച്ച്എഎല്‍ ചെയര്‍മാനും എംഡിയുമായിരുന്ന നളിനി രാജന്‍ മൊഹന്തി, എനര്‍ജി ആന്‍ഡ് റിസോഴ്സസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജനറലായിരുന്ന രാജേന്ദ്ര കെ പച്ചൌരി  മുതലായവരെല്ലാം കേവലം എന്‍ജിനിയര്‍ മാത്രമായിരുന്നില്ല, രാഷ്ട്രത്തെ മുന്നോട്ടുനയിച്ചവര്‍ കൂടിയായിരുന്നു. മിടുക്കനായ എന്‍ജിനിയറാണോ? സ്വന്തം രാഷ്ട്രത്തെ അത്രമേല്‍ സ്നേഹിക്കുന്നുണ്ടോ? എങ്കില്‍ ഐഇഎസ് നേക്കാള്‍ മികച്ച മറ്റൊരു കരിയര്‍ ഇന്ത്യയില്‍  തെരഞ്ഞെടുക്കാനില്ല.

കടുത്ത മത്സരം
2018 ജനുവരി ഏഴിന്  നടക്കുന്ന പരീക്ഷയില്‍ പ്രതീക്ഷിക്കുന്ന ഒഴിവുകള്‍ 588. ഏറ്റവും അധികം ഒഴിവുകള്‍ എല്ലാ കാലത്തും സിവില്‍ എന്‍ജിനിയറിങ്ങിലാണുണ്ടാവാറുള്ളത്. 2015ല്‍ 434 ഒഴിവുകളിലേക്കായിരുന്നു നിയമനം. 2017ല്‍ 440 ഉം.   ഏറ്റവും അധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2011 ലാണ്; 693. 2010 ല്‍ 1,57,649 പേര്‍ അപേക്ഷിക്കുകയും 53,877 പേര്‍ പരീക്ഷയെഴുതുകുകയും ചെയ്തു. 2011 ല്‍ 1,91,869 പേര്‍ അപേക്ഷിച്ചപ്പോള്‍ 52,685 പേരാണ് പരീക്ഷയെഴുതിയത്. 2014 ല്‍ 2,61,696 പേര്‍ അപേക്ഷിച്ചു. 85,504 പേര്‍ പരീക്ഷയെഴുതി. 2012 ല്‍ 1829 പേരും 2013 ല്‍ 1899 പേരും ഇന്റര്‍വ്യൂവിന് യോഗ്യത നേടി. ലോകത്തിലെ ഏറ്റവും കഠിനമായ പരീക്ഷകളില്‍ ഒന്നായാണ് ഐഇഎസ് പരീക്ഷയെ വിലയിരുത്താറുള്ളത്. എന്നാല്‍ അപേക്ഷകരുടെ എണ്ണം കണ്ട് ഭയക്കേണ്ടതില്ല. പകുതിയില്‍ താഴെ പേര്‍ മാത്രമേ പരീക്ഷ എഴുതുന്നുള്ളൂവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. എന്നാല്‍ ഇത്തവണ അങ്ങനെയാകണമെന്നുമില്ല.
രാഷ്ട്രത്തെ പുനര്‍ നിര്‍മിക്കുന്നവര്‍
സാങ്കേതികവിദ്യ രാഷ്ട്രപുരോഗതിക്കായി പ്രയോജനപ്പെടുത്തുന്നതില്‍ ഐഇഎസ് ഉദ്യോഗസ്ഥര്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സമാനമായ അധികാരവും ചുമതലയുമാണ് സാങ്കേതിക മേഖലയില്‍ ഐഇഎസ്കാര്‍ക്ക് ലഭിക്കുന്നത്. ഭാരത്തിന്റെ ക്യാബിനറ്റ് സെക്രട്ടറിയുടെ റാങ്കിന് സമാനമായ തസ്തികയിലേക്ക് വരെ ഐഇഎസ്കാര്‍ക്ക് പ്രമോഷന്‍ ലഭിക്കുമെന്നും മിടുക്കരായ നമ്മുടെ എന്‍ജിനിയറിങ് ബിരുദധാരികള്‍ മനസ്സിലാക്കണം.

പരീക്ഷയുടെ ഘടന
മൂന്ന് ഘട്ടങ്ങളായാണ് പരീക്ഷ . സ്റ്റേജ് ഒന്നില്‍ രണ്ട് പേപ്പര്‍ ഉണ്ടാകും. ഒന്നാമത്തെ പേപ്പറിന്റെ പേര് ജനറല്‍ സ്റ്റഡീസ് ആന്റ് എന്‍ജിനിയറിങ് ആപ്റ്റിറ്റ്യൂഡ് പേപ്പര്‍ എന്നാണ്. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതും 200 മാര്‍ക്കും അടങ്ങിയതാണ് പരീക്ഷ. എന്‍ജിനിയറിങ് വിഷയത്തിലുള്ള സ്പെസിഫിക് പേപ്പര്‍ എന്ന രണ്ടാമത്തെ പരീക്ഷക്ക് മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യവും 300 മാര്‍ക്കുമാണ് ഉള്ളത്. സ്റ്റേജ് 2 ല്‍ എന്‍ജിനിയറിങ്  വിഷയവുമായി ബന്ധപ്പെട്ട രണ്ട് പേപ്പര്‍ ഉണ്ടാകും. രണ്ട് പേപ്പറുകള്‍ക്കും മൂന്ന് മണിക്കൂര്‍ സമയദൈര്‍ഘ്യവും 300 മാര്‍ക്കുമാണ്.
സ്റ്റേജ് മൂന്ന് പേഴ്സണാലിറ്റി ടെസ്റ്റ് ആണ്. ഇതിന് 200 മാര്‍ക്കാണ് ഉള്ളത്. മൂന്ന് ഘട്ടങ്ങളിലുമായി ആകെ 1300 മാര്‍ക്കാണ് ഐഇഎസ് പരീക്ഷക്കുള്ളത്.
മേഖലകള്‍
സിവില്‍ എന്‍ജിനിയറിങ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്് എന്നീ നാല് ശാഖകളിലായാണ് ഐഇഎസ് പരീക്ഷ. നാല് മേഖലകളിലുമായി ഏറ്റവും അധികം ഒഴിവുകള്‍ ഉള്ളത് ഇന്ത്യന്‍ റെയിവേയിലാണ്.

വിദ്യാഭ്യാസ യോഗ്യതയും പ്രായവും
അംഗീകൃത എന്‍ജിനിയറിങ് ബിരുദമോ തത്തുല്യമോ അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് എന്‍ജിനിയേഴ്സ് ഇന്ത്യ നടത്തുന്ന സെക്ഷന്‍ എ, ബി എന്നിവയോ പാസ്സാകണം. നോട്ടിഫിക്കേഷനില്‍ പറയുന്ന തിയതിക്ക് 21 നും 30 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അര്‍ഹതയുള്ളവര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
ഐഇഎസ് 2018
യൂണിയര്‍ പബ്ളിക് സര്‍വീസ് കമ്മീഷന്‍ 2018 ലെ ഐഇഎസ് പരീക്ഷക്കുള്ള അപേക്ഷ ഇപ്പോള്‍ ക്ഷണിച്ചിരിക്കുകയാണ്. കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവും പരീക്ഷാ കേന്ദ്രങ്ങളാണ്. അവസാന തിയതി ഒക്ടോബര്‍ 23. ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കണം. www.upsconline.nic.in


 ഗേറ്റ് ആന്‍ഡ് ഐഇഎസ്
ഗേറ്റ് പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ ഐഇഎസ് നും ലക്ഷ്യംവയ്ക്കുക. ഒന്നിച്ചുള്ള തയ്യാറെടുപ്പ് ഗുണകരമാകും. നല്ല പരിശീലന കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കുകയും മുന്‍പ് 'ജോബ് ഹണ്ടിങ്' പംക്തിയില്‍ വിശദീകരിച്ച പ്രകാരമുള്ള മികച്ച ഒരു സ്ട്രാറ്റജി രൂപപ്പെടുത്തുകയും ചെയ്താല്‍ വിജയം കൈകളിലെത്തും. ഐഇഎസില്‍ ഒരു മലയാളി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ അത് അയാളുടെ കരിയര്‍ ജീവിതത്തിന്റെ വിജയം മാത്രമല്ല കേരളത്തിന്റെ വിജയം കൂടിയാണെന്ന് തിരിച്ചിറിയുക.
(അടുത്ത ലക്കത്തില്‍ JAM  പരീക്ഷയെക്കുറിച്ച്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top