30 March Thursday

വിജയം വീണുകിട്ടില്ല

പി കെ എ റഷീദ്Updated: Monday Aug 7, 2017

തൊഴിലിനുവേണ്ടിയുള്ള ഒരാളുടെ ശ്രമത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതും അതുപോലെ ബുദ്ധിമുട്ടേറിയതുമായ ഒരു ഘട്ടമാണ് ഇന്റര്‍വ്യൂ അഭിമുഖീകരിക്കല്‍. കാലവും ചുറ്റുപാടുകളും മാറുന്നതിനനുസരിച്ച് നമ്മുടെ റെസ്യുമയില്‍ മാറ്റം വരുത്താനും പുതുതായി നേടിയ യോഗ്യതകളും പരിചയവുമൊക്കെ കൂട്ടിച്ചേര്‍ക്കാനും സാധിക്കും. പരമാവധി ഒരു മണിക്കുറില്‍ താഴെമാത്രം ദൈര്‍ഘ്യമുള്ള അഭിമുഖത്തില്‍ ഏതെങ്കിലും തരത്തില്‍ മാറ്റമോ നവീകരണമോ സാധ്യമല്ല. ഒരു ബോര്‍ഡിനുമുന്നില്‍ ഒരിക്കല്‍ പറഞ്ഞ കാര്യങ്ങള്‍ അന്തിമമാണ്. അതില്‍ തിരുത്തലോ മാറ്റിപ്പറയലോ ഫലപ്രദമാവില്ല. ഒരിക്കല്‍ പറഞ്ഞ കാര്യങ്ങള്‍ കംപ്യൂട്ടറിലെപോലെ മായ്ചുകളയാനോ തിരുത്താനോ സാധ്യമല്ല. പറയാനുള്ളത് മുഴുവന്‍ പറയുക എന്നതും പ്രധാനമാണ്. മറന്നുപോയ കാര്യങ്ങള്‍ പിന്നീട് പറയാനും അവസരം കിട്ടില്ല. അതുകൊണ്ടുതന്നെ അഭിമുഖത്തെ നേരത്തെ സ്വയം ആസൂത്രണം ചെയ്യണം. എത്രത്തോളം തയ്യാറെടുപ്പുകള്‍ നടത്തുന്നുവോ അത്രത്തോളം ആത്മവിശ്വാസം വര്‍ധിക്കുകയും പരിഭ്രമം കുറയുകയും ചെയ്യും.
ഇന്റര്‍വ്യുവിലെ മെച്ചപ്പെട്ട പ്രകടനം കേവലം ആകസ്മികതയാണെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. സമയവും ആളുമെല്ലാം ഒത്തുവന്നാലേ വിജയമുള്ളൂ എന്ന് വിശ്വസിക്കുന്നവരുമുണ്ട്. ഇത് തീര്‍ത്തും തെറ്റാണ്. അഭിമുഖത്തിന്റെ ഓരോ ഘട്ടത്തെയും ആത്യന്തികമായി അന്തിമഫലത്തെയും നിര്‍ണയിക്കുന്നതില്‍ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നത് ഉദ്യോഗാര്‍ഥിതന്നെയാണ്. ബോര്‍ഡ് അംഗങ്ങളായി വരുന്നവരുടെ മനോഭാവം താരതമ്യേന അപ്രധാനമാണെന്നര്‍ഥം. അഭിമുഖത്തിന്റെ ഉദ്ദേശ്യം, ജോലിയുടെ പൊതുസ്വഭാവം എന്നിവയ്ക്ക് അനുസൃതമായി ഒരു ഏകീകൃതതീരുമാനം ബോര്‍ഡിനുണ്ടാകും. അഭിമുഖത്തിന് വരുന്ന ഓരോ ഉദ്യോഗാര്‍ഥിയും വിഭിന്ന വ്യക്തിത്വത്തിന്റെ ഉടമകളാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ ഒരോ സൂക്ഷ്മാംശവും പ്രത്യേകമായി വിശകലനം ചെയ്യപ്പെടും.
വസ്ത്രധാരണത്തില്‍നിന്നുതന്നെ തുടങ്ങാം. ഇത് സംബന്ധിച്ച് ബോര്‍ഡോ ഉദ്യോഗദായകനോ ഒരു നിബന്ധനയും നിങ്ങള്‍ക്ക് മുന്നില്‍ വയ്ക്കുന്നില്ല. ഏറ്റവും അനുയോജ്യമായ വസ്ത്രം നിങ്ങള്‍ക്ക് സ്വയം തെരഞ്ഞെടുക്കാവുന്നതാണ്. ബോര്‍ഡിനുമുന്നിലേക്ക് കടന്നുചെല്ലുന്നതുമതുല്‍ നിങ്ങളുടെ കഴിവുകള്‍, പ്രവൃത്തി പരിചയം,  പ്രത്യേക പ്രവീണ്യം എന്നിവ ബോര്‍ഡിനെ ധരിപ്പിക്കുന്നതുവരെയുള്ള എല്ലാഘട്ടങ്ങളും നിങ്ങളുടെ നിയന്ത്രണത്തിലാക്കുക എന്നത് വളരെ പ്രധാനമാണ്. ഇതില്‍ വിജയം വരിക്കാനായാല്‍ ബോര്‍ഡിന്റെ വിധിനിര്‍ണയം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും.
പരിശീലിച്ച് ഉറപ്പിച്ച രീതികളില്‍നിന്ന് നിങ്ങളെ മറ്റിക്കൊണ്ടുപോകാന്‍ സാധാരണനിലയില്‍ ഒരു ബോര്‍ഡ് അംഗവും ശ്രമിക്കില്ല. ഇനി അങ്ങനെ ശ്രമമുണ്ടായാല്‍തന്നെ അതിന് വഴിപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. ഫലം നിര്‍ണയിക്കുന്നത് ബോര്‍ഡ് ആണെങ്കിലും ഒരു അഭിമുഖത്തിന്റെ ഗതിയെ നിങ്ങള്‍ക്ക് നിര്‍ണായകമായി സ്വാധീനിക്കാനാവും. ഈ ദിശയില്‍ നിങ്ങളുടെ ചിന്തയെ മുന്നോട്ടുകൊണ്ടുപോയാല്‍ ഭയവും ആത്മവിശ്വാസക്കുറവും പമ്പകടക്കും.
ചോദ്യങ്ങള്‍ക്ക് ചാഞ്ചാട്ടമില്ലാതെ മറുപടി നല്‍കുകയും സൌമ്യമായി പെരുമാറുകയും ചെയ്താല്‍ ബോര്‍ഡിന്റെ അനുഭാവം എളുപ്പത്തില്‍ പിടിച്ചുപറ്റാനാകും. അത്തരമൊരു ശ്രദ്ധ തുടക്കത്തിലേ ആര്‍ജിക്കാനായാല്‍ പിന്നെ പടിപടിയായി മുന്നേറാം. അതിനാവശ്യമായ സാങ്കേതിക കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തുടര്‍ന്നുള്ള ലക്കങ്ങളില്‍ നല്‍കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top