18 January Monday

മൂല്യങ്ങള്‍ അമൂല്യമാണ്

വെബ് ഡെസ്‌ക്‌Updated: Monday Dec 4, 2017

ലോകപ്രശസ്ത കമ്പനിയായ ആപ്പിള്‍ കംപ്യൂട്ടേഴ്സിന്റെ സ്ഥാപകന്‍ അന്തരിച്ച സ്റ്റീവ് ജോബ്സിന്റെ അഭിപ്രായത്തില്‍ സ്ഥാപനത്തിന്റെയും ജോലിക്കാരുടെയും മൂല്യങ്ങളില്‍ (values) സമാനതകളുണ്ടെങ്കിലേ വിജയമുണ്ടാവുകയുള്ളൂ. പല സ്ഥാപനങ്ങളും ലക്ഷങ്ങള്‍ ചെലവാക്കി മൂല്യങ്ങളുടെ പ്രസ്താവന (values statements) എഴുതിയുണ്ടാക്കാറുണ്ട്. ഇതു പ്രാവര്‍ത്തികമാക്കാതെ, പരസ്യം മാത്രമാകുമ്പോള്‍ ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കും.
മൂല്യങ്ങള്‍ (Values) അറിയുകയും ഉള്‍ക്കൊള്ളുകയും പാലിക്കുകയും ചെയ്യുന്നതിലൂടെ വ്യക്തിത്വം (Personality) സമൂഹത്തിനുമുന്നില്‍ പ്രതിഫലിക്കപ്പെടുന്നു. മൂല്യശോഷണം അഴിമതിയിലേക്കും കൊള്ളയിലേക്കും അക്രമത്തിലേക്കും നയിക്കുന്നു. ജീവിതമൂല്യങ്ങള്‍ എന്തെന്നറിയാതെ എങ്ങനെയും പണമുണ്ടാക്കണമെന്ന ചിന്ത പല ചെറുപ്പക്കാരെയും കൊള്ളരുതായ്മകളില്‍ എത്തിക്കുന്നു. കുട്ടിക്കാലംമുതല്‍ റഗുലര്‍ ക്ളാസുകളോടൊപ്പം മൂല്യാധിഷ്ഠിതവിദ്യാഭ്യാസം(Value Education) കൂടി നല്‍കിയാലേ പാഠപുസ്തകങ്ങളില്‍നിന്നുള്ള അറിവ് വേണ്ടരീതിയില്‍ ജീവിതത്തില്‍ പ്രായോഗികമാക്കാന്‍ സാധിക്കൂ. മൂല്യങ്ങളിലുള്ള ഉറച്ച വിശ്വാസം വിജയത്തില്‍ അഹങ്കരിക്കാതിരിക്കാനും പരാജയത്തില്‍ അടിപ്പെടാതിരിക്കാനും സഹായിക്കുന്നു.
സുരേഷ്കുമാര്‍ എന്ന ഒരു സംരംഭകന്‍ അടുത്തകാലത്ത് പങ്കുവച്ച അനുഭവം ഇവിടെ പ്രതിപാദിക്കുന്നു. അദ്ദേഹം ഒരു സ്ഥാപനത്തിന്റെ മാനേജരായി ജോലിനോക്കിയ സമയത്ത് ജോലിക്കെടുക്കുന്നവരുടെ കൈയില്‍നിന്ന് പരിശീലനത്തിന്റെ പേരില്‍ രണ്ടുലക്ഷം രൂപ വീതം വാങ്ങി നിയമനം നല്‍കേണ്ടതിന്റെ ചുമതല മാനേജ്മെന്റ് സുരേഷിന് നല്‍കി. ധാര്‍മികതയിലും (ethics) മൂല്യത്തിലും വിശ്വസിച്ച സുരേഷിന് ആ ചുമതല തുടക്കം മുതലേ ബുദ്ധിമുട്ടുണ്ടാക്കി. അധികം താമസിയാതെ ഈ രീതി ശരിയല്ലെന്ന് മാനേജ്മെന്റിനെ അറിയിച്ച് സ്ഥാപനത്തില്‍നിന്ന് രാജിവച്ചു. സമാന സംരംഭം സ്വന്തമായി തുടങ്ങിയ ഇദ്ദേഹം പണം വാങ്ങാതെ ജോലിക്ക് ആളെയെടുത്തു. പണം നല്‍കി ജോലിയില്‍ കയറിയാല്‍ എത്രയും പെട്ടെന്ന് അത് തിരിച്ചുപിടിക്കുക എന്ന മനോഭാവമായിരിക്കും. അത് ജോലിയിലുള്ള ആത്മാര്‍ത്ഥതയെ ബാധിക്കുകയും കൂടുതല്‍ പണം (ശമ്പളം) ലഭ്യമാകുന്ന മറ്റൊരു സ്ഥാപനത്തിലേക്ക് പെട്ടെന്ന് പോകാന്‍ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുമെന്നും സുരേഷ് വിശ്വസിച്ചു. നൂറോളം ജീവനക്കാര്‍ ജോലി ചെയ്യുന്ന സുരേഷിന്റെ സ്ഥാപനം കസ്റ്റമര്‍ സര്‍വീസിന് ഊന്നല്‍ നല്‍കി പ്രവര്‍ത്തിച്ചപ്പോള്‍ അത് ഉപഭോക്താക്കളുടെ വിശ്വാസം (Trust) നേടിയെടുക്കാനും തൊഴിലാളികളെ നിലനിര്‍ത്താനും (retention) തന്റെ പഴയ സ്ഥാപനത്തേക്കാള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കാനും സാധിച്ചു. “
അഭിമുഖങ്ങളില്‍ ഉദ്യോഗാര്‍ത്ഥികളോട് നിങ്ങള്‍ വിശ്വസിക്കുന്ന മൂല്യങ്ങള്‍ എന്തെല്ലാമെന്ന് ചോദിക്കാറുണ്ട്. “സത്യസന്ധത’ (Honesty) എന്ന മൂല്യത്തില്‍ ഉറച്ചുവിശ്വസിക്കുന്നുവെന്നു പറയുമ്പോള്‍ അതിന്റെ അടിസ്ഥാനം വിശദീകരിച്ചുകൊടുക്കേണ്ടതുണ്ട്. “എനിക്ക് കള്ളം  ഇഷ്ടമല്ല’ എന്നുംപറയാം, മറ്റുള്ളവര്‍ അറിഞ്ഞാല്‍ നാണക്കേടാണെന്നും പറയാം. ആദ്യ ഉത്തരം മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ആളിന്റേതും രണ്ടാമത്തേത് സമൂഹത്തിലെ തന്റെ സ്ഥാനത്തെപ്പറ്റി  വ്യാകുലപ്പെടുന്ന ഒരാളിന്റേതുമാണ്. തൊഴില്‍ അന്തരീക്ഷത്തിലെ സുപ്രധാന മൂല്യങ്ങള്‍ താഴെ പറയുന്നവയാണ്.
1. സത്യസന്ധത (Honesty)
2. സമഗ്രത (Integrity)
3. ഗുണമേന്മ (Quality)
4. അച്ചടക്കം (Discipline)
5. ചുമതലാബോധം (Accountability)
6. ജാഗ്രത (Diligence)
7. സ്ഥിരോത്സാഹം (Perseverence)
8. വിശ്വസ്തത (Loyalty)
കലാലയ വിദ്യാഭ്യാസവും തൊഴില്‍പരിശീലനവും വസ്തുതകള്‍ (facts) നിരത്തുന്നതിനേക്കാള്‍ മൂല്യാധിഷ്ഠിത അറിവ് (Knowledge based on values) പകര്‍ന്നു നല്‍കാനാണ് ലക്ഷ്യംവയ്ക്കേണ്ടത്. മൂല്യങ്ങളില്‍ വിശ്വസിച്ച് ശരിയുടെ പക്ഷത്തുനിന്ന് പ്രവര്‍ത്തിച്ചാല്‍ ഏത് പ്രതിസന്ധിയും തരണംചെയ്ത് സുസ്ഥിര വിജയം നേടാന്‍ സാധിക്കും. മൂല്യങ്ങളാണ് നിങ്ങളുടെ വിധി നിര്‍ണയിക്കുന്നതെന്ന ഗാന്ധിജിയുടെ വാക്കുകള്‍ നമുക്ക് ഓര്‍ക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top