31 March Friday

പ്രവേശന പരീക്ഷകള്‍ക്ക് സജ്ജരാകാന്‍

വെബ് ഡെസ്‌ക്‌Updated: Monday Jan 1, 2018

ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് പ്രവേശന പരീക്ഷകളുടെ അപേക്ഷ ക്ഷണിക്കുന്നത്. ഈ മാസങ്ങളില്‍ പ്ളസ്ടു വിദ്യാര്‍ഥികള്‍ ഏറെ ശ്രദ്ധിക്കണം. നന്നായി പഠിക്കുന്നവര്‍ പോലും വിവരം യഥാസമയം അറിയാത്തതിനാല്‍ അപേക്ഷ നല്‍കാതിരിക്കുന്നുണ്ട്. അറിഞ്ഞാലും അനാവശ്യമായി നീട്ടി അവസാനഘട്ടത്തിലും അപേക്ഷിക്കാതിരിക്കുന്നവരുമുണ്ട്. അവസരങ്ങള്‍ അനാസ്ഥകൊണ്ട് സ്വയം നിഷേധിക്കുന്ന അവസ്ഥയുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ചില വിദ്യാര്‍ഥികളുടെ കാര്യത്തില്‍ എല്ലാം രക്ഷാകര്‍ത്താക്കളാണ് ചെയ്യുക. നേരെ മറിച്ചും സംഭവിക്കാറുണ്ട്. ഇരുകൂട്ടരും ശ്രദ്ധാപൂര്‍വം പരസ്പരം സംസാരിച്ച് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതാണ് ഉചിതം. ജനുവരിമുതല്‍ പത്രങ്ങളെ കൂടാതെ ഒരു തൊഴില്‍പതിപ്പും സൂക്ഷ്മമായി പരിശോധിക്കുക. ഓരോ പേജും ശ്രദ്ധാപൂര്‍വം വായിച്ച് അപേക്ഷിക്കേണ്ടവ അടയാളപ്പെടുത്തുക.


കലണ്ടര്‍ തയ്യാറാക്കുക
അപേക്ഷിക്കുന്ന പ്രക്രിയ സുഗമമാക്കാന്‍ മികച്ച നിലയില്‍ ഒരു കലണ്ടര്‍ തയ്യാറാക്കുന്നത് ഉചിതമാണ്. ഒരു നോട്ട് ഇതിനായി ഉപയോഗിക്കുക. ഇതില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനായി കോളങ്ങള്‍ വരയ്ക്കുക. 1. പ്രവേശനപരീക്ഷയുടെ പേര്, 2. അയക്കേണ്ട അവസാന തിയതി, 3. അടക്കേണ്ട തുക, 4. ബാങ്ക്, 5. യൂസര്‍ ഐഡി, 6. പാസ്വേഡ്, 7. റിമാര്‍ക്സ്. പത്രത്തില്‍നിന്നോ തൊഴില്‍പതിപ്പില്‍നിന്നോ അതല്ലെങ്കില്‍ മറ്റുമാര്‍ഗത്തിലൂടെയോ വിവരമറിയുമ്പോള്‍ വിവരം കലണ്ടറില്‍ രേഖപ്പെടുത്തണം. അപേക്ഷയ അയക്കുന്ന സന്ദര്‍ഭത്തിലാണ് യൂസര്‍ ഐഡിയും പാസ്വേഡും തയ്യാറാക്കുന്നത്. അപ്പോള്‍  ഈ വിവരവും അതത് കോളത്തിനുനേരെ ശ്രദ്ധാപൂര്‍വം രേഖപ്പെടുത്തണം.


ഫോട്ടോ റീസൈസിങ്
മിക്കവാറുമെല്ലാ ഓണ്‍ലൈന്‍ അപേക്ഷകളിലും ഫോട്ടോ വേണം. ഓരോ സ്ഥാപനത്തിനും റെസല്യൂഷന്‍ റിക്വയര്‍മെന്റ് വ്യത്യസ്തമാണ്. സ്റ്റുഡിയോയില്‍നിന്നോ വൈദഗ്ധ്യം ഉള്ളവരില്‍നിന്നോ ഫോട്ടോ റീസൈസ് ചെയ്ത് ലഭിക്കും. കംപ്യൂട്ടറും ഇന്റര്‍നെറ്റു മുണ്ടെങ്കില്‍ എല്ലാം വീട്ടിലിരുന്ന് ചെയ്യാം. ഫോട്ടോ റീസൈസിങ്ങിനായി ധാരാളം സൈറ്റുകള്‍ ലഭ്യമാണ്. എല്ലാ കാര്യങ്ങളും മൂന്‍കൂട്ടി മനസ്സിലാക്കണം. അപേക്ഷ യഥാസമയം നല്‍കുക, തീരുമാനം പിന്നീടാകാം.
കരിയര്‍ സംബന്ധമായി ഏതെങ്കിലും ഒരു ലക്ഷ്യം മനസ്സില്‍ സൂക്ഷിക്കുന്ന ധാരാളം പേരുണ്ട്. ഉദാഹരണത്തിന് MBBS ലക്ഷ്യംവയ്ക്കുന്നവര്‍ NEET നെ സംബന്ധിച്ച് മാത്രമേ അന്വേഷിക്കൂ. NEET വല്ല കാരണവശാലും കിട്ടാതെ വന്നാല്‍ തുടര്‍ന്ന് എന്ത് ചെയ്യണം എന്നതിനെ സംബന്ധിച്ച പ്രായോഗിക കാഴ്ചപ്പാട് വികസിപ്പിക്കണം. രണ്ടാമതൊരിക്കല്‍കൂടി എന്‍ട്രന്‍സ് എഴുതാം. ചിലര്‍ക്ക് റിപ്പീറ്റ് ചെയ്യുന്നതിനോട് യോജിപ്പുണ്ടാവില്ല. ഇങ്ങനെ ഒരു ചിന്ത വരുമ്പോഴേക്കും മറ്റെല്ലാ സാധ്യതകളുടെയും സമയപരിധി കഴിയും. തനിക്ക് അപേക്ഷിക്കാന്‍ കഴിയുന്ന എല്ലാ കോഴ്സുകള്‍ക്കും സമയപരിധിക്കകം അപേക്ഷിക്കുകയും പ്രവേശന പരീക്ഷകള്‍ നന്നായി എഴുതുകയും വേണമെന്നത്  പ്രധാന കാര്യമാണ്. രണ്ടോ അതിലധികമോ കോഴ്സുകള്‍ക്ക് ഒരേ സമയം പ്രവേശനം ലഭിച്ചാല്‍ ഏറ്റവും മെച്ചമായത് തെരഞ്ഞെടുക്കാം. ആവശ്യമെങ്കില്‍ ഒരു കരിയര്‍ വിദഗ്ധന്റെ സേവനം തേടാം.


വിഷയമല്ല പ്രധാനം
എന്ത് പഠിക്കുന്നുവെന്നതിനേക്കാള്‍ എങ്ങനെ പഠിക്കുന്നുവെന്നതും എവിടെ പഠിക്കുന്നുവെന്നതുമാണ്  പ്രധാനം. പഠിക്കുന്ന വിഷയം നന്നായി പഠിക്കുകയും നല്ല ക്യാമ്പസിന്റെ ഗുണമേന്മയും സംസ്കാരവുമാര്‍ജിച്ചാല്‍ മികച്ച വ്യക്തിയാകാന്‍ സാധിക്കും. സര്‍ക്കാറായാലും സ്വകാര്യ മേഖലയിലെ തൊഴില്‍ സ്ഥാപനമായാലും തേടുന്നത്  മികച്ച വ്യക്തികളെയാണ്. കോഴ്സുകളും ക്യാമ്പസുകളും തെരഞ്ഞെടുക്കുമ്പോള്‍ ഈ കാര്യം ഓര്‍ക്കുക.

സംസ്ഥാന സര്‍ക്കാര്‍ പുതുതായി ആരംഭിച്ച പേരാമ്പ്ര കരിയര്‍ ഡവലപ്മെന്റ് സെന്ററിലെ സെന്റര്‍ മാനേജരും എംപ്ളോയ്മെന്റ്
ഓഫീസറുമാണ് ലേഖകന്‍. 0496 2615500
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top