23 August Friday

സാമ്പത്തിക ഭദ്രതക്ക്‌ പ്ലാൻ വിതയ്ക്കാം പണം കൊയ്യാം

ഹരീഷ് എം വിUpdated: Tuesday Jun 11, 2019

അടുത്ത കാലത്തായി, പ്രത്യേകിച്ചും ആ​ഗോള സാമ്പത്തികപ്രതിസന്ധി വന്നതിനുശേഷം വ്യക്തി​ഗത ധന നിർവഹണ മേഖലയിൽ വളരെയേറെ സ്വീകാര്യത ആർജിച്ച കാര്യമാണ് വെൽത്ത് മാനേജ്മെന്റ‌് അഥവാ സമ്പത്തിന്റെ ശാസ്ത്രീയമായ പരിപാലനം. പക്ഷേ, ഇന്നത്തെ സങ്കീർണത നിറഞ്ഞ സാമ്പത്തികലോകത്ത് ശരിയാംവിധം പണം കൈകാര്യം ചെയ്യുന്നതിൽ നമ്മൾ വളരെ പുറകിലാണെന്നതാണ് വാസ്തവം.

വെൽത്ത് മാനേജ്മെന്റ‌് എന്നാൽ, നിക്ഷേപകാര്യങ്ങൾ കൈകാര്യം ചെയ്യൽ മാത്രമല്ല. ഒരു വ്യക്തിയുടെ അഥവാ കുടുംബത്തിന്റെ സമ്പത്തിന്റെ സമ​ഗ്രമായ ആസൂത്രണം, വിവിധ സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് എത്താൻ  പറ്റിയ സാമ്പത്തിക, നിക്ഷേപ നടപടികൾ സ്വീകരിക്കൽ തുടങ്ങിയ കാര്യങ്ങൾക്കാണ് ഇതിൽ മുഖ്യ ഊന്നൽ കൊടുക്കേണ്ടത്.


ലക്ഷ്യ പൂർത്തീകരണത്തിനായി മുഖ്യമായും താഴെ സൂചിപ്പിക്കുന്ന ആറുതലത്തിലുള്ള നടപടിക്രമങ്ങളിലൂടെയാണ്‌ സാധാരണയായി വെൽത്ത് മാനേജ്മെന്റ‌് പ്ലാൻ വികസിപ്പിച്ചെടുക്കുന്നത്.


 1. നിലവിലുള്ള സാമ്പത്തികസ്ഥിതിയുടെ വിവരങ്ങൾ വ്യക്തതയോടെ ശേഖരിക്കുകയും വിലയിരുത്തുകയും ചെയ്യണം. അപ്പോൾ നിങ്ങൾ ഏതുതരത്തിലുള്ള സാമ്പത്തികാവസ്ഥയിലാണെന്ന്‌ മനസ്സിലാകും.       
 2. യാഥാർഥ്യബോധത്തോടെയുള്ള  ലക്ഷ്യങ്ങളുടെ മുൻഗണനാക്രമത്തിലുള്ള പട്ടിക തയ്യാറാക്കണം.    
3. പ്രശ്നങ്ങൾ ശരിയായി അപ​ഗ്രഥിക്കണം. ഇത് ഉചിതമായ പ്രതിവിധികൾ കണ്ടെത്തലും തുടർ നടപടികൾ സ്വീകരിക്കലും എളുപ്പമാക്കും.
4. പദ്ധതി നടപ്പാക്കൽ. ഇതാണ്‌ ഏറ്റവും പ്രസക്തമായ ഘട്ടം. തുടർച്ചയായി പരിശ്രമിച്ചുകൊണ്ടിരിക്കണം.
5. ആവശ്യമെങ്കിൽ സഹായത്തിനായി പ്രായോഗിക വൈദഗ്‌ധ്യമുള്ള വ്യക്തികളെയോ സ്ഥാപനങ്ങളെയോ സമീപിക്കണം.
6. നിശ്‌ചിത ഇടവേളകളിൽ പദ്ധതി വിലയിരുത്തുകയും പുരോ​ഗതിയും വിജയസാധ്യതയും പരിശോധിക്കുകയും ചെയ്യണം. നിങ്ങൾ ശരിയായ പാതയിലാണോ എന്ന് ഉറപ്പാക്കാൻ ഇത് ഉപകരിക്കും.

എന്താണ്‌ നല്ലത്‌... പെൻഷൻ ഫണ്ടോ.. ഭവനവായ്‌പയോ

ഒരാൾ തന്റെ നിലവിലുള്ള ഭവനവായ്‌പ അടച്ചുതീർക്കുന്നതാണോ, പെൻഷൻ ഫണ്ടിലേക്ക്‌ പണം നിക്ഷേപിക്കുന്നതാണോ ഉചിതം എന്നത്‌  തികച്ചും വ്യക്തികേന്ദ്രീകൃതമായിരിക്കും. ഓരോരുത്തരുടെയും സാമ്പത്തികലക്ഷ്യങ്ങളെ ആസ്‌പദമാക്കി മാത്രമേ ഉത്തരം നൽകാൻ സാധിക്കൂ. ഇതിലേക്കായി ഇത്തരം പദ്ധതികളുടെ പലിശ, അതിലൂടെ ലഭിക്കുന്ന നികുതി ഇളവുകൾ, നിലവിലെ പണപ്പെരുപ്പനിരക്കുകൾ, നിക്ഷേപം നടത്തുന്ന പദ്ധതികളുടെ നേട്ടങ്ങൾ തുടങ്ങിയ ഘടകങ്ങൾ അവലോകനം ചെയ്യേണ്ടതുണ്ട്‌.

(ഹെഡ‌്ജ‌് വെൽത്ത് മാനേജ്മെന്റ‌് സർവീസസിന്റെ
ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസറാണ് ലേഖകൻ)
 


പ്രധാന വാർത്തകൾ
 Top