05 October Thursday

അതിന് പട്ടേലിന് ഊര്‍ജമുണ്ടോ...

എന്‍ മധുUpdated: Sunday Oct 2, 2016

റിസര്‍വ് ബാങ്ക് ഇടയ്ക്കിടെ പണനയം പ്രഖ്യാപിക്കുന്നതും അവലോകനം നടത്തുന്നതും അസാധാരണമൊന്നുമല്ലെങ്കിലും ഈ ഒക്ടോബര്‍ നാലിന് പ്രഖ്യാപിക്കുന്ന പണാവലോകന നയത്തിന് ചില പ്രത്യേകതകളുണ്ട്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ തനിയെ രൂപപ്പെടുത്തുന്ന നയത്തിനുപകരം പുതുതായി രൂപീകരിച്ച ആറംഗ പണനയസമിതി (മോണിറ്ററി പോളിസി കമ്മിറ്റി– എംപിസി)തയ്യാറാക്കുന്ന നയമെന്നതാണ് ഒരു പ്രധാന പ്രത്യേകത. രഘുറാം രാജന്‍ സ്ഥാനമൊഴിഞ്ഞ്  പുതിയ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ ചുമതലയേറ്റശേഷം പ്രഖ്യാപിക്കുന്ന ആദ്യ നയമെന്നത് മറ്റൊരു സവിശേഷത. പണപ്പെരുപ്പം അഥവാ വിലക്കയറ്റനിരക്ക് ഒരു നിശ്ചിത ശതമാനമായി നിലനിര്‍ത്തുകയെന്ന ലക്ഷ്യം പ്രധാനമായി പറയുന്ന പണനയമെന്നത് വേറൊരു പ്രത്യേകത. പണനയ സമിതി രൂപപ്പെടുത്തുന്ന നയമെന്നത് എട്ടു പതിറ്റാണ്ടു നീളുന്ന റിസര്‍വ് ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റമായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.

പലിശനിരക്ക് കൂടുമോ കുറയുമോ എന്നതുമാത്രമാണ് സാധാരണഗതിയില്‍ നയത്തെ മുന്‍നിര്‍ത്തി അടുത്തകാലത്തായി എല്ലാവരും ശ്രദ്ധിക്കുന്നത്. അത് എങ്ങനെയെന്നറിയാന്‍ നയം പ്രഖ്യാപിക്കുന്നതുവരെ കാത്തിരിക്കാം. വിലക്കയറ്റവും പലിശനിരക്കും കുറച്ചുനിര്‍ത്തണമെന്നാണ് കേന്ദ്രബാങ്കിനു മുന്നില്‍ എപ്പോഴുമുയരുന്ന സമ്മര്‍ദം. പക്ഷേ, സര്‍ക്കാരിന്റെ നയംമൂലം ഇതും രണ്ടും നടക്കുകയുമില്ല. പലിശനിരക്ക് കുറച്ചാല്‍ വായ്പാ പണമെല്ലാം വിപണികളിലേക്കു പ്രവഹിച്ച് വിലക്കയറ്റം രൂക്ഷമാകുമെന്ന് റിസര്‍വ്ബാങ്ക് ഭയപ്പെടുന്നു. ഇതുകൊണ്ടാണ് രഘുറാം രാജന്‍ പലപ്പോഴും പലിശനിരക്ക് കുറയ്ക്കാന്‍ മടിച്ചതും വിമര്‍ശങ്ങളുണ്ടായതും. പലിശനിരക്ക് കുറച്ചില്ലെങ്കില്‍ മുതല്‍മുടക്ക് കുറയുമെന്നതും  അത് സാമ്പത്തികവളര്‍ച്ചയെ ബാധിക്കുമെന്നതും മറ്റൊരു പ്രശ്നം. 

ഇനിമുതലുള്ള പണനയം പണപ്പെരുപ്പം അഥവാ വിലക്കയറ്റ നിരക്ക് ഒരു നിശ്ചിത ശതമാനമായി നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയുള്ളതാകുമെന്ന (ഇന്‍ഫ്ളേഷന്‍ ടാര്‍ഗറ്റ്) പ്രഖ്യാപനമാണ് പരിശോധിക്കപ്പെടേണ്ട മുഖ്യവിഷയം. ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയ വിലക്കയറ്റം അടുത്ത അഞ്ചുവര്‍ഷത്തേക്ക് നാലു ശതമാനമെന്നാണ് പ്രഖ്യാപിക്കപ്പെട്ട ലക്ഷ്യം. അത് രണ്ടു ശതമാനം കൂടുകയോ കുറയുകയോ ആവാം. ഇന്നത്തെ ലോകസാഹചര്യത്തില്‍ ഇതു സാധ്യമോ, പലിശനിരക്കാണോ യഥാര്‍ഥത്തില്‍ വിലക്കയറ്റം നിയന്ത്രിക്കുന്നത്, പലിശനിരക്ക് കുറച്ചാല്‍ ബാങ്കുകളില്‍നിന്ന് വായ്പയായി ഒഴുകുന്ന പണം എവിടെയാണ് എത്തിപ്പെടുന്നത് എന്നീ കാര്യങ്ങളാണ് ഇവിടെ പരിഗണിക്കുന്നത്. ഇപ്പോഴത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ ഡെപ്യൂട്ടി ഗവര്‍ണറായിരിക്കെ തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശപ്രകാരമാണ് 'പണപ്പെരുപ്പ ലക്ഷ്യം' മുന്‍നിര്‍ത്തി പണനയം വരുന്നത്. 'നവ കെയ്ന്‍സ്' (നിയോ കെയ്നീഷ്യന്‍ നയം) നയം എന്ന് മുതലാളിത്ത സാമ്പത്തികശാസ്ത്രജ്ഞര്‍ വിളിക്കുന്ന ഈ നയം പക്ഷേ പല രാജ്യങ്ങളിലും നടപ്പാക്കി ലക്ഷ്യംകാണാതെ പരാജയപ്പെട്ടു.

എല്ലാം ധനമൂലധനത്തിന്റെ ചൂതാട്ടത്തിന്റെ പിന്‍ബലത്തില്‍ മാത്രം നടക്കുന്ന ഇന്നത്തെ ലോകത്ത് ഒരു കേന്ദ്രബാങ്കിനും ഒന്നും നിശ്ചയിച്ചുറപ്പിക്കാന്‍ കഴിയില്ല. 2008–ല്‍ ആരംഭിച്ച ആഗോള സാമ്പത്തിക പ്രതിസന്ധിക്കും തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ക്കും മുന്നില്‍ കേന്ദ്രബാങ്കുകള്‍ തകര്‍ന്ന് തരിപ്പണമായതും അന്തംവിട്ടതും ലോകം കണ്ടതാണ്. വിദേശ ധനമൂലനം എത്തണമെങ്കില്‍ പലിശനിരക്ക് ഉയര്‍ന്നുനില്‍ക്കണം. അവരെ പ്രീണിപ്പിക്കലാണല്ലോ പുതിയ സാമ്പത്തികനയം. അതുകൊണ്ടുതന്നെ പലിശനിരക്ക് കുറയ്ക്കാന്‍ പലപ്പോഴും കഴിയില്ല. വിലക്കയറ്റത്തെ പേടിച്ചല്ല നിരക്കു കുറയ്ക്കാത്തതെന്ന് ചുരുക്കം. പലിശനിരക്കാണോ വിലക്കയറ്റത്തിന് വഴിവയ്ക്കുന്നതെന്നതാണ് മറ്റൊരു പ്രശ്നം.

രാജ്യാന്തര വിപണിയിലെ എണ്ണവില, രാജ്യത്ത് എണ്ണവില സര്‍ക്കാര്‍ നിശ്ചയിക്കുന്ന സമ്പ്രദായം ഉപേക്ഷിച്ചത്, കാര്‍ഷിക–ഭക്ഷ്യ മേഖലയിലേക്കടക്കം കടന്നുകയറിയ ഊഹക്കച്ചവടം, നിത്യോപയോഗ സാധനങ്ങളുടെ കരിഞ്ചന്ത, പൂഴ്ത്തിവയ്പ്, പൊതുവിതരണത്തിലെ തകര്‍ച്ച എന്നിവയാണ് വിലക്കയറ്റത്തിനു കാരണം. ഇതാകട്ടെ കേന്ദ്രസര്‍ക്കാരിന്റെ നയംമൂലവുമാണ്. പലിശനിരക്ക് കുറച്ചാല്‍ വായ്പാപണം പലപ്പോഴും ഒഴുകുന്നത് ധനമൂലധനത്തിന്റെ ചൂതാട്ട വിപണികളിലേക്കാണ്. അല്ലാതെ, ഉല്‍പ്പാദനമേഖലകളിലേക്കോ അതുവഴി വിപണികളിലേക്കോ അല്ല. അപ്പോള്‍ അങ്ങനെയും വിലക്കയറ്റത്തിന് സാധ്യതയില്ല. സര്‍ക്കാരിന്റെ നയമാണ് പ്രശ്നം. അതു തിരുത്താന്‍ റിസര്‍വ്ബാങ്കിന് കഴിയില്ലല്ലോ.'ലക്ഷ്യം' സാധിക്കാന്‍പോകുന്നില്ലെന്ന് ഐഎംഎഫ് തുടക്കത്തില്‍ത്തന്നെ പറഞ്ഞതും കൂട്ടിവായിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top