02 December Monday

ആടിയുലഞ്ഞ് ഇന്ത്യൻ ഓഹരി വിപണി... സ്‌റ്റോക്ക്‌ റിവ്യൂ

കെ ബി ഉദയ ഭാനുUpdated: Sunday Oct 27, 2024

നാണയപെരുപ്പം കൈപ്പിടിയിൽ ഒതുക്കാൻ കേന്ദ്ര ബാങ്ക്‌ അൽപ്പം ക്ലേശിക്കേണ്ടി വരുമെന്ന വ്യക്തമായതോടെ വിദേശ നിക്ഷേപകർ പണം തിരിച്ചു പിടിക്കാൻ മത്സരിച്ചു. തുടർച്ചയായ നാലാം വാരത്തിലും വിദേശ ഓപ്പറേറ്റർമാരിൽ നിന്നുള്ള വിൽപ്പന സമ്മർദ്ദത്തിന്‌ മുന്നിൽ പിടിച്ചു നിൽക്കാനാവാതെ ഇന്ത്യൻ ഓഹരി വിപണി ആടിയുലയുകയാണ്‌. പിന്നിട്ടവാരം മുൻനിര ഇൻഡക്‌സുകൾ രണ്ടര ശതമാനം ഇടിഞ്ഞതോടെ ദീപാവലി മുഹൂർത്ത വ്യാപാരത്തോട്‌ അനുബന്ധിച്ച്‌ തിരിച്ചു വരവിനുള്ള സാധ്യതകൾക്കും മങ്ങലേറ്റു. ഒക്‌ടോബറിൽ വിദേശ ഫണ്ടുകൾ ഇതിനകം ഒരു ലക്ഷം കോടി രൂപയുടെ ഓഹരികളാണ്‌ വിറ്റഴിച്ചത്‌. സെൻസെക്‌സ്‌ 1822 പോയിന്റും നിഫ്‌റ്റി 673 പോയിന്റും പ്രതിവാര നഷ്‌ടത്തിലാണ്‌.

ഇസ്രയേൽ ഇറാനുനേരെ നടത്തിയ ബോംബാക്രമണം ഏഷ്യൻ മാർക്കറ്റുകളിൽ തിങ്കളാഴ്ച ഓപ്പണിങ്‌ വേളയിൽ ചാഞ്ചാട്ടം സൃഷ്‌ടിക്കാം. യൂറോപ്യൻ ഇൻഡക്‌സുകൾ കരുത്ത്‌ നിലനിർത്തുമെന്ന പ്രതീക്ഷയിലാണ്‌ ഫണ്ടുകൾ. അമേരിക്കയിൽ നാസ്‌ഡാക്‌ സൂചിക വാരാന്ത്യം സർവകാല റെക്കോർഡിലാണ്‌. പശ്ചിമേഷ്യയിൽ നിന്നുള്ള പ്രതികൂല വാർത്തകൾ ക്രൂഡ്‌ ഓയിൽ വിലക്കയറ്റ സാധ്യതകൾക്ക്‌ ശക്തിപകരും. പുതിയ സാഹചര്യത്തിൽ ക്രൂഡ്‌ ഓയിൽ ഇറക്കുമതി ചിലവ്‌ ഉയരും. ക്രൂഡ്‌ വില ബാരലിന്‌ 72 ഡോളറിൽ നിന്നും 75.86 വരെ ഉയർന്നു. സംഘർഷ സാധ്യതകൾ കണക്കിലെടുത്താൽ 84 ഡോളർ വരെ മുന്നേറാം.

ഫോറെക്‌സ്‌ മാർക്കറ്റിൽ രൂപ സർവകാല റെക്കോർഡ്‌ തകർച്ചയായ 84.08 ലാണ്‌. ഒരാഴ്‌ചയിൽ ഏറെയായ ഈ റേഞ്ചിൽ നിന്നും രൂപയെ ശക്തിപെടുത്താൻ കേന്ദ്ര ബാങ്ക്‌ കിണഞ്ഞ്‌ ശ്രമിക്കുകയാണെങ്കിലും വിദേശ ഫണ്ടുകൾ ഓഹരി വിറ്റ്‌ പണം ഡോളറാക്കാൻ തിടുക്കം കാണിക്കുന്നത്‌ രൂപയെ ദുർബലമാക്കി.

പണപ്പെരുപ്പം പുതിയ തലങ്ങളിലേയ്‌ക്ക്‌ നീങ്ങുമെന്ന സൂചനയാണ്‌ രൂപയുടെ മൂല്യ തകർച്ച വ്യക്തമാക്കുന്നത്‌. മുൻനിര ബാങ്ക്‌ ഓഹരിയായ ഇൻഡസ്‌ ബാങ്കിന്റെ നിരക്ക്‌ 22.69 ശതമാനം ഇടിഞ്ഞു. ബിപിസിഎൽ, അദാനി എന്റർപ്രെസസ്‌, ഹിൻഡാൽക്കോ ഓഹരി വിലകൾ പത്ത്‌ ശതമാനം താഴ്‌ന്നു. ടാറ്റാ സ്‌റ്റീൽ, ടാറ്റാ മോട്ടേഴ്‌സ്‌, മാരുതി, എം ആൻഡ് എം, ആർഐഎൽ, എച്ച്‌യുഎൽ, ഇൻഫോസീസ്‌, വിപ്രോ, ടിസിഎസ്‌, ഒഎൻജിസി, സൺ ഫാർമ്മ, ഡോ. റെഡീസ്‌, സിപ്ല, എച്ച്‌ ഡി എഫ്‌ സി ബാങ്ക്‌, ഐ സി ഐ സി ഐ ബാങ്ക്‌ ഓഹരികൾക്ക്‌ തിരിച്ചടി.

സെൻസെക്‌സ്‌ 81,224 ൽ നിന്നും 81,679 പോയിന്റ് വരെ മുന്നേറിയ ഘട്ടത്തിൽ വിദേശ ഓപ്പറേറ്റർമാർ ബ്ലൂചിപ്പ്‌ ഓഹരികളിൽ വിൽപ്പന സമ്മർദ്ദം സൃഷ്‌ടിച്ചത്‌. ഇതോടെ 80,000 ലെ നിർണായക താങ്ങും തകർത്ത്‌ വിപണി 79,144 ലേയ്‌ക്ക്‌ ഇടിഞ്ഞ ശേഷം മാർക്കറ്റ്‌ ക്ലോസിങിൽ 79,402 ലാണ്‌. നിഫ്‌റ്റി 24,935 പോയിന്റിൽ നീങ്ങിയ അവസരത്തിലാണ്‌ ഫണ്ടുകൾ ബാധ്യതകൾ പണമാക്കാൻ മത്സരിച്ചത്‌. ആഭ്യന്തര ഫണ്ടുകൾ തകർച്ച പിടിച്ചു നിർത്തി പണകിഴിയുമായി രംഗത്ത്‌ ഇറങ്ങിയെങ്കിലും സപ്പോർട്ടുകൾ ഓരോന്നായി തകർന്ന്‌ സൂചിക 24,075 ലേയ്‌ക്ക്‌ ഇടിഞ്ഞു. വൻ തകർച്ചയ്‌ക്ക്‌ ശേഷം വാരാന്ത്യം അൽപ്പം മെച്ചപ്പെട്ട്‌ 24,180 പോയിന്റിലാണ്‌. പിന്നിട്ട 19 പ്രവർത്തി ദിനങ്ങളിൽ എട്ട്‌ ശതമാനം തകർച്ചയിലാണ്‌ നിഫ്‌റ്റിക്ക്‌.

ഈവാരം വിപണിക്ക്‌ 23,858 ആദ്യ താങ്ങ്‌ പ്രതീക്ഷിക്കാം. ഇത്‌ വിൽപ്പന സമ്മർദ്ദത്തിൽ നിലനിർത്താനായില്ലെങ്കിൽ തിരുത്തൽ 23,536 വരെ തുടരാം. തിരിച്ചു വരവിന്‌ ശ്രമം നടത്തിയാലും തൽക്കാലം 24,718 ൽ പ്രതിരോധമുണ്ട്‌. വിദേശ ഫണ്ടുകൾ കഴിഞ്ഞവാരം 22,912 കോടി രൂപയുടെ
ഓഹരികൾ വിറ്റു. ഇതോടെ ഒക്‌ടോബറിലെ അവരുടെ മൊത്തം വിൽപ്പന 1.14,130.97 കോടി രൂപയായി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 23,175 കോടി രൂപയുടെ ഓഹരികൾ പോയവാരം ശേഖരിച്ചു. ഈ മാസത്തെ അവരുടെ മൊത്തം നിക്ഷേപം 97,351 കോടി രൂപയാണ്‌. സാർവദേശീയ വിപണിയിൽ സ്വർണം ശക്തമായ നിലയിലാണ്‌. ന്യൂയോർക്കിൽ ട്രോയ്‌ ഔൺസിന്‌ 2724 ഡോളറിൽ നിന്നും 2749 വരെ കയറി. പശ്ചിമേഷ്യൻ സംഘർഷാവസ്ഥ രൂക്ഷമാകുന്നത്‌ കണക്കിലെടുത്താൽ ആഗോള സ്വർണ വില 2800 ഡോളറിലേയ്‌ക്ക്‌ സഞ്ചരിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top