11 October Friday

നേട്ടം കൊയ്ത് ഇന്ത്യൻ ഓഹരി സൂചിക... സ്റ്റോക്ക് റിവ്യൂ

കെ ബി ഉദയ ഭാനുUpdated: Monday Sep 30, 2024

ഇന്ത്യൻ ഓഹരി സൂചിക തുടർച്ചയായ മൂന്നാം വാരവും നേട്ടത്തിൽ. വിദേശ ഫണ്ടുകൾ പല അവസരത്തിലും വിൽപ്പനയ്ക്ക് മുൻ തൂക്കം നൽകിയപ്പോൾ ആഭ്യന്തര ഫണ്ടുകൾ തുടർച്ചയായ ദിവസങ്ങളിൽ നിക്ഷപകരായി രംഗത്ത് നിറഞ്ഞു നിന്നു. ബോംബെ സെൻസെക്സ് 1027 പോയിന്റ്റും നിഫ്റ്റി സൂചികയ്ക്ക് 388 പോയിന്റ്റും പ്രതിവാര മികവിലാണ്. സെപ്റ്റംബറിൽ വിപണി അഞ്ച് ശതമാനം നേട്ടത്തിലാണ്. നടപ്പ് വർഷം മുൻ നിര ഇൻഡക്സുകൾ 18 മുതൽ 20 ശതമാനം വരെ ഉയർന്നു.  

ചൈനീസ് കേന്ദ്ര ബാങ്ക് പലിശ നിരക്ക് വാരാന്ത്യം കുറച്ച സാഹചര്യത്തിൽ തിങ്കളാഴ്ച്ച ഏഷ്യൻ വിപണികൾ നേട്ടത്തിൽ ഇടപാടുകൾക്ക് തുടക്കം കുറിക്കാം. ചൈനയിലെ ഹാങ്ഹായ് സൂചികയ്ക്ക് ഒപ്പം ഹോങ്ങ്കോങിൽ ഹാൻസെങ് സൂചികയും മികവ് കാണിച്ചാൽ കൊറിയൻ മാർക്കറ്റിലും മുന്നേറ്റത്തിന് സാധ്യത. ഇന്ത്യൻ വിപണി ബുള്ളിഷ് മൂഡിലാണെങ്കിലും ഈവാരം ഫണ്ടുകൾ ലാഭമെടുപ്പിന് നീക്കം നടത്താം.  
 
നിഫ്റ്റി വീണ്ടും റെക്കോർഡ് പുതുക്കി. വാരാരംഭത്തിൽ 25,790 റേഞ്ചിൽ നിലകൊണ്ട് സൂചിക പിന്നീട് 26,000 വും കടന്ന് സർവകാല റെക്കോർഡായ 26,277 പോയിന്റ്റ് വരെ കയറി. വാരാന്ത്യക്ലോസിങിൽ നിഫ്റ്റി 26,178 ലാണ്. ഡെയ്ലി ചാർട്ടിൽ വിപണി സാങ്കേതികമായി ബുള്ളിഷായത് കണക്കിലെടുത്താൽ നിലവിലെ റാലിക്ക് സൂചികയെ 26,354 ലേയ്ക്കും തുടർന്ന് 26,530 ലേയ്ക്കും ഉയർത്താനാവും. പിന്നിട്ട മൂന്നാഴ്ച്ചകളായി ഫണ്ടുകൾ കാര്യമായ ലാഭമെടുപ്പിന് നീക്കം നടത്താതെ നിക്ഷേപത്തിനാണ് ഉത്സാഹിച്ചത്, ആ നിലയ്ക്ക് ആഭ്യന്തര ഫണ്ടുകൾ പ്രോഫിറ്റ് ബുക്കിങായി ചിന്തിക്കാം. നിഫ്റ്റിക്ക് 25,925 ലും 25,672 ലും സപ്പോർട്ട് പ്രതീക്ഷിക്കാം.

നിഫ്റ്റി ഫ്യുച്ചറിൽ സെപ്റ്റംബർ സീരീസ് സെറ്റിൽമെന്റ്റിന് മുന്നോടിയായി ഊഹക്കച്ചവടക്കാൾ ഷോട്ട് കവറിങിന് നിർബന്ധിതരായി. ഇതിനിടയിൽ ബുള്ളിഷ് മനോഭാവം നിലനിർത്തി ഒക്ടോബർ സീരീസ് 25,767 ൽ നിന്നും 26,345 ലേയ്ക്ക് ചുവടുവെച്ചു. സെൻസെക്സ് റെക്കോർഡ് നേട്ടത്തിലാണ്. 83,300 പോയിന്റ്റിൽ ഇടപാടുകൾക്ക് തുടക്കം കുറിച്ച വിപണി ആദ്യം 84,696 ലെ റെക്കോർഡ് മറികടന്ന് പുതിയ റെക്കോർഡായ 85,978 പോയിന്റ് വരെയും മുന്നേറിയ ശേഷം ക്ലോസിങിൽ 85,571 പോയിന്റ്റിലാണ്. ഈവാരം വിപണിക്ക് 86,160 ലും 86,749 പോയിന്റ്റിലും പ്രതിരോധം നേരിടാം. അതേ സമയം ഉയർന്ന തലത്തിലെ പ്രോഫിറ്റ് ബുക്കിങിന് നിക്ഷേപകർ നീക്കം നടത്തിയാൽ 84,800 ലും 84,030 പോയിന്റ്റിലും താങ്ങ് പ്രതീക്ഷിക്കാം.  

ബി എസ് ഇ മിഡ് ക്യാപ്, ലാർജ് ക്യാപ്, സ്മോൾ ക്യാപ്   സൂചികൾ പുതിയ ഉയരത്തിലെത്തി. നിഫ്റ്റി മെറ്റൽ സൂചിക ഏഴ് ശതമാനവും നിഫ്റ്റി ഓയിൽ ആന്റ് ഗ്യാസ് സൂചിക അഞ്ച് ശതമാനവും നിഫ്റ്റി ഓട്ടോ സൂചിക നാല് ശതമാനവും പി എസ് യു ബാങ്ക് സൂചിക മുന്ന് ശതമാനവും ഉയർന്നു. മുൻ നിര ഓഹരികളായ ടാറ്റാ സ്റ്റീൽ, എം ആന്റ് എം, മാരുരി, ടാറ്റാ മോട്ടേഴ്സ്, എയർ ടെൽ, ഐ റ്റി സി, ആർ ഐ എൽ, സൺ ഫാർമ്മ, എസ് ബി ഐ, ആക്സിസ് ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, റ്റി സി എസ്, ഇൻഫോസീസ്, എച്ച് സി എൽ ഓഹരികളിൽ നിഷേപകർ താൽപര്യം കാണിച്ചു. ഐ സി ഐ സി ഐ ബാങ്ക്, ഇൻഡസ് ബാങ്ക്, എച്ച് യു എൽ ഓഹരികൾക്ക് തളർച്ചനേരിട്ടു.

ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം ഇടിഞ്ഞു. രൂപ 83.55 ൽ നിന്നും 83.80 ലേയ്ക്ക് ദുർബലമായ ശേഷം വാരാന്ത്യം 83.66 ലാണ്. വിദേശ ഇടപാടുകാർക്ക് ഒപ്പം എണ്ണ ഇറക്കുമതി കന്പനികളും ഡോളറിൽ കാണിച്ച ഉത്സാഹമാണ് മൂല്യം 83.80 ലേയ്ക്ക് ഇടിയാൻ കാരണം. ആഭ്യന്തര ഫണ്ടുകൾ അഞ്ച് ദിവസവും വാങ്ങലുകാരായി നിലകൊണ്ട് മൊത്തം 15,961.71 കോടി രൂപയുടെ ഓഹരികൾ വാങ്ങി. വിദേശ ഫണ്ടുകൾ 3932  കോടി രൂപയുടെ വിൽപ്പന നടത്തി. ന്യൂയോർക്കിൽ സ്വർണം പുതിയ തലത്തിലേയ്ക്ക് ഉയർന്നു. ട്രോയ് ഔൺസിന് 2621 ഡോളറിൽ നിന്നും 2675 ഡോളർ വരെ ഉയർന്ന് റെക്കോർഡ് സ്ഥാപിച്ച ശേഷം വാരാന്ത്യം 2658 ഡോളറിലാണ്.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top