17 September Tuesday

റെക്കോർഡ് പുതുക്കാനൊരുങ്ങി ഇന്ത്യൻ ഓഹരി വിപണി... സ്റ്റോക്ക് റിവ്യൂ

കെ ബി ഉദയ ഭാനുUpdated: Monday Aug 26, 2024

ഇന്ത്യൻ ഓഹരി വിപണി ഒരിക്കൽ കൂടി റെക്കോർഡ് പുതുക്കാനുള്ള തയ്യാറെടുപ്പിലാണ്. അമേരിക്കൻ കേന്ദ്ര ബാങ്ക് അടുത്ത മാസം പലിശ നിരക്കുകളിൽ ഭേദഗതികൾ പ്രഖ്യാപിക്കുമെന്ന സൂചനയിൽ വിദേശ നിക്ഷേപകർ ഡോളറിൽ താൽപര്യം കാണിക്കാതെ പുതിയ നിക്ഷേപങ്ങൾക്ക് ഉത്സാഹിച്ചു. ഇതിനിടയിൽ ആഭ്യന്തര ഫണ്ടുകൾ ആഗസ്റ്റിലെ അവരുടെ മൊത്തം നിക്ഷേപം 50,000 കോടി രൂപയിലേയ്ക്ക് ഉയർത്താനുള്ള തിരക്കിട്ട ശ്രമങ്ങൾ നടത്തുന്നത് കൂടി കണക്കിലെടുത്താൽ മുൻ നിര ഇൻഡക്സുകൾ പുതിയ ഉയരങ്ങളിലേയ്ക്ക് സഞ്ചരിക്കാം.

ആഗോള വിപണിയിലെ ചലനങ്ങൾ മുൻ നിർത്തി വിദേശ ഓപ്പറേറ്റർമാർ വിൽപ്പനതോത് കുറച്ച് വാരത്തിന്റ രണ്ടാം പകുതിയിൽ ബ്ലൂചിപ്പ് ഓഹരികളെ ശ്രദ്ധയമാക്കി. ബോംബെ സെൻസെക്സ് 650 പോയിന്റ്റും നിഫ്റ്റി 282 പോയിന്റ്റും ഉയർന്നു. ഫണ്ടുകൾ സംഘടിച്ചാൽ നിഫ്റ്റി സൂചിക 25,000 പോയിന്റ്റിന് മുകളിൽ ഇടം പിടിക്കും. റെഡി മാർക്കറ്റിലും ഫ്യൂച്വറിലും ബുൾ ഓപ്പറേറ്റർമാരുടെ സ്വാധീനം വർദ്ധിക്കുന്നത് വിപണിയുടെ അടിയോഴുക്കിൽ മാറ്റം സൃഷ്ടിക്കാം. അതേ സമയം വ്യാഴാഴ്ച്ച ആഗസ്റ്റ് സീരീസ് സെറ്റിൽമെന്റിന് വിപണി ഒരുങ്ങുകയാണ്. ഈ അവസരത്തിൽ ഊഹക്കച്ചവടക്കാരുടെ സ്വാധീനം വൻ ചാഞ്ചാട്ടങ്ങൾക്ക് കാരണമാകാം.

സെൻസെക്സ് പിന്നിട്ടവാരത്തിലെ 80,436 പോയിന്റ്റിൽ നിന്നും അൽപ്പം തളർച്ചയോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും പിന്നീട് കരുത്ത് നേടി 81,238 വരെ സഞ്ചരിച്ചു. വാരാന്ത്യം സെൻസെക്സ് 81,086 പോയിന്റ്റിലാണ്. സൂചികയ്ക്ക് ഈ വാരം 81,438 - 81,791 പോയിന്റ്റിൽ പ്രതിരോധവും 80,532  79,979 റേഞ്ചിൽ സാങ്കേതികമായി താങ്ങും പ്രതീക്ഷിക്കാം.

നിഫ്റ്റി 25,000 പോയിന്റ്റിന് മുകളിൽ സ്ഥിരത കണ്ടെത്താനുള്ള ശ്രമത്തിലാണ്. 24,541 പോയിന്റ്റിൽ നിന്നും ആദ്യ കുതിപ്പിൽ തന്നെ 24,698 ലെ പ്രതിരോധം തകർത്ത് 24,865 വരെ ഉയർന്ന ശേഷം വ്യാപാരാന്ത്യം 24,823 പോയിന്റ്റിലാണ്. സൂചികയുടെ ചലനങ്ങൾ വീക്ഷിച്ചാൽ 24,951 ലെ പ്രതിരോധം ഭേദിച്ചാൽ 25,078 ലെ റെക്കോർഡിലേയ്ക്കും തുടർന്ന് 25,095 പോയിന്റ്റിലേയ്ക്കും സൂചിക സഞ്ചരിക്കാം. ഈ വാരം താങ്ങ് 24,609 - 24,395 പോയിന്റ്റിലാണ്. മുൻ നിര ഓഹരിയായ ഡോ: റെഡീസ്, സൺ ഫാർമ്മ, ടാറ്റാ സ്റ്റീൽ, എച്ച് യു എൽ, ഇൻഡസ് ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, എസ് ബി ഐ, മാരുതി, ടാറ്റാ മോട്ടേഴ്സ്, എൽ ആന്റ് റ്റി, ആർ ഐ എൽ, എയർ ടെൽ ഇൻഫോസീസ്, റ്റി സി എസ് ഓഹരി വിലകൾ ഉയർന്നു.

വിദേശ ഓപ്പറേറ്റർമാർ ആദ്യ മൂന്ന് ദിവസങ്ങളിൽ 2524.16 കോടി രൂപയുടെ ഓഹരികൾ വിറ്റുശേഷം തുടർന്നുള്ള ദിവസങ്ങളിൽ 3316.27 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര ഫണ്ടുകൾ പിന്നിട്ടവാരം 13,020 കോടി രൂപ നിക്ഷേപിച്ചു. ക്രൂഡ് ഓയിലിന് തളർച്ച. പശ്ചിമേഷ്യൻ സംഘർഷവസ്ഥയ്ക്ക് അയവ് കണ്ടത് എണ്ണ വിലകുറയാൻ ഇടയാക്കി. വാരാരംഭത്തിൽ 79.65 ഡോളറിൽ നിന്നും 76.65 വരെ താഴ്ന്ന് ഇടപാടുകൾ നടന്നു. ന്യൂയോർക്കിൽ സ്വർണം ബുള്ളിഷ് മനോഭാവം നിലനിർത്തി. ട്രോയ് ഔൺസിന് 2506 ഡോളറിൽ നിന്നും 2527 ഡോളറിലെ റെക്കോർഡ് തകർത്ത് 2532 ഡോളർ വരെ കയറിയ ശേഷം വാരാന്ത്യം 2512 ഡോളറിലാണ്.  യു എസ് ഫെഡ് റിസർവ് അടുത്ത യോഗത്തിൽ പലിശ നിരക്കുകളിൽ ഭേദഗതി വരുത്തിയാൽ സ്വർണത്തിലെ വാങ്ങൽ താൽപര്യം ശക്തമാകും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top