21 September Saturday

തളർച്ച നേരിട്ട് ഏഷ്യൻ വിപണികൾ... സ്‌റ്റോക്ക്‌ റിവ്യൂ

കെ ബി ഉദയ ഭാനുUpdated: Monday Aug 5, 2024

പതിനാല്‌ വർഷത്തിനിടയിൽ ആദ്യമായി ഒൻപത്‌ ആഴ്‌ചകൾ തളർച്ച അറിയാതെ മുന്നേറി റെക്കോർഡ്‌ സൃഷ്‌ടിക്കാനുള്ള ഇന്ത്യൻ ഓഹരി വിപണിയുടെ ശ്രമത്തിന്‌ വിദേശ ഫണ്ടുകൾ തുരങ്കംവെച്ചു. അമേരിക്കൻ തൊഴിൽ മേഖലയിലെ മാന്ദ്യം ഉയർത്തി പിടിച്ചാണ്‌ അവർ സെൻസെക്‌സിനെയും നിഫ്‌റ്റി സൂചികയെയും സമ്മർദ്ദത്തിലാക്കിയത്‌. രാജ്യാന്തര ഫണ്ടുകൾ യുഎസ്‌ ‐യൂറോപ്യൻ വിപണികളിൽ വിൽപ്പനകാരുടെ മേലങ്കി അണിഞ്ഞത്‌ ജപ്പാനീസ്‌ വിപണിയായ നിക്കീയെയും പിടിച്ച്‌ ഉലച്ചു.

ബോംബെ സെൻസെക്‌സ്‌ 350 പോയിന്റും നിഫ്‌റ്റി 117 പോയിന്റും പിന്നിട്ട വാരം നഷ്‌ടത്തിലാണ്‌. വാരാവസാനം ഏഷ്യൻ വിപണികളെയും ബാധിച്ച ആഘാതം തിങ്കളാഴ്‌ച ഇൻഡക്‌സുകളെ വീണ്ടും പിടിച്ച്‌ ഉലക്കുമെന്ന ആശങ്ക നിക്ഷേപ മേഖലയിൽ നിലനിൽക്കുന്നു. സെൻസെക്‌സ്‌ റെക്കോർഡ്‌ പ്രകടനം കാഴ്‌ച്ചവെച്ച ശേഷമാണ്‌ തിരുത്തലിലേയ്‌ക്ക്‌ വഴുതിയത്‌. 81,332ൽ നിന്നും തുടക്കത്തിൽ 80,924 പോയിന്റിലേയ്‌ക്ക്‌ താഴ്‌ന്നങ്കിലും താഴ്‌ന്ന റേഞ്ചിൽ പുതിയ നിക്ഷേപകരുടെ വരവിൽ സൂചിക സർവകാല റെക്കോർഡായ 82,129 ലേയ്‌ക്ക്‌ ഉയർന്നു. മാർക്കറ്റ്‌ ക്ലോസിങിൽ സൂചിക 80,981 പോയിന്റിലാണ്‌.

വിപണിക്ക്‌ ഈ വാരം 81,784 - 82,587 റേഞ്ചിൽ പ്രതിരോധം തല ഉയർത്താം. ഉയർന്ന തലത്തിൽ ലാഭമെടുപ്പിന്‌ ഫണ്ടുകൾ മത്സരിച്ചാൽ 80,523– 80,065 ൽ താങ്ങ്‌ പ്രതീക്ഷിക്കാം. നിഫ്‌റ്റി സൂചിക 24,834 ൽ നിന്നും വാരത്തിന്റെ ആദ്യ പകുതിയിൽ 25,000 പോയിന്റ് കൈപ്പിടിയിൽ ഒതുക്കാൻ നടത്തിയ ആദ്യ ശ്രമം വിദേശഫണ്ടുകളുടെ വിൽപ്പന മൂലം നടന്നില്ല. സൂചിക 24,999 വരെ കയറിയ ശേഷം 24,777 ലേയ്‌ക്ക്‌ ഇടിഞ്ഞത്‌ അവസരമാക്കി ആഭ്യന്തര ഇടപാടുകാർ നിഷേപത്തിന്‌ കാണിച്ച ഉത്സാഹം റെക്കോർഡായ 25,000 പോയിന്റും കടന്ന്‌ 25,078 വരെ കുതിച്ചു. വാരാന്ത്യം വിപണി വിൽപ്പനക്കാരുടെ നിയന്ത്രണത്തിലായിരുന്നു. മാർക്കറ്റ്‌ ക്ലോസിങ്‌ സൂചിക 24,717 ലാണ്‌. ഈവാരം 24,576 പോയിന്റിലെ താങ്ങ്‌ കാത്ത്‌ സൂക്ഷിക്കാനായാൽ നിഫ്‌റ്റി 24,968 - 25,219 നെ ലക്ഷ്യമാക്കി ചുവടുവെക്കാം. എന്നാൽ ആദ്യ താങ്ങ്‌ നഷ്‌ടപ്പെട്ടാൽ 24,435  പോയിന്റിലേയ്‌ക്ക്‌ തിരുത്തൽ തുടരാം.

മുൻ നിര ഐ റ്റി ഓഹരിയായ ഇൻഫോസീസ്‌, ടെക്‌ മഹീന്ദ്ര, എച്ച്‌ സി എൽ ടെക്‌, റ്റി സി എസ്‌ തുടങ്ങിയവയ്‌ക്ക്‌ തിരിച്ചടി. ടാറ്റാ മോട്ടേഴ്‌സ്‌, എം ആൻറ്‌ എം, ആർ ഐ എൽ, എസ്‌ ബി ഐ, ഐ സി ഐ സി ഐ ബാങ്ക്‌, എച്ച്‌ യു എൽ, ടാറ്റാ സ്‌റ്റീൽ ഓഹരികൾക്കും തളർച്ച. വാരാന്ത്യം  വിപണിക്ക്‌ നേരിട്ട തളർച്ചയിൽ മുൻ നിരയിലുള്ള പത്ത്‌ കമ്പനികളിൽ എട്ടിനും തിരിച്ചടി. വിപണി മൂല്യത്തിൽ മൊത്തം 1,28,913 കോടി രൂപയുടെ ഇടിവ്‌. മുൻ നിര ഐ റ്റി ഓഹരികളായ റ്റി സി എസ്‌, ഇൻഫോസീസ്‌ എന്നിവയ്‌ക്ക്‌ എറ്റവും കണത്ത പ്രഹരം. രൂപ 83.69 ൽ നിന്നും 83.88 ലേയ്‌ക്ക്‌ ദുർബലമായ വേളയിൽ റിസർവ്‌ ബാങ്ക്‌ വിപണി ഇടപെടൽ നടത്തിയത്‌ വൻ തകർച്ചയിൽ നിന്നും രൂപയെ താങ്ങി. വാരാന്ത്യം മൂല്യം അൽപ്പം മെച്ചപ്പെട്ട്‌ 83.75 ലാണ്‌. ഈ വാരം 83.90 ലെ പ്രതിരോധം തകർന്നാൽ 84 ലേയ്‌ക്ക്‌ രൂപ ദുർബലമാകാം. രൂപ കരുത്ത്‌ നേടിയാൽ 83.60 ൽ തടസമുണ്ട്‌. വിദേശ ഫണ്ടുകൾ 14,844 കോടി രൂപയുടെ ഓഹരികൾ വിൽപ്പന നടത്തിയപ്പോൾ ആഭ്യന്തര ഫണ്ടുകൾ മൊത്തം 11,896 കോടി രൂപയുടെ നിക്ഷേപത്തിന്‌ മത്സരിച്ചു.

ക്രൂഡ്‌ ഓയിൽ തുടർച്ചയായ നാലാം വാരത്തിലും തളർച്ചയിൽ. ചൈനയിലും മറ്റ്‌ ചില രാജ്യങ്ങളിലും ഇന്ധന ആവശ്യം കുറഞ്ഞത്‌  മദ്ധ്യപൂർവേഷ്യയിലെ ഉൽപാദകരെ ആശങ്കയിലാക്കി. ഇന്ത്യൻ എണ്ണ കമ്പനികൾ റഷ്യൻ ക്രൂഡിനെയാണ്‌ കൂടുതായി ആശ്രയിക്കുന്നത്‌. എണ്ണ വില ബാരലിന്‌ 77.39 ഡോളർ.

സാർവദേശീയ വിപണിയിൽ സ്വർണ വില ട്രോയ്‌ ഔൺസിന്‌ 2386 ഡോളറിൽ നിന്നും 2478 ഡോളർ വരെ ഉയർന്ന ശേഷം വാരാന്ത്യം 2442ലാണ്‌. വിപണിയുടെ ചലനങ്ങൾ സാങ്കേതികമായി വിലയിരുത്തിയാൽ 2353 ഡോളറിലെ താങ്ങ്‌ നിലനിൽക്കുവോളം 2527 ഡോളർ വരെ മുന്നേറാൻ സാധ്യത


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top