09 September Monday

ഓഹരി ഇൻഡക്‌സുകളിൽ അലയടിച്ച് ബുൾ തരംഗം

കെ ബി ഉദയ ഭാനുUpdated: Sunday Sep 17, 2023

ഓഹരി ഇൻഡക്സുകളിൽ അലയടിച്ച ബുൾ തരംഗം പ്രദേശിക ഇടപാടുകാരെയും വിപണിയിലേയ്ക്ക് ആകർഷിക്കാൻ അവസരം ഒരുക്കി. ബ്ലൂചിപ്പ് ഓഹരികൾക്കായി ധനകാര്യസ്ഥാപനങ്ങൾ മത്സരിച്ചപ്പോൾ ബാങ്കിംങ്, ഐ റ്റി, ഓട്ടോ വിഭാഗങ്ങളിൽ ആഭ്യന്തര ഇടപാടുകാർ ശ്രദ്ധചെലുത്തി. നിഫ്റ്റി സൂചിക 372 പോയിൻറ്റും ബോംബെ സെൻസെക്സ് 1239 പോയിൻറ്റും പിന്നിട്ടവാരം ഉയർന്നു. എൻ എസ് ഇ നാലാഴ്ച്ചകളിൽ 757 പോയിൻറ്റും ബി എസ് ഇ 2436 പോയിൻറ്റും മുന്നേറി. നടപ്പ് വർഷം സെപ്റ്റംബർ 15 വരെയുള്ള ഒമ്പത് മാസകാലയളവിൽ സെൻസക്സ് 6997 പോയിൻറ്റും നിഫ്റ്റി 2087 പോയിൻറ്റും നേട്ടത്തിലാണന്നത് കണക്കിലെടുത്താൽ ഇന്ന് ഓപ്പണിങ് വേളയിൽ സൂചിക പുതിയ തലങ്ങളിലേയ്ക്ക് ചുവടുവെക്കാം.
 
വിദേശ ഓപ്പറേറ്റർമാർ പിന്നിട്ടവാരം 2679 കോടി രൂപയുടെ വിൽപ്പനയും 1932 കോടി രൂപയുടെ നിക്ഷേപവും നടത്തി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 3414 കോടി രൂപയുടെ ഓഹരി   ശേഖരിച്ചു. ഇതിനിടയിൽ അവർ 51 കോടി രൂപയുടെ വിൽപ്പനയും നടത്തി. യു എസ് ഫെഡ് റിസർവ് ഈ വാരം വായ്പ്പാ അവലോകനത്തിന് ഒത്ത് ചേരും. പലിശ നിരക്കുകൾ സ്റ്റെഡിയായി നിലനിർത്താനാണ് സാധ്യതയെങ്കിലും ഡിസംബറിന് മുന്നേ നിരക്കുകളിൽ ഭേദഗതി വരുത്താൻ ഇടയുണ്ട്.

ചരിത്രം തിരുത്തിയ ആവേശത്തിലാണ് ബോംബെ സെൻസെക്സ്. 66,662 പോയിൻറ്റിൽ ഓപ്പൺ ചെയ്ത മാർക്കറ്റ് തളർച്ച അറിയാതെയാണ് ഓരോ ദിവസവും മുന്നേറിയത്. ഇതിനിടയിൽ വാരാന്ത്യമായപ്പോൾ 11 ദിവസങ്ങളിൽ തുടർച്ചയായി മുന്നേറിയ പുതിയ റെക്കോർഡ് വിപണി സ്ഥാപിച്ചു. വാരാന്ത്യം 67,927 വരെ ഉയർന്ന ശേഷം ക്ലോസിങിൽ സൂചിക 67,838 പോയിൻറ്റിലാണ്. ഇതിനിടയിൽ തളർച്ച അറിയാതെ പതിനൊന്ന് ദിവസങ്ങളിൽ തുടർച്ചയായി സെൻസെക്സ് ഉയർന്നു.

19,819 ൽ നിന്നും നിഫ്റ്റി സുചിക റെക്കോർഡായ 19,991 മറികടന്ന് ചരിത്രത്തിൽ ആദ്യമായി 20,000 ആദ്യ പ്രവേശിച്ചു. വിപണിയിലെ  ബുൾ റാലിയിൽ സൂചിക 20,222 വരെ ഉയർന്ന ശേഷം ക്ലോസിങിൽ നിഫ്റ്റി 20,192 പോയിൻറ്റിലാണ്. ഈവാരം 20,320 ലെ ആദ്യ പ്രതിരോധം തകർക്കാനായാൽ അടുത്ത ചുവടിൽ 20,449 പോയിൻറ് കൈപിടിയിൽ ഒരുക്കാനാവും. 19,964 - 19,737 ൽ വിപണിക്ക് താങ്ങുണ്ട്. വിനിമയ വിപണിയിൽ രൂപയ്ക്ക് മൂല്യ  തകർച്ച. ഡോളറിന് മുന്നിൽ രൂപ 82.94 ൽ നിന്നും 83 ലേയ്ക്ക് നീങ്ങുന്നത് കണ്ട് ആർ ബി ഐ കരുതൽ ശേഖരത്തിൽ നിന്നും ഡോളർ ഇറക്കി  മൂല്യതകർച്ച തടയാൻ ശ്രമം നടത്തിയെങ്കിലും ഇതിനെയെല്ലാം മറികടന്ന് വിനിമയ നിരക്ക് 83.21 വരെ ദുർബലമായ ശേഷം വാരാന്ത്യം 83.19 ലാണ്. രൂപയ്ക്ക് 25 പൈസയുടെ തകർച്ച.

എണ്ണ വിപണിയിലെ ചലനങ്ങൾ പരിശോധിച്ചാൽ വിനിമയ മൂല്യം 84.50 ലേയ്ക്ക് ഇടിയാം.  രാജ്യാന്തര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില ബാരലിന് 94 ഡോളറായി ഉയർന്നു. ബജാജ് ഓട്ടോ ഓഹരി വില 7.79 ശതമാനം ഉയർന്നു. മുൻ നിര ഐ റ്റി ഓഹരികളായ ഇൻഫോസീസ്, വിപ്രോ, റ്റി സി എസ്, എച്ച് സി എൽ ടെക് തുടങ്ങിയവയിൽ നിക്ഷേപകർ താൽപര്യം കാണിച്ചു. എസ് ബി ഐ, ഇൻഡസ് ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, ടാറ്റാ മോട്ടേഴ്സ്, മാരുതി, എം ആൻറ് എം, സൺ ഫാർമ്മ, ടാറ്റാ സ്റ്റീൽ, ഐ റ്റി സി തുടങ്ങിയവയും മികവിൽ. സ്വർണം ഔൺസിന് 1918 ഡോളറിൽ നിന്നും 1931 ഡോളർ വരെ മുന്നേറിയെങ്കിലും വ്യാപാരാന്ത്യം 1924 ലാണ്. രാജ്യാന്തര ക്രൂഡ് ഓയിൽ വില ബാരലിന് 94 ഡോളറായി ഉയർന്നു.
 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top