28 September Thursday

വീഴ്‌ച‌യിൽ നിന്ന് മോചനമില്ലാതെ ഇന്ത്യൻ മാർക്കറ്റ്

കെ ബി ഉദയ ഭാനുUpdated: Sunday Feb 19, 2023

ഹിൻഡൻബർഗ് തൊടുത്തു വിട്ട നാഗാസ്‌ത്ര‌‌ത്തിന്റ മയക്കത്തിൽ നിന്നും ഇന്ത്യൻ മാർക്കറ്റ് ഇനിയും മോചനം നേടിയില്ല. ധനമന്ത്രി എത്തിച്ച മൃതസജീവനിക്കിടയിൽ അദാനി ഗ്രൂപ്പ് ചെയർമാന്റെ സഹോദരന് എതിരെ പുതിയ അസ്‌ത്രം ഹിൻഡൻബർഗ് പ്രയോഗിച്ചു. ഇത്തവണ സിംഗപ്പുർ മാർക്കറ്റിനെയാണ് അവർ ലക്ഷ്യം വെച്ചതെങ്കിലും അതിന്റ്റ തിരിച്ചടി ഇന്ത്യയിലും പ്രതിഫലിക്കും.

അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഒരാൾ സിംഗപ്പുർ സ്ഥാപനത്തിലുടെ  240 മില്യൺ ഡോളറിന് റഷ്യൻ ബാങ്കിൽ അദാനി ഓഹരികൾ പണയപെടുത്തിയ വിവരം ഫോബ്‌സ് പുറത്തുവിട്ടു. എന്തായാലും പ്രതിസന്ധികൾ ഒന്നിന് പുറകെ ഒന്നായി തല ഉയർത്തുന്നത് നിക്ഷേപകരെ സമ്മർദ്ദത്തിലാക്കാം. ആഭ്യന്തരവിദേശ ഫണ്ടുകൾ മുൻ നിര ഓഹരികൾ സ്വന്തമാക്കാൻ ഈവർഷം ഇതാദ്യമായി ഒന്നിച്ച് വിപണിയെ സമീപിച്ചിട്ടും ഇന്ത്യൻ മാർക്കറ്റിന് തിരിച്ചടിനേരിട്ടു. ബോംബെ  സെൻസെക്‌സ് 317 പോയിന്റ്റും നിഫ്‌റ്റി 91 പോയിന്റെ പ്രതിവാര നഷ്‌ടത്തിലാണ്.

അവധി വ്യാപാരത്തിൽ ഫണ്ടുകൾ ഷോട്ട് കവറിങിന് കാണിച്ച തിടുക്കം വാരമദ്ധ്യം മുതൽ സൂചികയിൽ മുന്നേറ്റം സൃഷ്ടിച്ചു. എന്നാൽ ഉയർന്ന തലത്തിൽ പുതിയ ബയ്യർമാരുടെ അഭാവം വാരാന്ത്യം വിപണിയെ വിൽപ്പനകാരുടെ പിടിയിലാക്കി. അദാനി ഗ്രൂപ്പിലെ പ്രതിസന്ധി കണ്ട് രണ്ടാഴ്ച്ച മുൻപ് വിദേശ ഫണ്ടുകൾ കനത്തതോതിൽ ഷോർട്ട് പൊസിഷനുകൾ സൃഷ്‌ടിച്ചിരുന്നു. എന്നാൽ സെറ്റിൽമെന്റ് ദിനം അടുത്തതോടെ ബാധ്യതകൾ കുറക്കാൻ ഊഹക്കച്ചവടക്കാർ പരക്കം പാഞ്ഞു.

മുൻ നിര ഓഹരിയായ ടെക് മഹീന്ദ്രയുടെ വില പത്ത് ശതമാനം ഉയർന്നു. ആർ ഐ എൽ നാലര ശതമാനം കയറി. ടാറ്റാ സ്റ്റീൽ, ഐ റ്റി സി, എൽ ആന്റ് റ്റി, എയർ ടെൽ, ഐ സി ഐ സി ഐ ബാങ്ക്, എച്ച് ഡി എഫ് സി, വിപ്രോ തുടങ്ങിയ മികവ് കാണിച്ചു. എച്ച് യു എൽ, സൺ ഫാർമ്മ, എസ് ബി ഐ, ആക്‌സിസ് ബാങ്ക്, ടാറ്റാ മോട്ടേഴ്‌സ്, എം ആന്റ് എം, ഇൻഫോസീസ്, റ്റി സി എസ്, എച്ച് സി എൽ ടെക് തുടങ്ങിയവയുടെ നിരക്ക് താഴ്ന്നു. വാങ്ങലുകാരും വിൽപ്പനക്കാരും വാരമദ്ധ്യം മുതൽ ശക്തമായ മത്സരത്തിലായിരുന്നു. ബോംബെ സെൻസെക്‌സ് 60,682 പോയിന്റ്റിൽ നിന്നും വാരത്തിന്റ ആദ്യ പകുതിയിൽ 60,245 ലേയ്ക്ക് താഴ്ന്ന ശേഷമുള്ള തിരിച്ചു വരവിൽ 61,686 വരെ മുന്നേറിയെങ്കിലും ഈറേഞ്ചിൽ അധിക നേരം പിടിച്ചു നിൽക്കാനായില്ല. വെളളിയാഴ്ച്ച 60,810 ലേയ്‌ക്ക് ഇടിഞ്ഞങ്കിലും ക്ലോസിങിൽ മുൻവാരം വ്യക്തമാക്കിയ 61,000 ലെ ആദ്യ പ്രതിരോധം രണ്ട് പോയിന്റ്റിന് മറികടന്ന് 61,002 ൽ വ്യാപാരം അവസാനിച്ചു.

ബുൾ ഇടപാടുകാരുടെ ആത്മവിശ്വാസം ഉയർത്തുന്ന ക്ലോസിങ് കാഴ്ച്ചവെക്കാൻ സെൻസെക്‌സിനായി. സൂചികയുടെ സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ 61,350 റേഞ്ചിലേയ്‌ക്ക് വിപണിയുടെ ദൃഷ്‌ടി തിരിയാം. അതേ സമയം വിദേശ ഓപ്പറേറ്റർമാർ വീണ്ടും വിൽപ്പനയിലേയ്‌ക്ക് തിരിഞ്ഞാൽ 60,270 ൽ സപ്പോർട്ടുണ്ട്. നിഫ്‌റ്റി സൂചിക 17,856 ൽ നിന്നും തുടക്കത്തിൽ 17,720 ലേയ്‌ക്ക് താഴ്ന്നത് അവസരമാക്കി ഓപ്പറേറ്റർമാർ ഷോട്ട് കവറിങിന് ഉത്സാഹിച്ചതോടെ നിഫ്‌റ്റി 18,000 വും കടന്ന് 18,134 വരെ ഉയർന്നെങ്കിലും വ്യാപാരാന്ത്യം കരുത്ത് നിലനിർത്താനാവാതെ 17,944 പോയിന്റ്റിലേയ്‌ക്ക് തളർന്നു. വിദേശ ഫണ്ടുകൾ മൊത്തം 4630 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു, വെളളിയാഴ്ച്ച അവർ 625 കോടിയുടെ വിൽപ്പന നടത്തി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ നാല് ദിവസങ്ങളിലായി 2821 കോടി രൂപ നിക്ഷേപിച്ചെങ്കിലും വാരാന്ത്യം 85 കോടിയുടെ ഓഹരികൾ വിറ്റു.

രൂപയ്‌ക്ക് വീണ്ടും മൂല്യ തകർച്ചു. ഡോളറിന് മുന്നിൽ 82.51 ൽ വ്യാപാരം തുടങ്ങിയ രൂപ ഒരവസരത്തിൽ 82.99 ലേയ്‌ക്ക് ദുർബലമായയെങ്കിലും ക്ലോസിങിൽ 82.82 ലാണ്. മാസാന്ത്യം അടുത്തതിനാൽ എണ്ണ കന്പനികൾ ഡോളറിൽ പിടിമുറുക്കിയാൽ രൂപ 83.02 ലേയ്‌ക്കും തുടർന്ന് 83.28 ലേയ്‌ക്ക് ദുർബലമാകാം. രൂപയുടെ മുഖം മിനുക്കാൻ ആർ ബി ഐ രംഗത്ത് ഇറങ്ങാനുമിടുണ്ട്.  

വിദേശ നാണയ കരുതൽ ധനത്തിൽ  പതിനൊന്ന് മാസത്തിലെ ഏറ്റവും കനത്ത ഇടിവ്. ഫെബ്രുവരി രണ്ടാം വാരം കരുതൽ ശേഖരം 566.95 ബില്യൺ ഡോളറായി താഴ്ന്നു, തൊട്ട് മുൻവാരം ഇത് 575.27 ബില്യൺ ഡോളറിലായിരുന്നു. ന്യൂയോർക്കിൽ സ്വർണത്തിന് തളർച്ച. ട്രോയ് ഔൺസിന് 1865 ഡോളറിൽ നിന്നും 1818 വരെ ഇടിഞ്ഞ ശേഷം 1842 ഡോളറിലാണ്. ജനുവരിയിൽ ഇന്ത്യയിലേയ്‌ക്കുള്ള സ്വർണ ഇറക്കുമതിയിൽ 76 ശതമാനം ഇടിവ്. പിന്നിട്ട മാസം ആകെ 11 ടൺ സ്വർണമാണ് ഇറക്കുമതി. ബജറ്റിൽ ഡ്യൂട്ടി കുറക്കുമെന്ന കണക്ക് കൂട്ടലിൽ വൻകിടക്കാർ ഇറക്കുമതിക്ക് താൽപര്യം കാണിച്ചില്ല. 2022 ജനുവരിയിൽ വരവ് 45 ടണ്ണായിരുന്നു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top