28 October Wednesday

ഐടി രംഗത്ത് സര്‍ക്കാര്‍ ലക്ഷ്യം സമ്പൂര്‍ണ സ്റ്റാര്‍ട്ടപ്പ് മികവ്

സഞ്ജയ് വിജയകുമാര്‍Updated: Sunday May 28, 2017

സ്റ്റാര്‍ട്ടപ്പ് പദ്ധതിയിലൂടെ 25 ലക്ഷം തൊഴിലവസരം ഒരുക്കുമെന്ന സംസ്ഥാനസര്‍ക്കാരിന്റെ പ്രഖ്യാപനം  കാലഘട്ടത്തിന്റെ ആവശ്യമാണ്. ഐടി മേഖലയില്‍ ദേശീയതലത്തില്‍ ഒന്നരപ്പതിറ്റാണ്ടോളമായി നാലുക്ഷത്തോളം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയിരുന്നത് അടുത്തവര്‍ഷംമുതല്‍ ഒരുലക്ഷമായി ചുരുങ്ങിയേക്കും.  ഈ അവസരത്തില്‍ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രസക്തി ഏറെയാണ്്. സര്‍ക്കാരിന്റെ പ്രഖ്യാപനം ഇതോടൊപ്പം ചേര്‍ത്തുവായിക്കാം. മാറിയ സാഹചര്യത്തില്‍ ഐടി രംഗത്ത് തൊഴിലവസരം സൃഷ്ടിക്കാനുള്ള ധീരമായ നടപടിയാണിത്്.

സഞ്ജയ് വിജയകുമാര്‍

സഞ്ജയ് വിജയകുമാര്‍

ഇവിടെ രണ്ടു കാര്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. ഒന്ന്, യുവാക്കളുടെ കഴിവുപയോഗിച്ച് കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുക. രണ്ടാമതായി സ്കൂള്‍തലത്തില്‍ റാസ്ബെറിപൈപോലുള്ള ഇലക്ട്രോണിക് കിറ്റുകള്‍ കുട്ടികള്‍ക്കു നല്‍കി കംപ്യൂട്ടര്‍ കോഡിങ്ങും മറ്റും ചെറുപ്രായത്തില്‍ അവരെ പരിശീലിപ്പിക്കുക. അവരില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ ഭാവിയില്‍  എന്‍ജിനിയറിങ് കോളേജുകളില്‍ പ്രാവര്‍ത്തികമാക്കാനാകും. സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴില്‍ ഇതിനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു.  ഈ ചുവടുവയ്പിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ ഹാര്‍ഡ്വെയര്‍ ഇക്കോസിസ്റ്റം കേരളത്തിന് സ്വന്തമാക്കാനാകും.

ചൈനയിലും മറ്റും ഉള്ളതുപോലെ ഇലക്ട്രോണിക് ഹാര്‍ഡ്വെയറുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന രീതി നമ്മുടെ സംസ്ഥാനത്തും  അധികംകഴിയാതെ പ്രാവര്‍ത്തികമാകും. എന്നാല്‍ ഇതിനാവശ്യമായ ഉപകരണങ്ങള്‍ വളരെ ചെലവേറിയതാണ്. നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇത് താങ്ങാനാവില്ലെന്ന പ്രശ്നം പരിഹരിക്കുന്നതിനായി അമേരിക്കയിലെ മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സാങ്കേതിക സര്‍വകലാശാലയുമായി ചേര്‍ന്ന് കൊച്ചിയിലും തിരുവനന്തപുരത്തും ഹാര്‍ഡ്വെയര്‍ ലാബുകള്‍ (ഫാബ് ലാബ്) ആരംഭിച്ചുകഴിഞ്ഞു. കുറേപേര്‍ ഇവിടെ പരിശീലനം പൂര്‍ത്തിയാക്കി.

ഇത് കൂടുതല്‍ പേരിലെക്ക് എത്തിക്കാന്‍ ഈ അധ്യയനവര്‍ഷം 20 എന്‍ജിനിയറിങ് കോളേജുകളില്‍ മിനി ഫാബ് ലാബുകള്‍ ആരംഭിക്കും. അടുത്തവര്‍ഷം 50 കോളേജുകളിലേക്കുകൂടി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ഇതോടെ വിദ്യാര്‍ഥികള്‍ക്ക് സ്വന്തം ആശയങ്ങള്‍ക്ക് രൂപംനല്‍കാനുള്ള ഉപകരണങ്ങള്‍ ഫാബ് ലാബുകളില്‍ ലഭ്യമാകും. ഈ സൌകര്യം ഇന്ത്യയിലെവിടെയും ഇപ്പോഴില്ല. അടുത്തഘട്ടത്തില്‍ കോളേജുകളില്‍ സംരംഭകത്വത്തെക്കുറിച്ച് അധികയോഗ്യത നേടാനാകും. ഇതെല്ലാം കുട്ടികളുടെ തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കും.

സ്റ്റാര്‍ട്ടപ്പ് മേഖലയിലെ പോരായ്മ വിദഗ്ധ ഉപദേശകരില്ലെന്നതാണ്്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സാങ്കേതിക വിദഗ്ധരുടെ സേവനം കുട്ടികള്‍ക്ക് പ്രാപ്യമാക്കാന്‍ കോളേജുകളില്‍ അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ഈ ശൃംഖല പൂര്‍ത്തിയാകുന്നതോടെ ഏതു വിദഗ്ധരെയും ഓണ്‍ലൈന്‍ പ്ളാറ്റ്ഫോമില്‍ കൊണ്ടുവരുന്നതിനും സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും കഴിയും. തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് സിലിക്കണ്‍വാലി സന്ദര്‍ശിക്കുന്നതിന് അവസരമൊരുക്കുന്നത് മറ്റുള്ളവര്‍ക്ക് കൂടുതല്‍ പ്രചോദനം പകരും. ജൂണ്‍ 17 മുതല്‍ 24 വരെയാണ് സിലിക്കോണ്‍ സന്ദര്‍ശനം. 

കലാലയത്തില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭം പ്രോത്സാഹിപ്പിക്കുന്നതിനായി 20 കോടി രൂപയുടെ സീഡ് ഫണ്ടും സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. കൊച്ചി കളമശേരിയിലെ ടെക്നോളജി ഇന്നവേഷന്‍ സോണ്‍ മൂന്നുലക്ഷം ചതുരശ്ര അടിയാക്കാനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുയാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ 1000 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇവിടെ പ്രവര്‍ത്തിക്കാനാകും. നമ്മുടെ യുവാക്കള്‍ തൊഴില്‍തേടി ബംഗളൂരുവിലേക്കും മറ്റും പോകുന്ന പ്രവണത ഒഴിവാക്കാനുമാകും.

ലേഖകന്‍ കൊച്ചിയിലെ എസ്വി കോ (സ്റ്റാര്‍ട്ടപ്പ് വില്ലേജ്)ചെയര്‍മാനും മോബ്മീ സ്ഥാപകനുമാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top