ആഗോളവിപണിയിൽ റബർ മികവിന് ശ്രമംതുടങ്ങിയത് ഏഷ്യൻ റബർ ഉൽപ്പദക രാജ്യങ്ങൾക്ക് പ്രതീക്ഷ പകർന്നു. ആഭ്യന്തര അന്വേഷണങ്ങളുടെ അഭാവം കുരുമുളകിനെ വീണ്ടും തളർത്തി. നാളികേരോൽപ്പന്നങ്ങൾക്ക് മുന്നേറാനായില്ല. ചുക്കുവരവ് ചുരുങ്ങി, വിലക്കയറ്റത്തിന് സാധ്യത. സ്വർണവിലയിൽ ഉയർച്ച.
രാജ്യാന്തര വിപണിയിൽ റബർ നേട്ടത്തിലേക്കു തിരിയുമെന്ന സൂചനകൾ ഇന്ത്യൻ ടയർ വ്യവസായികളെ ആഭ്യന്തര മാർക്കറ്റിൽ സജീവമാക്കി. വേനൽമഴ സജീവമെങ്കിലും റബർ ടാപ്പിങ്ങിന് താൽപ്പര്യം കാണിക്കാതെ ഉൽപ്പാദകർ തോട്ടങ്ങളിൽനിന്ന് വിട്ടുനിന്നത് വ്യവസായികളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. ഷീറ്റിന്റെ താഴ്ന്ന വിലയാണ് റബർവെട്ടിൽനിന്ന് കർഷകരെ പിന്തിരിപ്പിക്കുന്നത്.
കൊച്ചി, കോട്ടയം, മലബാർ വിപണി ഷീറ്റ്വരവ് നാമമാത്രമാണ്. ഉൽപ്പാദകരുടെയും സ്റ്റോക്കിസ്റ്റുകളുടെയും കൈവശം കാര്യമായി ചരക്കില്ല. അതുകൊണ്ടു തന്നെ വിദേശത്തെ ഉണർവ് ആഭ്യന്തര മാർക്കറ്റിനെ ചൂടുപിടിപ്പിക്കാൻ ഇടയാക്കുമെന്ന ഭീതിയും വ്യവസായികളിലുണ്ട്. വാരത്തിന്റെ തുടക്കത്തിൽ 12,000 രൂപയിൽ ഇടപാടുകൾ നടന്ന ആർഎസ്എസ് നാലാം ഗ്രേഡ് ഷീറ്റ് 12,200 ലേക്ക് കയറി. അഞ്ചാം ഗ്രേഡ് 12,000ൽ വിപണനം നടന്നു. യെന്നിന്റെ വിനിമയമൂല്യത്തിലെ മാന്ദ്യം ജപ്പാനിൽ റബറിന് പിന്തുണ നൽകിയപ്പോൾ ഏപ്രിൽ വാഹനവിൽപ്പന കണക്കുകൾ ചൈനീസ് മാർക്കറ്റിൽ റബറിന് ശക്തിപകർന്നു. ചൈനയിൽ വാഹനവിൽപ്പന 11 ശതമാനം വർധിച്ചു. ഇത് വരുംമാസങ്ങളിൽ ടയറിന് ഡിമാൻഡ‌് ഉയർത്തും.
ആഭ്യന്തര വാങ്ങലുകാരുടെ അഭാവംമൂലം പിന്നിട്ടവാരം കുരുമുളകിന് 600 രൂപ ഇടിഞ്ഞു. ഉത്തരേന്ത്യൻ വ്യാപാരികൾ കേരളത്തിൽനിന്നുള്ള ചരക്കു സംഭരണം കുറച്ച് കർണാടകത്തിലേക്ക‌് ശ്രദ്ധതിരിച്ചതും വിപണിയെ ബാധിച്ചു. കൊച്ചിയിൽ മുളകുവരവ് ചുരുങ്ങിയിട്ടും വിലയിടിവ‌് പിടിച്ചുനിർത്താനായില്ല. അന്തർ സംസ്ഥാന വ്യാപാരികൾ രംഗത്ത് തിരിച്ചെത്തിയാൽ വില ഉയരുമെന്ന കണക്കുകൂട്ടലിലാണ് ഒരുവിഭാഗം വ്യാപാരികൾ.
വിനിമയ വിപണിയിൽ രൂപയുടെ മൂല്യം താഴ്ന്നത് വിദേശ കച്ചവടങ്ങൾക്ക് സാഹചര്യം ഒരുക്കുമെന്ന് ഒരുവിഭാഗം കയറ്റുമതിക്കാർ കണക്കു കൂട്ടി. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 36,000 രൂപയിലും ഗാർബിൾഡ് 38,000 രൂപയിലുമാണ്.
നാളികേരോൽപ്പന്നങ്ങളുടെ നിരക്ക് കുറഞ്ഞു. വെളിച്ചെണ്ണയുടെ ഉയർന്ന വില വിൽപ്പനയെ ബാധിച്ചതിനിടയിൽ മില്ലുകാർ സ്റ്റോക്ക് വിറ്റഴിക്കാൻ തിടുക്കംകാണിച്ചു. കൊച്ചിയിൽ എണ്ണവില 18,400 ൽനിന്ന് 18,300 രൂപയായി. കൊപ്ര വില 12,210 രൂപ.സ്വർണ വില ഉയർന്നു. ആഭരണ വിപണികളിൽ പവൻ 23,120 രൂപയിൽനിന്ന് 23,200 ലേക്ക് കയറി തുടർച്ചയായി അഞ്ചുദിവസം വിപണനം നടന്നശേഷം ശനിയാഴ്ച പവൻ 23,280 രൂപയിൽ ക്ലോസിങ് നടന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..