26 January Sunday

കള്ളപ്പണ രഥങ്ങളുടെ 'റൌണ്ട് ട്രിപ്പിങ് '

എന്‍ മധുUpdated: Sunday Dec 4, 2016

'റൌണ്ട് ട്രിപ്പ്' എന്നുപറഞ്ഞാല്‍ വട്ടംചുറ്റല്‍ എന്ന് മലയാളത്തില്‍ പറയാം. ഒരാള്‍ യാത്രതുടങ്ങിയിടത്തുതന്നെ തിരിച്ചെത്തിയാല്‍ അതൊരു റൌണ്ട് ട്രിപ്പായി. തൃശൂര്‍ നടുവിലാലില്‍നിന്നുതുടങ്ങി നടുവിലാലില്‍ത്തന്നെ തിരിച്ചെത്തുന്നതുപോലെ. ഇന്ത്യയുടെ ധനകാര്യമേഖലയിലും ഇതുപോലൊരു 'റൌണ്ട് ട്രിപ്പിങ്' വ്യാപകമായി നടക്കുന്നുണ്ട്. കണക്കില്‍പ്പെടാത്ത, നിയമവിധേയമല്ലാത്ത, നികുതിനല്‍കാത്ത ഒരുപാട് പണം ഇന്ത്യയില്‍നിന്ന് സ്വിറ്റ്സര്‍ലന്‍ഡിലേക്കും പനാമയിലേക്കും മൌറീഷ്യസിലേക്കും പോകുന്നു. അതുപിന്നെ നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ രൂപത്തിലും ഓഹരി പണക്കമ്പോളങ്ങളെ ലക്ഷ്യമിടുന്ന താല്‍ക്കാലിക വിദേശനിക്ഷേപമായും ഇന്ത്യയില്‍ തിരിച്ചെത്തുന്നു. കള്ളപ്പണം ഇന്ത്യയില്‍നിന്നുപോയി വെള്ളപ്പണമായി ഇന്ത്യയില്‍ തിരിച്ചെത്തുന്ന റൌണ്ട് ട്രിപ്പിങ് അഥവാ വട്ടംചുറ്റല്‍ ഇങ്ങനെ.

അവിടെനിന്നു തിരിച്ചുവരാതെ അവിടെ രഹസ്യ അക്കൌണ്ടുകളില്‍ നിക്ഷേപിക്കുന്ന കള്ളപ്പണം വേറെ. നോട്ട്നിരോധം പ്രഖ്യാപിക്കുന്നതിന് ഒരുമാസം മുമ്പ് റിസര്‍വ് ബാങ്കിന്റെ മുന്‍ ഗവര്‍ണര്‍ വൈ വി റെഡ്ഡി റൌണ്ട് ട്രിപ്പിങ്ങിന് സര്‍ക്കാര്‍ വാതില്‍ തുറന്നുകൊടുക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. കള്ളപ്പണം വെള്ളപ്പണമാക്കുന്ന ഈ വഴികളൊന്നും കണ്ടില്ലെന്നുനടിച്ച്, ബാങ്ക്കൊള്ള തടയാന്‍ ബാങ്കുകളെല്ലാം പൂട്ടിയാല്‍ മതിയെന്നു പറയുന്നതുപോലെ, കള്ളപ്പണത്തിന്റെ പേരുപറഞ്ഞ് രാജ്യത്തെ പണപ്രവാഹം ആകെ സ്തംഭിപ്പിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ കൂട്ടക്കുഴപ്പത്തിലാക്കി.

വിദേശത്തു പേരുമാത്രമുള്ളകമ്പനികള്‍ക്ക് പണമടവുകള്‍(പേമെന്റ്), വലിയ ഇന്‍വോയ്സ് ബില്ലുകള്‍, മറ്റ് ഹവാല ഇടപാടുകള്‍ എന്നിവയുടെ മറവിലാണ് കണക്കില്‍പ്പെടാത്ത പണം ഇന്ത്യയില്‍നിന്ന് പുറത്തേക്കു പോകുന്നത്. അത് ആദ്യം വിദേശ ഫണ്ടുകളില്‍ നിക്ഷേപിച്ച് പിന്നെ ഇന്ത്യന്‍ ആസ്തികളിലേക്ക് കൊണ്ടുവരുന്നു. ഇന്ത്യന്‍ ഓഹരിവിപണികളില്‍ പട്ടികപ്പെടുത്തിയിട്ടുള്ള ഒട്ടേറെ കമ്പനികള്‍ ഇത്തരം മാര്‍ഗം സ്വീകരിക്കുന്നുണ്ട്. ചില വിദേശരാജ്യങ്ങളില്‍ നികുതി ഇളവുകളുണ്ട്. മൌറീഷ്യസ് അങ്ങനെ ഒരു രാജ്യമാണ്. ആ രാജ്യവുമായി ഇന്ത്യക്ക് ഇരട്ടനികുതി ഒഴിവാക്കല്‍ കരാറുമുണ്ട്. അതായത് അവിടെ നികുതി നല്‍കിയാല്‍ പിന്നെ ഇവിടെ നികുതി നല്‍കേണ്ടതില്ല. മൌറീഷ്യസ് വഴിയാണ് ഇന്ത്യന്‍ ഓഹരി-പണ കമ്പോളങ്ങളിലേക്ക് വിദേശപണം ഏറെയും എത്തുന്നത്. ഇന്ത്യന്‍ മുതലാളിമാര്‍തന്നെ അവിടെ പേരിന് കമ്പനികള്‍ രൂപീകരിച്ച് അവവഴി ഇന്ത്യയിലേക്ക് പണം കൊണ്ടുവരുന്നു. ഉടമയാരെന്നുപോലും വെളിപ്പെടുത്താതെ പാര്‍ടിസിപ്പേറ്ററി നോട്ടുകള്‍വഴി ഇവിടെ നിക്ഷേപം നടത്താന്‍ ഒരു തടസ്സവുമില്ല.

കള്ളപ്പണത്തിന്റെ സുഗമമായ പ്രവാഹത്തിനുള്ള എല്ലാ വഴിയും നിലനിര്‍ത്തിക്കൊണ്ടാണ് രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന മൊത്തം കറന്‍സിയുടെ 86 ശതമാനം പിന്‍വലിച്ച് ജനങ്ങളെയും സമ്പദ്വ്യവസ്ഥയെയും ശ്വാസംമുട്ടിക്കുന്നത്. സര്‍ക്കാരിന്റെ നടപടി കറന്‍സിയെ, ബാങ്ക് അക്കൌണ്ടുകളെ, സമ്പദ്വ്യവസ്ഥയെയാകെ തകര്‍ക്കുന്നതാണെന്ന് നോബല്‍ പുരസ്കാര ജേതാവായ ഇന്ത്യയുടെ വിഖ്യാത സാമ്പത്തിക ശാസ്ത്രകാരന്‍ അമര്‍ത്യാസെന്‍ അടുത്തദിവസം ചൂണ്ടിക്കാട്ടിയത് ഈ ശ്വാസംമുട്ടല്‍ കണ്ടിട്ടാണ്.
ഇന്ത്യയില്‍ കറന്‍സിയായി പ്രചാരത്തിലുള്ള കള്ളപ്പണം മൊത്തം കള്ളപ്പണ സമാന്തര സമ്പദ്വ്യവസ്ഥയുടെ വെറും ആറു ശതമാനം മാത്രം. ബാക്കിയെല്ലാം മറ്റു നിക്ഷേപങ്ങളിലാണ്. സ്വിറ്റ്സര്‍ലന്‍ഡിലും പനാമയിലും മൌറീഷ്യസിലുമാണ്. കള്ളപ്പണ സമ്പദ്വ്യവസ്ഥയുടെ ഇന്ധനം കറന്‍സിയാണെന്ന മട്ടിലാണ് സര്‍ക്കാരിന്റെ നോട്ട്നിരോധം.

പണമല്ല ജനങ്ങളുടെ ഉപഭോഗമെന്ന് വേണമെങ്കില്‍ പറയാം. പക്ഷേ പണം പ്രധാനമാകുന്നത് അത് ജനങ്ങളുടെ ജീവിതത്തിനാവശ്യമായ വരുമാനമാകുന്നതുകൊണ്ടാണ്. അതായത്, പണത്തിന്റെ പ്രചാരം വരുമാനത്തിന്റെ രൂപത്തില്‍. ഉല്‍പ്പാദനത്തിനും വരുമാനം സ്വരൂപിക്കുന്നതിനും ചരക്കുകളുടെയും സേവനങ്ങളുടെയും വിനിമയത്തിനും ജനങ്ങളെ സഹായിക്കുന്നത് പണമാണ്. സാധനങ്ങള്‍ക്കു പകരം സാധനങ്ങള്‍ കൈമാറുന്ന 'ബാര്‍ട്ടര്‍' സമ്പദ് വ്യവസ്ഥയുടെ ദുരിതം അവസാനിച്ചതും വിനിമയം എളുപ്പമാക്കിയതും പണത്തിന്റെ വരവോടെ. കറന്‍സി മാത്രമല്ല, പണമെന്ന് അംഗീകരിക്കാം. എന്നാല്‍ ചെക്ക്, ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍, ഇലക്ട്രോണിക്ക് പണം തുടങ്ങി വിനിമയത്തിന്റെ ഏതു രൂപവും റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന നോട്ടിന്റെ പിന്‍ബലത്തില്‍ത്തന്നെ. അപ്പോള്‍ നോട്ടുകള്‍ കമ്മിയായാല്‍ വിനിമയോപാധി കമ്മിയായി എന്നര്‍ഥം. അത് സമ്പദ്വ്യവസ്ഥയിലെ ഉല്‍പ്പാദനത്തെയും വിതരണത്തെയും ഉപയോഗത്തെയും തൊഴിലിനെയും വരുമാനത്തെയുമെല്ലാം ദോഷകരമായി ബാധിക്കും. അതാണ് ഇപ്പോള്‍ സംഭവിച്ചത്. 50 വര്‍ഷത്തോളമായി ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗത്തിലുള്ള അമേരിക്കയില്‍ കറന്‍സി ഇപ്പോഴും വ്യാപകമായി പ്രചാരത്തിലുണ്ട്. ഇന്ത്യയില്‍ വന്‍കിട ബിസിനസ് ഗ്രൂപ്പുകളും അപൂര്‍വം ഇടത്തരക്കാരും ചെക്കും കാര്‍ഡുകളുമൊക്കെ ഉപയോഗിക്കുന്നുണ്ടാവാം. പക്ഷേ, അസംഘടിത  മേഖല, ചെറുകിടമേഖല, കൃഷിക്കാര്‍, ചെറുകിട ശമ്പളക്കാര്‍,  കുടില്‍വ്യവസായങ്ങള്‍, പാവപ്പെട്ടവര്‍, നിരക്ഷരര്‍, ബാങ്ക് അക്കൌണ്ട്പോലും ഇല്ലാത്തവര്‍... ഇവര്‍ക്കെല്ലാം ഇടപാടുകള്‍ക്ക് കാശ് വേണം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top