19 September Thursday

വിരമിക്കലിനുശേഷമുള്ള സാമ്പത്തിക ആസൂത്രണം കരുതലോടെ വേണം

കെ കെ ജയകുമാർUpdated: Tuesday Aug 6, 2024

കെ കെ ജയകുമാർ

കെ കെ ജയകുമാർ

സംഘടിത തൊഴിൽമേഖലയിൽ പ്രവർത്തിക്കുന്നവരുടെ ജോലിയിൽനിന്നുള്ള റിട്ടയർമെന്റിനെ ആദ്യമരണം എന്ന് വിശേഷിപ്പിച്ചിരുന്ന ഒരുകാലമുണ്ടായിരുന്നു. നല്ല ആരോഗ്യവും വരുമാനവും ഉണ്ടായിരുന്ന അത്രയും കാലംതന്നെ ഇതൊന്നുമില്ലാതെ ജീവിക്കേണ്ടിവരുന്നതിനാലാണ് ആദ്യമരണം എന്ന്  വിശേഷിപ്പിക്കപ്പെട്ടത്. വിരമിക്കുമ്പോൾ കിട്ടുന്ന ആനുകൂല്യം ഗൗരവത്തോടെയും ബുദ്ധിപൂർവവും ചെലവഴിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കാൻ വേണ്ടിമാത്രമാണ് മുകളിലെ മരണകാര്യം സൂചിപ്പിച്ചത്.

ജോലിയിൽനിന്ന് വിരമിക്കുന്നതിന് തൊട്ടുമുമ്പ് അതുവരെ ഒന്നും സമ്പാദിക്കാൻ ശ്രമിക്കാതിരുന്നവർപോലും കടുത്ത സാമ്പത്തിക ആസൂത്രണം നടത്തും. വിരമിച്ചതിനുശേഷം കൈവരിക്കേണ്ട വിവിധ സാമ്പത്തിക ലക്ഷ്യങ്ങൾ, യാത്രകൾ, അതിനുവേണ്ടി സ്വരുക്കൂട്ടേണ്ട പണം തുടങ്ങിയ ആവശ്യങ്ങളുടെ വലിയൊരു പട്ടികയും തയ്യാറാക്കും. എന്നാൽ, വിരമിച്ചതിനുശേഷം ഈ ലക്ഷ്യങ്ങളിൽ ഉറച്ചുനിൽക്കാൻ, ആസൂത്രണം ചെയ്തതുപോലെ സാമ്പത്തിക കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നവർ വിരളമാണ് എന്നതാണ് യാഥാർഥ്യം. എന്തുകൊണ്ട് ഇങ്ങനെ?  

വഴിയാധാരമാക്കുന്ന മറവി

ജോലിയിൽനിന്ന് വിരമിക്കുമ്പോൾ ലഭിക്കുന്ന ആനുകൂല്യങ്ങൾ പലരും വിവേകപൂർവം ചെലവഴിക്കുന്നില്ല എന്നതാണ് ഇതിന് പ്രധാന കാരണം. വിരമിച്ച് കഴിഞ്ഞാൽ പലരും ആദ്യം ചെയ്യുന്ന കാര്യം അതിനുമുമ്പ് നടത്തിയ സാമ്പത്തിക ആസൂത്രണമെല്ലാം മറക്കുകയെന്നതാണ്. അതിനാൽ കിട്ടുന്നത് മുഴുവൻ പലവഴിക്ക് ചെലവഴിച്ച്  വഴിയാധാരമാകുന്നവരുടെ എണ്ണം നമുക്കുചുറ്റും അനുദിനം പെരുകുകയാണ്. എന്നാൽ, നിശ്ചയദാർഢ്യവും  ബുദ്ധിപൂർവമായ ചെലവഴിക്കലുകളും ഉണ്ടെങ്കിൽ റിട്ടയർമെന്റിനുശേഷമുള്ള ജീവിതവും ആനന്ദകരമാക്കാം.

ഇക്കാര്യത്തിൽ രണ്ട് കാര്യങ്ങളാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. റിട്ടയർമെന്റിനുശേഷമുള്ള മുൻഗണനകൾ ശരിയാംവണ്ണം നിശ്ചയിക്കണം. കൈയിലുള്ള പണം ഗുണപരമായ മാർഗങ്ങളിൽ നിക്ഷേപിക്കണം. എത്രവീതം ഏതെല്ലാം നിക്ഷേപമാർഗങ്ങളിൽ നിക്ഷേപിക്കണം എന്നതിൽ കൃത്യമായ കണക്കുകൂട്ടൽ വേണം. പക്ഷെ, ഇത് വലിയ ആശയക്കുഴപ്പമുണ്ടാക്കിയേക്കാവുന്ന കാര്യമാണ്. ഏതാണ് മികച്ച നിക്ഷേപമാർ​ഗം എന്നതിൽ മാത്രമല്ല, അടിയന്തര ആവശ്യത്തിന് ഉപകരിക്കുമോ എന്ന ആശങ്കയും മിക്കവരെയും അലട്ടാറുണ്ട്. വാർധക്യം പൊതുവിൽ ആശങ്ക വർധിപ്പിക്കുന്ന കാലമായതിനാൽ ഉള്ള പണം മുഴുവനായി ബാങ്കിൽ സ്ഥിരനിക്ഷേപം നടത്തി അതിന്റെ പലിശ എന്ന സ്ഥിരവരുമാനം ഉറപ്പാക്കുകയാണ് മിക്കവരും ചെയ്യുന്നത്. ഇതിൽനിന്ന് വ്യത്യസ്തമായി കൂടുതൽ മെച്ചമുള്ള മറ്റേതു മാർ​ഗം സ്വീകരിക്കാമെന്ന് ചിന്തിക്കാവുന്നതാണ്.

വേണം നിക്ഷേപത്തിൽ വൈവിധ്യം

ഉടനെ നിറവേറ്റേണ്ട ആവശ്യങ്ങൾക്കായി അതേവരെയുള്ള ആസ്തിയിൽനിന്നുള്ള പണം തികയുമോ എന്നുനോക്കുക. തികയില്ലെങ്കിൽ ബാക്കി തുകമാത്രം റിട്ടയർമെന്റ് ആനുകൂല്യത്തിൽനിന്ന്‌ എടുക്കുക. ശേഷിക്കുന്ന തുക ഉപയോഗിച്ച് റിട്ടയർമെന്റിനുശേഷവും സ്ഥിരവരുമാനം ലഭ്യമാകുംവിധം മികച്ച നിക്ഷേപങ്ങൾ നടത്തുകയാണ് വേണ്ടത്.

ഇതിന് സ്ഥിരവരുമാനം തരുന്ന സുരക്ഷിത നിക്ഷേപങ്ങളെയും നിങ്ങളുടെ റിസ്‌ക് ശേഷിക്കനുസരിച്ച് മറ്റ് ധനകാര്യ ആസ്തികളെയും ആശ്രയിക്കാം. കൈയിൽ അവശേഷിക്കുന്ന തുകയെല്ലാം ബാങ്ക് സ്ഥിരനിക്ഷേപം എന്ന ഒറ്റമാർഗത്തിൽമാത്രം നിക്ഷേപിക്കാതെ നിക്ഷേപത്തിൽ വൈവിധ്യം കൊണ്ടുവരണം. പോസ്റ്റോഫീസ് സേവിങ്സ് സ്‌കീം, മ്യൂച്വൽ ഫണ്ട് മന്ത്-ലി ഇൻകം സ്‌കീം, ചിട്ടി തുടങ്ങിയവയിൽ നിക്ഷേപിക്കാവുന്നതാണ്. ഈ നിക്ഷേപ മാർ​ഗങ്ങളുടെ പ്രത്യേകതകൾ നോക്കാം.

ബാങ്ക് സ്ഥിരനിക്ഷേപം

മുതിർന്ന പൗരന്മാർക്കായുള്ള സ്ഥിരനിക്ഷേപ പദ്ധതികളിൽ പണം നിക്ഷേപിക്കാം. താരതമ്യേന കൂടുതൽ പലിശ ലഭിക്കുന്ന ബാങ്ക് തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.  ബാങ്കിൽനിന്നു കിട്ടുന്ന പലിശയ്ക്ക് ആദായനികുതി ബാധകമാണ് എന്ന കാര്യം ഓർക്കണം. 50,000 രൂപവരെയുള്ള പലിശയ്‌ക്കേ നികുതിയിളവു കിട്ടൂ.  അതിനാൽ ഈ പരിധിയിൽ നിൽക്കുന്ന തരത്തിലുള്ള ബാങ്ക് നിക്ഷേപമാണ് നല്ലത്.

സീനിയർ സിറ്റിസൺസ് സേവിങ്സ് സ്‌കീം

പോസ്റ്റ് ഓഫീസുകൾവഴി നിക്ഷേപം ആരംഭിക്കാം. അഞ്ചുവർഷമാണ് നിക്ഷേപ കാലാവധി. 1000 രൂപമുതൽ 30 ലക്ഷം രൂപവരെ നിക്ഷേപിക്കാം. നിലവിൽ പ്രതിവർഷം 8.2 ശതമാനം പലിശ ലഭിക്കും. മൂന്നുമാസം കൂടുമ്പോൾ പലിശ പിൻവലിക്കാം.


മ്യൂച്വൽ ഫണ്ട് മന്ത്-ലി ഇൻകം പ്ലാൻ

നിക്ഷേപകരുടെ പണം സ്ഥിരനിക്ഷേപ മാർഗങ്ങളിലും ഓഹരിയിലും നിക്ഷേപിച്ച് ഒരു നിശ്ചിത തുക പ്രതിമാസം വരുമാനം ലഭ്യമാക്കുന്ന സ്‌കീമാണ് ഇത്. നിക്ഷേപകരുടെ പണത്തിന്റെ 75–--85 ശതമാനം തുകയും ബോണ്ടുകൾ, കടപ്പത്രങ്ങൾ തുടങ്ങിയ സ്ഥിരനിക്ഷപ മാർഗങ്ങളിലാകും നിക്ഷേപിക്കുക. വളരെ കുറഞ്ഞ ശതമാനംമാത്രം ഓഹരിയിലും നിക്ഷേപിക്കും.

പോസ്റ്റോഫീസ് മന്ത്‌ലി ഇൻകം സ്‌കീം

ആയിരം രൂപമുതൽ ഒമ്പതുലക്ഷം രൂപവരെ ഇതിൽ നിക്ഷേപിക്കാം. ദമ്പതികളുടെ പേരിൽ ജോയിന്റ് അക്കൗണ്ടാണ് തുടങ്ങുന്നതെങ്കിൽ 15 ലക്ഷം രൂപവരെ നിക്ഷേപിക്കാവുന്നതാണ്. നിലവിൽ 7.4 ശതമാനമാണ് പലിശ. പലിശ മാസാമാസം സേവിങ്സ് അക്കൗണ്ടിലേക്ക് എത്തും. ഇത് പ്രതിമാസ ചെലവുകൾക്ക് ഉപയോ​ഗിക്കാം.

വൻ വാ​ഗ്ദാനങ്ങൾക്കുപുറകേ 
പോകരുത്

ഇവിടെ ഓർക്കേണ്ട മറ്റൊരു കാര്യംകൂടിയുണ്ട്. മുകളിൽ സൂചിപ്പിച്ച നിക്ഷേപ മാർഗങ്ങളിൽനിന്ന് കിട്ടുന്ന പലിശയും വരുമാനവും രാജ്യത്തെ പണപ്പെരുപ്പനിരക്കും താരതമ്യം ചെയ്യുമ്പോൾ വളരെ തുച്ഛമായ തുകയാണ്. കൂടിയ വരുമാനം നേടുന്നതിന് ധനകാര്യ ആസ്തികളായ മ്യൂച്വൽ ഫണ്ട്, ഓഹരികൾ തുടങ്ങിയവയിൽ നിക്ഷേപിക്കുക എന്നതാണ്  പണപ്പെരുപ്പനഷ്ടം  മറികടക്കുന്നതിനുള്ള ഒരു മാർഗം. പലരും ഇങ്ങനെ ചെയ്യുന്നുമുണ്ട്. എന്നാൽ, റിട്ടയർമെന്റ് ആനുകൂല്യമായി ലഭിക്കുന്ന പണം ഇത്തരം മാർഗങ്ങളിൽ നിക്ഷേപിക്കുന്നത് അഭികാമ്യമല്ല. കാരണം ഓഹരിവിപണിയിലെ ഗതിവിഗതികൾക്കനുസരിച്ച് പണം നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

അതിനാൽ പണപ്പെരുപ്പനഷ്ടം മറികടക്കുന്നതിന് സ്വീകരിക്കാവുന്ന ഏറ്റവും സുരക്ഷിതമായ മാർ​ഗം മുകളിൽ പറഞ്ഞ സുരക്ഷിത നിക്ഷേപങ്ങളിൽനിന്ന് ലഭിക്കുന്ന ലാഭത്തിന്റെ  ഒരുഭാ​ഗംമാത്രം ഓഹരിവിപണിയിൽ നിക്ഷേപിക്കുക എന്നതാണ്. അങ്ങനെയാകുമ്പോൾ മുതലിന് കുഴപ്പമുണ്ടാകില്ല, നഷ്ടം സംഭവിച്ചാൽ ലാഭത്തിന്റെ ഒരുഭാ​ഗം മാത്രമാണല്ലോ നഷ്ടപ്പെടുക. അല്ലാതെ കൈയിൽ പണമുണ്ടെന്നറിഞ്ഞ് അടുത്തുകൂടി വൻ നിക്ഷേപങ്ങൾക്ക് പ്രേരിപ്പിക്കുന്നവരെ സൂക്ഷിക്കുക. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും കിട്ടുന്ന  വാ​ഗ്ദാനങ്ങൾക്കും പെരുപ്പിച്ച നേട്ടക്കണക്കുകൾക്കും പുറകെ പോകാതിരിക്കുക.


(പേഴ്സണൽ ഫിനാൻസ് അനലിസ്റ്റും എൻട്രപ്രണർഷിപ് മെന്ററുമാണ് ലേഖകൻ. ഇ മെയിൽ jayakumarkk8@gmail.com)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top