28 March Tuesday

എൻപിഎസ്‌ പെൻഷനിൽ നിക്ഷേപിക്കാം.. റിട്ടയർമെന്റിനൊരുങ്ങാം

കെ സി ജീവൻകുമാർUpdated: Monday Sep 16, 2019

സാമ്പത്തിക സുരക്ഷ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്നതല്ല. മുന്‍കൂട്ടിയുള്ള മികച്ച ആസൂത്രണത്തിലൂടെ മാത്രമെ അത് സാധ്യമാകൂ. വരുമാനം ഇല്ലാതാകുകയോ നാമമാത്രമാകുകയോ ചെയ്യുന്ന വാര്‍ദ്ധക്യത്തില്‍  മെച്ചപ്പെട്ട ജീവിതം ഉറപ്പു വരുത്തുന്നതിന്  എല്ലാ വിഭാ​ഗത്തിലുള്ളവര്‍ക്കും ചെറുപ്പത്തില്‍ തന്നെ ഉപയോ​ഗപ്പെടുത്താവുന്ന പദ്ധതിയാണ് എന്‍പിഎസ് എന്ന നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം.

രാജ്യത്തെ ഗവൺമെന്റ് ജീവനക്കാർക്കായാണ് 2004ൽ സർക്കാർ ഈ പെന്‍ഷന്‍ പദ്ധതി കൊണ്ടുവന്നതെങ്കിലും 2009ൽ എല്ലാ വിഭാഗം ജനങ്ങൾക്കും തുടങ്ങാൻ പറ്റുന്ന തരത്തിൽ  പദ്ധതിയിൽ ഭേദഗതി വരുത്തിയതിനെ തുടർന്ന് എൻപിഎസിനുള്ള പ്രചാരം ക്രമേണ ഏറിക്കൊണ്ടിരിക്കുകയാണ്.

കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള പെൻഷൻ ഫണ്ട് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിട്ടി അഥവാ പിഎഫ്ആർഡിഎക്കാണ് ഈ പെൻഷൻ പദ്ധതിയുടെ നടത്തിപ്പിനുള്ള ചുമതല. 18നും 65നും മധ്യേ പ്രായമുള്ള ഏതൊരു വ്യക്തിക്കും (എൻആർഐ ഉൾപ്പെടെ) എൻപിഎസിൽ ചേരാവുന്നതാണ്. ഒരു വ്യക്തിക്ക് ഒരു അക്കൗണ്ട് മാത്രമാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്.

എൻപിഎസിൽ എങ്ങനെ
അം​ഗമാകും?

രാജ്യമെമ്പാടും പ്രവർത്തിച്ചുവരുന്ന പിഒപി അഥവാ പോയിന്റ് ഓഫ് പ്രസൻസ് എന്ന സേവനകേന്ദ്രത്തെ  സമീപിക്കുകയാണ് ആദ്യമായി നിക്ഷേപകർ ചെയ്യേണ്ടത്. പ്രധാന പൊതുമേഖലാ ബാങ്കുകളും ചില സ്വകാര്യ ബാങ്കുകളും കൂടാതെ രാജ്യത്തെ ആയിരക്കണക്കിനുവരുന്ന പോസ്റ്റ് ഓഫീസുകളും പിഒപി കേന്ദ്രങ്ങളാണ്. എൻപിഎസിൽ അംഗമായിക്കഴിഞ്ഞാൽ നിക്ഷേപകർക്ക് 12 അക്കങ്ങളുള്ള ‘പ്രാൺ' അഥവാ പെർമനന്റ് റിട്ടയർമെന്റ് അക്കൗണ്ട് നമ്പർ രേഖപ്പെടുത്തിയ കാർഡ് ലഭിക്കുന്നു.

എൻപിഎസിൽ രണ്ടുതരം അക്കൗണ്ടുകളാണുള്ളത്. അടിസ്ഥാന പെൻഷൻ അക്കൗണ്ടായ ടയർ 1 അക്കൗ‌ണ്ടും സേവിംഗ്സ് അക്കൗണ്ടിന്റെ മാതൃകയിലുള്ള ടയർ 2 അക്കൗണ്ടും. ആവശ്യമനുസരിച്ച് പണം പിൻവലിക്കാൻ സഹായിക്കുന്നതാണ ടയർ 2  അക്കൗണ്ട്. ഇത് തുടങ്ങണമെന്നു നിർബന്ധമില്ല. എന്നാൽ, ടയർ 1 അക്കൗണ്ട് തുടങ്ങിയാൽ മാത്രമേ ടയർ 2 അക്കൗണ്ട് തുടങ്ങാൻ കഴിയൂ.

4 നിക്ഷേപ മാർഗങ്ങൾ, മിനിമം 500 രൂപ

മാസ തവണകളായോ ഒന്നിച്ചോ എൻപിഎസിൽ നിക്ഷേപം നടത്താം. ടയർ 1 അക്കൗണ്ടിൽ മിനിമം നിക്ഷേപം 500 രൂപയാണ്. വർഷത്തിൽ ഏറ്റവും കുറഞ്ഞത് 1,000 രൂപയെങ്കിലും നിക്ഷേപിക്കേണ്ടതുണ്ട്. ഓഹരികൾ, കോർപറേറ്റ് ബോണ്ടുകൾ, ഗവൺമെന്റ് സെക്യൂരിറ്റികൾ, ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ടുകൾ എന്നിങ്ങനെ നാലുതരത്തിലുള്ള നിക്ഷേപമാർഗങ്ങൾ ലഭ്യമാണ്.
നിക്ഷേപിക്കുന്ന പണം ഏതു വിഭാഗത്തിലേക്ക് തിരിച്ചുവിടണമെന്ന് നിക്ഷേപകന് തീരുമാനിക്കാം. അതേസമയം, നിക്ഷേപകന്റെ പ്രായം, റിസ്ക് എടുക്കാനുള്ള ശേഷി മുതലായവ അടിസ്ഥാനപ്പെടുത്തി നിക്ഷേപമാർഗങ്ങൾ ഒന്നിൽനിന്നു മറ്റൊന്നിലേക്ക് ഓട്ടോമാറ്റിക് ആയി മാറുന്ന നിക്ഷേപരീതിയും ലഭ്യമാണെന്നത് എൻപിഎസിന്റെ സവിശേഷതയാണ്.
പിഎഫ്ആർഡിഎ അംഗീകരിച്ച എട്ട് ഫണ്ട് മാനേജ്മെന്റ് സ്ഥാപനങ്ങളാണ് എൻപിഎസ് നിക്ഷേപം കൈകാര്യം
ചെയ്തുവരുന്നത്. എൽഐസി, യുടിഐ, എസ്ബിഐ, ഐസിഐസിഐ പ്രുഡൻഷ്യൽ, ബിർള സൺ ലൈഫ്, എച്ച്ഡിഎഫ്സി, കൊടാക് മഹീന്ദ്ര, റിലയൻസ് ക്യാപിറ്റൽ എന്നിവയാണ് ഈ ഫണ്ട് മാനേജർമാർ.60 വയസ്സിൽ
60 ശതമാനം പിൻവലിക്കാം

നാലു നിക്ഷേപ വിഭാഗമുണ്ടെങ്കിലും 18നും 45നും ഇടയിൽ പ്രായമുള്ളവർ ഓഹരികൾക്ക് പ്രാമുഖ്യമുള്ള സ്കീമിൽ ചേരുന്നതാണ് കൂടുതൽ അഭികാമ്യം. ദീർഘകാലത്തേക്ക് ഓഹരികളിൽനിന്നു മികച്ച നേട്ടം കരസ്ഥമാക്കാമെന്നതും പ്രായം കുറഞ്ഞവർക്ക് താരതമ്യേന റിസ്ക് കൂടുതൽ എടുക്കാമെന്നുള്ളതുമാണ് ഇതിനു കാരണം.

നേരത്തെ എൻപിഎസ് നിക്ഷേപം ആരംഭിച്ചവർക്ക് 60 വയസ്സിലെത്തുമ്പോൾ സഞ്ചിതതുകയുടെ 60 ശതമാനം പിൻവലിക്കാം. ഇത് പൂർണമായും നികുതി വിമുക്തമാണെന്ന് പ്രത്യേകം ഓർക്കുക. ബാക്കിവരുന്ന 40 ശതമാനം തുക ഇൻഷുറൻസ് കമ്പനികളിലെ ആന്വിറ്റി പ്ലാൻ വാങ്ങാൻ ഉപയോഗിക്കുകയും ജീവിതാവസാനംവരെ പ്രതിമാസ പെൻഷൻ രൂപത്തിൽ തിരികെ എടുക്കുകയും ചെയ്യാം. മുമ്പ്‌ സൂചിപ്പിച്ച 60 ശതമാനം തുക പിൻവലിക്കുന്നില്ലെങ്കിൽ 60–-ാം വയസ്സിൽ സ്വരൂപിക്കപ്പെട്ട മുഴുവൻ തുകയും ആന്വിറ്റിയാക്കി മാറ്റി പെൻഷൻ തുക ഉയർത്താനുള്ള സംവിധാനവും ഉണ്ട്. അത്യാവശ്യമെങ്കിൽ 60 വയസ്സിനു മുമ്പായി നിക്ഷേപം ഭാഗികമായി പിൻവലിക്കാനുള്ള സൗകര്യവും (പരമാവധി 25 ശതമാനംവരെ നികുതി ഇല്ലാതെ) എൻപിഎസിലുണ്ട്.
 
നികുതിയിളവുകൾ
സെക്‌ഷൻ 80 സി പ്രകാരം ലഭിക്കുന്ന ഒന്നര ലക്ഷം രൂപയുടെ ഇളവിന് അർഹമായ നിക്ഷേപമാണ് എൻപിഎസ്. കൂടാതെ 50,000 രൂപവരെ അധികമായ കിഴിവും സെക്‌ഷൻ 80 സിസിഡി(1ബി) പ്രകാരം എൻപിഎസ് നൽകുന്നു. ഇവയ്ക്കു പുറമെ തൊഴിലുടമയോ സർക്കാരോ അടയ്ക്കുന്ന വിഹിതം ശമ്പളത്തിന്റെ ഭാഗമായാണ് വരുന്നതെങ്കിൽ സെക്‌ഷൻ 80സി സി 2(2) അനുസരിച്ച് 10 ശതമാനം കിഴിവ് കൂടുതലായും ജീവനക്കാർക്ക് ലഭിക്കുന്നു.  (എൻപിഎസ് നിക്ഷേപരീതി എങ്ങനെയെന്നു മനസ്സിലാക്കാൻ പട്ടിക നോക്കുക.)

ജീവിതകാലം മുഴുവൻ പെൻഷൻ

നീക്കിവയ്‌ക്കപ്പെട്ട ആന്വിറ്റിയിൽ നിന്നും പ്രതിമാസം 11,000 രൂപയോളം പെൻഷനായി ജീവിതകാലം മുഴുവൻ വ്യക്തിക്ക് ലഭിക്കുന്നു. (ജീവിതപങ്കാളി, നോമിനി എന്നിവർക്കുകൂടെ ഗുണകരമായ വിവിധ തരത്തിലുള്ള പ്ലാനുകളും ലഭ്യമാണ്.)
ആദായനികുതിയുമായി ബന്ധപ്പെട്ട് ഒരു പ്രധാന കാര്യം ഇവിടെ പറയേണ്ടതുണ്ട്. ഉദാഹരണത്തിൽ കൊടുത്തിരിക്കുന്ന വ്യക്തി 20 ശതമാനം ആദായനികുതി പരിധിയിൽ വരുന്നുവെങ്കിൽ 80 സിസിഡി (1ബി) പ്രകാരമുള്ള 50,000 രൂപ ഇളവിന്  അർഹനായിരിക്കും. (പ്രതിമാസം 5,000 രൂപവീതം വർഷത്തിൽ 60,000 രൂപ എൻപിഎസിൽ നിക്ഷേപിക്കുന്ന കാര്യം ഓർക്കുക). അങ്ങനെയെങ്കിൽ 20 ശതമാനം നിരക്കിൽ 10,000 രൂപ നികുതിയിനത്തിൽ മാത്രം ഈ വ്യക്തിക്ക് പ്രതിവർഷം ലാഭിക്കാൻ സാധിക്കുന്നു. ഈ തുക 12 ശതമാനം റിട്ടേൺ പ്രതീക്ഷിക്കപ്പെടുന്ന ലാർജ് ക്യാപ്പ് മ്യൂച്വൽ ഫണ്ടുകളിൽ എസ്ഐപി മാതൃകയിൽ 20 വർഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കിൽ രണ്ട് ലക്ഷം നിക്ഷേപത്തുക 8.06 ലക്ഷം രൂപയായി വളരുന്നു. വീണ്ടും
എൻപിഎസിലേക്ക് വരികയാണെങ്കിൽ 40 വയസ്സിൽ പ്രതിമാസം 5,000 രൂപവച്ച് തുടങ്ങിയ എൻപിഎസ് നിക്ഷേപം നികുതിയിളവുവഴി ലഭ്യമാകുന്ന തുകയുടെ വളർച്ചകൂടെ പരിഗണിക്കുമ്പോൾ 60–-ാമത്തെ വയസ്സിൽ 48.85 ലക്ഷം രൂപയായും തുടർന്ന് ജീവിതകാലം മുഴുവൻ പെൻഷൻ നൽകിക്കൊണ്ടിരിക്കുന്ന ഒരു ഉപാധിയായും മാറുന്നു.
(ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിൽ ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി  സർവീസസ് ഡിവിഷൻ മേധാവിയാണ് ലേഖകൻ.) jeevan@geojit.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top