16 July Tuesday

കൺസ്യൂമർഫെഡ‌് സ‌്കൂൾ വിപണി; 12 ദിവസത്തിനകം നാലുകോടിയുടെ വിൽപ്പന

സി എൻ റെജിUpdated: Thursday May 16, 2019

കടവന്ത്ര കൺസ്യൂമർ ഫെഡിലെ സ്കൂൾ വിപണിയിൽനിന്ന്‌


കൊച്ചി> പുതിയ അധ്യയനവർഷം സ്വകാര്യ കമ്പനികളുടെ ചൂഷണവും വിപണിയിലെ വിലക്കയറ്റവും നിയന്ത്രിക്കാൻ കൺസ്യൂമർഫെഡ‌് ആരംഭിച്ച സ‌്കൂൾ വിപണിയിൽ വൻ തിരക്ക‌്. പൊതുവിപണിയേക്കാൾ 15 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ഗുണമേന്മയുള്ള പാഠ്യ ഉപകരണങ്ങളാണ‌്  സർക്കാർ വിപണിയിലെത്തിച്ചത‌്. 12 ദിവസത്തിനകം നാലുകോടി രൂപയുടെ വിൽപ്പന നടന്നു.

ത്രിവേണി നോട്ടു ബുക്കുകൾക്കാണ‌് ആവശ്യക്കാർ ഏറെ. ഗുണനിലവാരമുള്ള പേപ്പറും വിലക്കുറവുമാണ‌് ത്രിവേണി നോട്ടുബുക്കിനെ ജനപ്രിയമാക്കുന്നത‌്. 24 മുതൽ 32 രൂപവരെയാണ‌് വില. പൊതുവിപണിയിൽ ഇവ 40 മുതൽ 45 രൂപയ‌്ക്കാണ‌് ലഭിക്കുന്നത‌്. സ‌്കൂൾബാഗുകൾക്ക‌് 40 ശതമാനം വരെ വിലക്കുറവുണ്ട‌്.  ഇവയ‌്ക്ക‌് പൊതുവിപണിയിൽ 760 മുതൽ 1599 രൂപയാണ‌് വില. വിവിധ കമ്പനികളുടെ  ഇൻസ‌്ട്രമെന്റ‌് ബോക‌്സ‌്, ടിഫിൻ ബോക‌്സ‌്, വാട്ടർ ബോട്ടിൽ എന്നിവയും കുറഞ്ഞ വിലയിൽ ലഭിക്കും. മാരാരിക്കുളം കുടുംബശ്രീയുടെ  ഈടുറ്റതും വർണാഭവുമായ ‘മാരാരി’ കുടയും കണ്ണൂർ ദിനേശിന്റെ കുടകളും വിപണിയിലുണ്ട‌്.

478 പ്രാഥമിക സഹകരണ സംഘങ്ങളും 122 ത്രിവേണികളും ഉൾപ്പെടെ 600 വിൽപ്പന കേന്ദ്രങ്ങളിലാണ‌് സ‌്കൂൾ വിപണി. 700 ഇനം സ‌്റ്റേഷനറി സാധനങ്ങൾക്ക‌് 15 മുതൽ 50 ശതമാനംവരെ വിലക്കുറവുണ്ട‌്. 16 കോടിയുടെ വിൽപ്പന ഇത്തവണ ലക്ഷ്യമിടുന്നു. നാലുകോടി രൂപയുടെ സ‌്റ്റേഷനറി സാധനങ്ങളും 12 കോടിയുടെ നോട്ട‌് ബുക്കുകളും വിൽപ്പനയ‌്ക്കെത്തിച്ചു. 55 ലക്ഷം രൂപയുടെ വിൽപ്പനയുമായി ഇത്തവണ തൃശൂരാണ‌് മുന്നിൽ. 2018ൽ 500 കേന്ദ്രങ്ങളിലൂടെ എട്ടു കോടി രൂപയുടെ വിൽപ്പനയാണ‌് നടന്നത‌്. ജൂൺ 30 വരെ വിപണി സജീവമായിരിക്കും.


പ്രധാന വാർത്തകൾ
 Top