22 May Wednesday

സ്മാർട്ട് വിൻഡോ നിർമാണ ഉപകരണങ്ങളുമായി മേക്കർ വില്ലേജ്

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019

കളമശേരി മേക്കർ വില്ലേജിലെ ഡൽഗാഡൊയിൽ വികസിപ്പിച്ചെടുത്ത പഴങ്ങളിൽ ആവരണം നൽകുന്ന ഉപകരണം


കളമശേരി> കെട്ടിടനിർമാണത്തിനുള്ള സ്മാർട്ട് വിൻഡോ നിർമിക്കാനുളള ഉപകരണങ്ങൾക്കായി കളമശേരി മേക്കർ വില്ലേജിൽ  കമ്പനി പ്രവർത്തനമാരംഭിച്ചു. കുസാറ്റിൽ രൂപപ്പെടുത്തിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സ‌്പ്രേ പൈറോലിസിസ് എന്ന ഉപകരണം നിർമിക്കുന്നത്.

ഗ്ലാസുകൾക്കിടയിൽ സുതാര്യവും ചാലകതയുള്ളതുമായ നേരിയ പാടകൾ (തിൻ ഫിലിം ഇലക‌്ട്രോഡുകൾ) ഉപയോഗിച്ച‌് ഉൾവശം മറക്കുന്നതാണ‌് സ്മാർട്ട് വിൻഡോ. മുറിയിലെ ചൂട് ക്രമീകരിക്കന്നതിനും ഇതുവഴി കഴിയും. കുറഞ്ഞ വോൾട്ട് വൈദ്യുതി കടത്തിവിട്ടാണ് ചില്ലുപാളികളെ മറയ‌്ക്കുന്നതും താപചാലകമാക്കുന്നതും. നിലവിൽ ഗ്ലാസ് വിൻഡോയിൽ തിൻ ഫിലിം ഇലക‌്ട്രോഡ് പതിക്കുന്നതിന് ചതുരശ്ര ഇഞ്ചിന് 400 രൂപയിലേറെ ചെലവുവരും.  പുതുതായി വികസിപ്പിച്ചെടുത്ത ഉപകരണംവഴി  ഇത‌് അഞ്ച് രൂപയിലൊതുക്കാം.

കുസാറ്റിലെ സംരംഭകർക്കുള്ള ഇൻക്യുബേഷൻ സെന്ററായ സിറ്റിക്കിലായിരുന്നു ഇവയുടെ നിർമാണം. പിന്നീടാണ് ഡൽഗാഡൊ കോട്ടിങ് ആൻഡ‌് ടെനോളജി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കളമശേരിയിലെ മേക്കർ വില്ലേജിൽ കേരള സ്റ്റാർട്ടപ്പ്മിഷന്റെ ധനസഹായത്തോടെ കമ്പനി തുടങ്ങിയത‌്. നാനോ മീറ്റർവരെ കനത്തിൽ സ‌്പ്രേചെയ്ത് നേർത്തപാട നിർമിക്കാനുള്ള സ‌്പ്രേ പൈറോളിസിസ് ഉപകരണം, അൾട്രാസൗണ്ട് കോട്ടിങ് മെഷിൻ, നാനോ ടെക‌്നോളജി ഉപകരണങ്ങൾ എന്നിവയുടെ നിർമാണമാണ് ഇവിടെ നടക്കുന്നത്. മേഖലകളിലെ കൺസൾട്ടൻസി സേവനങ്ങളും ലഭ്യമാണ്.

കുസാറ്റ് ഫിസിക്സ് വകുപ്പിലെ പ്രൊഫ. എം കെ ജയരാജിന് കീഴിൽ  ഗവേഷണാനന്തര പ്രവർത്തനങ്ങൾ നടത്തുന്ന ഡോ. ശ്രീകുമാർ ആണ് സംരംഭകൻ. ഡിആർഡിഒക്കായി 30 ലക്ഷം രൂപ വിലവരുന്ന ഉപകരണം നിർമിച്ചായിരുന്നു തുടക്കം. സാങ്കേതികവിദ്യയ‌്ക്ക് പേറ്റന്റ് നേടാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിവരുന്നു.


പ്രധാന വാർത്തകൾ
 Top