04 February Saturday

സ്റ്റാര്‍ട്ടപ്പുകള്‍; സാധ്യതകള്‍

ഡോ. ടി പി സേതുമാധവന്‍Updated: Thursday Jun 30, 2016

എന്റര്‍പ്രണര്‍ഷിപ് അഥവാ സംരഭകത്വത്തിന് മുന്തിയ പരിഗണന ലഭിക്കുന്ന കാലമാണിത്. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ– സ്റ്റാന്‍ഡപ്പ് ഇന്ത്യയില്‍ തൊഴില്‍ സംരംഭങ്ങളും സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളും തുടങ്ങാനുള്ള വ്യവസ്ഥകളുണ്ട്.  കൂടുതല്‍  തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുതകുന്ന രീതിയില്‍ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ–സ്റ്റാന്‍ഡപ്പ് ഇന്ത്യയില്‍ ഉള്‍പ്പെടുത്താനുളള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുന്നു. വേഗത്തില്‍ സ്റ്റാര്‍ട്ടപ്പ് തുടങ്ങാനും, എളുപ്പത്തില്‍ ഒഴിവാക്കുവാനുള്ള  വ്യവസ്ഥകളും ഇതിലുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനുള്ള സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടെത്താന്‍ ഇന്ത്യാ ആസ്പിറേഷന്‍ ഫണ്ടിന് രൂപം കൊടുത്തിട്ടുണ്ട്. സിലിക്കണ്‍വാലിയിലെ സംരംഭകര്‍ സ്റ്റാര്‍ട്ടപ്പ്മിഷനുമായി സഹകരിച്ചു വരുന്നു.

ലോകബാങ്കിന്റെ കണക്കനുസരിച്ച്  ഓരോ മാസവും 10 ലക്ഷം പേരാണ് ഇന്ത്യയില്‍ തൊഴില്‍ മേഖലയിലെത്തുന്നത്. അതിനാല്‍ സ്റ്റാര്‍ട്ടപ്പ് മിഷന് ഏറെ സാധ്യതകളുണ്ടെന്ന് ലോകബാങ്ക് വിലയിരുത്തുന്നു.സ്റ്റാര്‍ട്ടപ്പ്  സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ രാജ്യത്ത് സ്കില്‍ ഡെവലപ്മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്  മന്ത്രാലയം നിലവിലുണ്ട്.

സ്റ്റാര്‍ട്ടപ്പില്‍ പ്രധാനമായും  രണ്ടുതരം ലോജിക്കുകളുണ്ട്. ഉരുത്തിരിച്ചെടുക്കല്‍ (Creation), പ്രവചനം (Forecasting) എന്നിവയാണിത്. മനസ്സിലുള്ള പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുകയാണ് സ്റ്റാര്‍ട്ടപിന്റെ തുടക്കം. സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുകയാണ് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ എളുപ്പത്തില്‍  തുടങ്ങാന്‍ ഇടവരുത്തുന്നത്. മനസ്സിലുദിക്കുന്ന ആശയങ്ങള്‍ ഉല്‍പന്നമായി പ്രാവര്‍ത്തികമാക്കുക എന്നതാണ് സ്റ്റാര്‍ട്ടപ്പിന്റെ രസതന്ത്രം.

 ഇന്ന് രാജ്യത്ത് ഇന്നവേഷന്‍, തൊഴില്‍ സംരംഭകത്വം (എന്റര്‍പ്രണര്‍ഷിപ്) എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം ലഭിച്ചു വരുന്നു.  പുതിയ സംരംഭങ്ങള്‍ തുടങ്ങാനുള്ള സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം രാജ്യത്ത് സജീവമായിക്കഴിഞ്ഞു.  നിരവധി സ്റ്റാര്‍ട്ടപ്പ് കമ്പനികളാണ് പുതുതായി രൂപപ്പെട്ടുവരുന്നത്.  അടുത്തയിടെ ബംഗളൂരുവില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച പതിനൊന്നാമത് ഇന്ത്യ ഇന്നവേഷന്‍ സിമ്പോസിയത്തില്‍ ഊന്നല്‍ നല്‍കിയിരുന്നത് ദേശീയതലത്തില്‍ ശുദ്ധമായ വായു, വെള്ളം എന്നിവയിലൂടെ ശുചിത്വമുള്ള  ഇന്ത്യ എന്ന  സ്വപ്നം സാക്ഷാത്കരിക്കാനുള്ള പ്രാദേശിക ഇന്നവേഷനുകള്‍ക്കാണ്.

നിര്‍മാണം, ‘ഭൌതിക സൌകര്യ വികസന, സേവന മേഖലകളില്‍ കൂടുതല്‍  തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തുകയാണ് ഇന്നവേഷന്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം വിഭാവനം ചെയ്യുന്നത്. ചെറുകിട, ഇടത്തരം സംരംഭകരാണ് ഈ മേഖലയില്‍ കൂടുതലായി പ്രവര്‍ത്തിക്കുന്നത്. ഐടി സേവന മേഖലയില്‍ മാത്രം 1999ല്‍ ഒന്നര ലക്ഷം പേരുണ്ടായിരുന്നസ്ഥാനത്ത് രാജ്യത്ത് 2015ല്‍ നാലുദശലക്ഷം പേരാണ് പ്രവര്‍ത്തിക്കുന്നത്.

ഇന്നവേഷനില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന  മേഖലകളാണ് എളുപ്പത്തില്‍ മാറാവുന്ന കഴിവ്, അനിശ്ചിതത്വം,  സങ്കീര്‍ണത,  വൈവിധ്യം  എന്നിവ അതായത് ദീര്‍ഘകാലയളവ്, അനിശ്ചിതത്വം, സങ്കീര്‍ണത, അരക്ഷിതാവസ്ഥ എന്നിവ. ആവശ്യകതയും, ലഭ്യതയും തമ്മിലുള്ള അന്തരം മനസ്സിലാക്കി വേണം സ്റ്റാര്‍ട്ടപ്പ് തുടങ്ങേണ്ടത്.  ചെലവും വരവും യുക്തിസഹമായി മനസ്സിലാക്കണം. വിപണി ലക്ഷ്യമിട്ടുള്ള  സംരംഭങ്ങള്‍ മാത്രമേ തുടങ്ങാവൂ. ഉപഭോക്താക്കളെക്കുറിച്ചും വ്യക്തമായ ധാരണ വേണം. ഉല്പനന വില, വിപണ തന്ത്രങ്ങള്‍, ലഭ്യത എന്നിവയെക്കുറിച്ച് വിശകലനം നടത്തിയിരിക്കണം.

ടെക്നോളജി രൂപപ്പെടുത്തുക, ഉപഭോക്താക്കളെ കണ്ടെത്തുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. സാധ്യതകളും സങ്കീര്‍ണതകളും വ്യക്തമായി മനസിലാക്കിയിരിക്കണം. ഡിജിറ്റല്‍ ഓപ്പറേഷന്‍ മോഡല്‍ പ്രാവര്‍ത്തികമാക്കാന്‍ പ്രവര്‍ത്തന മികവ്, ഇന്റേണല്‍ ഫോക്കസ്സ് എന്നിവ അത്യന്താപേക്ഷിതമാണ്.  ജീനോമിക്സ്, കണക്ടോമിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ളൌഡ്, സോഷ്യല്‍, മൊബൈല്‍, അനലിറ്റിക്സ്, നാനോ സയന്‍സ് എന്നിവ സാധ്യതകളുള്ള പുത്തന്‍ മേഖലകളാണ്.

-തുടരും...


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top