23 September Saturday

ബാങ്ക് ഇടപാടുകളും സ്വകാര്യതയ്ക്കുള്ള അവകാശവും

വെബ് ഡെസ്‌ക്‌Updated: Sunday Aug 28, 2016

ക്രെഡിറ്റ് കാര്‍ഡ് വേണോ, സൌജന്യമായി സിംഗപ്പുരിലേക്കൊരു യാത്ര ചെയ്യാം എന്നെല്ലാം പറഞ്ഞ് അനവസരത്തില്‍ വരുന്ന മാര്‍ക്കറ്റിങ് ഫോണ്‍ കോളുകള്‍ നമുക്കെല്ലാം നേരിടേണ്ടിവരുന്ന വലിയൊരു തലവേദനയാണ്. ഇങ്ങനെ ശല്യപ്പെടുത്തുന്ന കോളുകള്‍ വരുമ്പോഴെല്ലാം  ആലോചിക്കുന്ന ഒന്നുണ്ട്– എവിടെനിന്നാണ് ഇവര്‍ക്ക് ഫോണ്‍നമ്പര്‍ ലഭിച്ചതെന്ന്. ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു തിരിച്ചുപോരാന്‍ നേരം അവരുടെ ഫീഡ് ബാക്ക് ഫോമില്‍ നല്‍കിയ ഫോണ്‍ നമ്പറിനെക്കുറിച്ച് ഒരുപക്ഷെ ഇത്തരം വേളയില്‍ നാം ഓര്‍ക്കും.

ഇങ്ങനെ ഫീഡ്ബാക്ക് ഫോമുകളില്‍ നല്‍കിയ വിവരങ്ങള്‍ അവര്‍ മറ്റൊരു സ്ഥാപനത്തിനു വില്‍ക്കുകയും അങ്ങനെ വാങ്ങിയ കമ്പനി അവരുടെ വിപണന ആവശ്യങ്ങള്‍ക്കായി ഇത്തരം ഫോണ്‍നമ്പര്‍ ഉള്‍പ്പെടെയുള്ള ഡാറ്റ ഉപയോഗിക്കുകയും ചെയ്യുന്നുണ്ടാകാം. ഇത്തരത്തില്‍ പലര്‍ക്കും നിങ്ങളുടെ ഫോണ്‍നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കാറുണ്ടല്ലോ. ബാങ്കുകള്‍ക്ക് പ്രത്യേകിച്ചും. ഇങ്ങനെ ബാങ്കുകള്‍ക്കു നല്‍കുന്ന വ്യക്തിഗത വിവരങ്ങള്‍ മറ്റുള്ളവര്‍ക്കു ലഭിക്കുമോ? ഇല്ലെന്ന് പെട്ടെന്നുതന്നെ പറയാനാകും. ബാങ്കിങ് കോഡ്സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ബോര്‍ഡ് ഓഫ് ഇന്ത്യ (ബിസിഎസ്ബിഐ) നിഷ്കര്‍ഷിക്കുന്ന അതി കര്‍ശനമായ മാനദണ്ഡങ്ങളാണ് ഇങ്ങനെ ഒരു മറുപടി നല്‍കാന്‍ പ്രാപ്തരാക്കുന്നത്. ഉപയോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും അവരുടെ രഹസ്യവിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതില്‍നിന്ന് ബാങ്കുകളെ തടയുകയും ചെയ്യുന്ന അര്‍ധ നിയന്ത്രണ സംവിധാനമാണ് ഈ ബിസിഎസ്ബിഐ.

സ്വകാര്യത സംരക്ഷിക്കണം

അടുത്തിടെ ഉത്തരേന്ത്യയില്‍ ഒരിടത്തുണ്ടായ സംഭവം ഇവിടെ പ്രസക്തമാണ്. തന്റെ സഹോദരിയുമായി ചേര്‍ന്ന് ജോയിന്റ് അക്കൌണ്ട് ആരംഭിച്ച ഒരു സ്ത്രീ തന്റെ അക്കൌണ്ട്് വിവരങ്ങള്‍ കോടതിയില്‍ തെളിവായി സമര്‍പ്പിക്കപ്പെട്ടതറിഞ്ഞ് അത്ഭുതപ്പെട്ടു. അവരും ‘ഭര്‍ത്താവും തമ്മിലുള്ള തര്‍ക്കത്തിന്റെ ‘ഭാഗമായാണ് ഇത് സമര്‍പ്പിച്ചത്. എന്നാല്‍ അവരൊ സഹോദരിയൊ  ബാങ്ക് അക്കൌണ്ട്്  വിവരങ്ങള്‍ നല്‍കാന്‍ ബാങ്കിനെ ചുമതലപ്പെടുത്തിയിരുന്നില്ല. ഇങ്ങനെയുള്ള വിവരമാണ് ‘ഭര്‍ത്താവ് നിയമവിരുദ്ധമായി സമര്‍പ്പിച്ചത്. ഭര്‍ത്താവുമായുള്ള കുടുംബ പ്രശ്നങ്ങളെക്കുറിച്ചു തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും ആവശ്യമുള്ള വിവരങ്ങളെല്ലാം ഭര്‍ത്താവിന്റെ കൈവശം ഉണ്ടായിരുന്നു എന്നുമെല്ലാം ചൂണ്ടിക്കാട്ടി ബാങ്ക് തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിച്ചു. എന്നാല്‍  ഇതൊന്നും ബാങ്ക് ചെയ്ത കുറ്റത്തിന്റെ രൂക്ഷത കുറയ്ക്കാന്‍ സഹായകമായിരുന്നില്ല. അക്കൌണ്ട്്  ഉടമയുടെ ചുമതലപ്പെടുത്തലില്ലാതെ ഒരുവിവരവും നല്‍കാന്‍ ബാങ്കിന് അധികാരമില്ലെന്നതാണ് വസ്തുത. ജോയിന്റ് അക്കൌണ്ട്  ആണെങ്കില്‍ അക്കൌണ്ട്്  ഉടമകളില്‍ ആരെങ്കിലും ഇതു ചെയ്യണം.

    സ്വകാര്യത ലംഘിക്കുക എന്നാല്‍ വിശ്വസ്തത ഇല്ലാതാക്കുക എന്നാണ് അര്‍ഥം. ഉപയോക്താക്കളുടെ വിവരങ്ങള്‍ അനാവശ്യമായി ലഭ്യമാക്കുന്ന ബാങ്കിന്റ നടപടി ഉപയോക്താക്കളുടെ വിശ്വാസ്യത ഇല്ലാതാക്കുന്ന പ്രവൃത്തിയാണ്. ബാങ്കുകള്‍ സുരക്ഷ സംബന്ധിച്ച് കൃത്യമായ നിലവാരം പാലിക്കണം എന്നാണ് ഉപയോക്താക്കള്‍ ആഗ്രഹിക്കുന്നത്. ഇതിന് എന്നത്തേക്കാളും പ്രാധാന്യമുള്ള ഇക്കാലത്ത് അവര്‍ കൂടുതല്‍ പ്രതീക്ഷിക്കുകയും ചെയ്യും. തങ്ങളുടെ വിവരങ്ങള്‍, പ്രത്യേകിച്ച് സാമ്പത്തിക വിവരങ്ങള്‍, മറ്റാര്‍ക്കെങ്കിലും ലഭ്യമാക്കി എന്ന് ഉപയോക്താക്കള്‍ക്കു മനസ്സിലായാല്‍ അതു വന്‍ സമ്മര്‍ദവും അസന്തുഷ്ടിയുമാകും അവരില്‍ ഉണ്ടാക്കുക. സാമ്പത്തിക സുരക്ഷിതത്വം നഷ്ടമായി എന്ന തോന്നലും അവരിലുണ്ടാകും.

    ബാങ്കുകള്‍ ഇത്തരത്തില്‍ സുരക്ഷയുടെ കാര്യത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു എന്നത് ഒരു വസ്തുതയാണ്. എന്നാലും ഇക്കാര്യങ്ങളില്‍ എന്തെങ്കിലും വീഴ്ച ഉണ്ടായാല്‍ അവ പരിഹരിക്കാന്‍ എന്താണ് മാര്‍ഗം എന്നതിനക്കുറിച്ചും നാം ബോധവാന്മാരാകണം. ഉപയോക്താക്കള്‍ക്കു സേവനം നല്‍കുമ്പോള്‍ അംഗങ്ങളായിട്ടുള്ള ബാങ്കുകള്‍ പാലിക്കേണ്ട നിര്‍ദേശങ്ങളുണ്ട്. അതുവഴി അവര്‍ക്കു സംരക്ഷണം നല്‍കുകയും സേവനത്തിന്റെ ഗുണനിലവാരം ഉറപ്പിക്കുകയുമാണ് ഉദ്ദേശിക്കുന്നത്. ഇത്തരത്തിലൊരു സംവിധാനം ഉള്ളതിനാല്‍ ഉപയോക്താക്കള്‍ക്ക് പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ അവസരം ലഭിക്കുന്നു. ഉദാഹരണത്തിന് വിശ്വാസ്യത ലംഘിക്കുന്ന നടപടികളുമായി ബന്ധപ്പെട്ട് ബാങ്കിന്റെ ഉപഭോക്തൃ സംരക്ഷണ ഓഫിസറെ സമീപിക്കാം. ഇതില്‍ സംതൃപ്തിയില്ലെങ്കില്‍ അതതു മേഖലയിലെ ബാങ്കിങ് ഓംബുഡ്സ്മാനെ സമീപിക്കാം.
 
ബാങ്കിങ് ഓംബുഡ്സ്മാന്‍


ബാങ്കുകളുടെ സേവനവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ റിസര്‍വ് ബാങ്ക് അനുവദിച്ചിട്ടുള്ള സംവിധാനമാണ് ബാങ്കിങ് ഓംബുഡ്സ്മാന്‍. ബാങ്കിങ് ഓംബുഡ്സ്മാന്റെ തീരുമാനത്തില്‍ സംതൃപ്തനല്ലെങ്കില്‍ ഉപഭോക്തൃ ഫോറത്തെ സമീപിക്കാനും അവസരമുണ്ട്. ബാങ്കും ഉപയോക്താവുമായുള്ള ബന്ധത്തില്‍ ഉപയോക്താവിന്റെ വിവരങ്ങള്‍ സൂക്ഷിക്കാനുള്ള ബാധ്യതയും ഉത്തരവാദിത്തവും വളരെ ശക്തമായിട്ടുണ്ട്. രഹസ്യാത്മകത എന്നത് കേവലം അക്കൌണ്ട് ഇടപാടുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല.  ബാങ്ക് ശേഖരിക്കുന്ന വിവരങ്ങള്‍,  അത് എന്താവശ്യത്തിനാണൊ ശേഖരിച്ചത് അതിനല്ലാതെ ഉപയോഗിക്കാനൊ ഉപയോക്താവിന്റെ സമ്മതമില്ലാതെ മൂന്നാമതൊരു കക്ഷിക്കു കൈമാറാനൊ പാടില്ല. എന്നാല്‍ എല്ലാ കാര്യങ്ങളും ബാങ്കുതന്നെ ശ്രദ്ധിച്ചുകൊള്ളും എന്നു കരുതുന്നതും നല്ലതല്ല. ഓരോരുത്തരും അവരവരുടെ നിലയ്ക്ക് സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.

    ബിസിഎസ്ബിഐ പ്രകാരം ലഭിക്കുന്ന സംരക്ഷണങ്ങളെക്കുറിച്ചു സൂചിപ്പിച്ചല്ലോ. ഇതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ കൂടി പരിശോധിക്കാം. ബിസിഎസ്ബിഐ മാനദണ്ഡങ്ങള്‍ അനുസരിച്ച് എല്ലാ വ്യക്തിഗത, ബിസിനസ് വിവരങ്ങളും രഹസ്യമായി കണക്കാക്കണം. ഇതുമായി ബന്ധപ്പെട്ടവര്‍ നിലവില്‍ ഉപയോക്താക്കള്‍ അല്ലെങ്കിലും ഈ മാനദണ്ഡം ബാധകമാണ്. അക്കൌണ്ട്  വിവരങ്ങള്‍ നല്‍കുന്നതിനും ഇതു ബാധകമാണ്. ഉപയോക്താക്കള്‍ വ്യക്തമായി ബാങ്കിനെ ചുമതലപ്പെടുത്തിയാലല്ലാതെ അവരുടെ വ്യക്തിപരമൊ ബിസിനസ്പരമൊ ആയ വിവരങ്ങള്‍ മാര്‍ക്കറ്റിങിനായി ഉപയോഗിക്കരുത്. ഉപയോക്താക്കളുടെ അനുവാദത്തോടെ മാത്രമെ അവരെ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ നല്‍കാവൂ. നിലവിലെ നിയമപ്രകാരം  ബാങ്കിന്റെ പക്കലുള്ള  ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ സംബന്ധിച്ച്  അവര്‍ക്കുള്ള അവകാശങ്ങള്‍ എത്രത്തോളമാണന്ന് അവര്‍ക്കു വിശദീകരിച്ചു കൊടുക്കണമെന്നും ബിസിഎസ്ബിഐ  വ്യവസ്ഥചെയ്യുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top