02 April Sunday

റബറിന് തകര്‍ച്ച; സ്വര്‍ണത്തിന് സർവകാല റെക്കോഡ്

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019

ചിങ്ങം പിറന്നതോടെ ആകാശം തെളിഞ്ഞത്‌ റബർ കർഷകർക്ക്‌ ടാപ്പിങ്ങിന്‌ അവസരം ഒരുക്കും. ഓണാവശ്യങ്ങൾ മുന്നിൽക്കണ്ട്‌ ഈ വാരം ലാറ്റക്‌സും ഷീറ്റും വിൽപ്പനയ്‌ക്ക്‌ ഇറക്കാനുള്ള നീക്കം കാർഷിക മേഖലയിൽ നിന്നുണ്ടാകും. വ്യവസായികളുടെ പിന്തുണ ഉറപ്പുവരുത്താനായാൽ മാത്രമെ റബറിന്‌ പിടിച്ചുനിൽക്കാനാകൂ. ആർഎസ്‌എസ്‌ നാലാം ഗ്രേഡ്‌ റബർവില 14,400 രൂപയിൽനിന്ന്‌ വാരാന്ത്യം 13,900 ലേക്ക്‌ ഇടിഞ്ഞു. അഞ്ചാം ഗ്രേഡിന്‌ 700 രൂപ കുറഞ്ഞ്‌ 13,500 ലാണ്‌.

രാജ്യാന്തര വിപണിയിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ റബർ കുടുതൽ പ്രതിസന്ധിയിൽ അകപ്പെടാം. ടോക്കോം എക്‌സ്‌ചേഞ്ചിൽ റബർ വിലത്തകർച്ചയുടെ പിടിയിലാണ്‌. കിലോ 174 യെന്നിലെ നിർണായകമായ താങ്ങ്‌ നിലനിർത്തുന്നതിൽ വിപണിക്ക്‌ നേരിട്ട തിരിച്ചടി റബറിനെ തളർത്തിയേക്കാം. വാരാവസാനം കിലോ 168 യെന്നിലേക്ക്‌ ഇടിഞ്ഞ റബർ നിലവിലെ സാഹചര്യത്തിൽ 148 യെൻ വരെ നീങ്ങാൻ ഇടയുണ്ട്‌. തായ്‌ലൻഡും മലേഷ്യയും ഇന്തോനേഷ്യയും റബർ വിൽപ്പനക്കാരായി രംഗത്തുണ്ട്‌. വിയറ്റ്‌നാമും ഏഷ്യൻ മാർക്കറ്റുകളിൽ റബർ വാഗ്‌ദാനം ചെയ്‌തു. ഇതിനിടയിലാണ്‌ നമ്മുടെ ഉൽപ്പാദകർ പുതിയ ചരക്ക്‌ രംഗത്ത്‌ ഇറക്കുന്നത്‌. ടയർ ഭീമൻമാർ ഇറക്കുമതിക്ക്‌ തന്നെയാണ്‌ മുൻതുക്കം നൽകുന്നത്‌. വാരാന്ത്യം ബാങ്കോക്കിൽ റബർവില 10,901 രൂപയിലാണ്‌.

സ്വർണം ഉയർന്ന വിലയിൽ
സ്വർണവിപണിയിൽ വീണ്ടും റെക്കോഡ്‌ പ്രകടനം. ആഭരണകേന്ദ്രങ്ങളിൽ പവൻ 28,000ൽനിന്ന്‌ 27,840 ലേക്ക്‌ താഴ്‌ന്നശേഷം വെള്ളിയാഴ്‌ച  വീണ്ടും 28,000  രൂപയായി ഉയർന്നു. വാരാന്ത്യം പവന്‌ 320 രൂപ ഉയർന്ന്‌ സർവകാല റെക്കോഡായ 28,320 ലാണ്‌ വ്യാപാരം നടന്നത്‌. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്‌ 3540 രൂപയായി. വിവാഹ സീസനാണെങ്കിലും വിലക്കയറ്റം വാങ്ങലുകാരെ പിരിമുറുക്കത്തിലാക്കി. ന്യൂയോർക്കിൽ സ്വർണവില ട്രോയ്‌ ഔൺസിന്‌ 1512 ഡോളറിൽനിന്ന്‌ 1492 ലേക്ക്‌ താഴ്‌ന്നശേഷം ശക്തമായ തിരിച്ചുവരവിൽ 1527 ഡോളറിലേക്ക്‌ കയറി.

ഏലം വിലയിടിഞ്ഞു
ഏലക്ക സീസൺ ആരംഭിച്ചു. ലേലകേന്ദ്രങ്ങളിൽ ചെറിയ അളവിൽ പുതിയ ചരക്ക്‌ എത്തിക്കാനുള്ള ശ്രമത്തിലാണ്‌ കാർഷികമേഖല. പ്രതികുല കാലാവസ്ഥമൂലം  മൂന്നുമാസം വൈകിയാണ്‌ ഇക്കുറി വിളവെടുപ്പിന്‌ തുടക്കം കുറിച്ചത്‌.  ഇടപാടുകാർ ലേലകേന്ദ്രങ്ങളിൽ പിടിമുറുക്കിയതോടെ മികച്ചയിനം കിലോ 7000 രൂപവരെ ഉയർന്ന്‌ റെക്കോഡ്‌ സ്ഥാപിച്ചിരുന്നു.

നാളികേര വിപണി സജീവമായി
ഓണാവശ്യങ്ങൾ  മുന്നിൽക്കണ്ട്‌ പ്രാദേശിക വ്യാപാരികൾ എണ്ണ ശേഖരിക്കാൻ രംഗത്ത്‌ എത്തിയതോടെ മില്ലുകാർ വെളിച്ചെണ്ണവില 14,600ൽനിന്ന്‌ 15,200 ലേക്ക്‌ ഉയർത്തി.  കൊപ്ര 9,785 രൂപയിൽനിന്ന്‌ 10,170 രൂപയായി. തമിഴ്‌നാട്ടിലെ മില്ലുകാർ ഉയർന്ന അളവിൽ എണ്ണ കേരളത്തിൽ വിൽപ്പനയ്‌ക്ക്‌ ഇറക്കാൻ ഇതിനകം സജ്ജമാക്കിയിട്ടുണ്ട്‌. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top