22 March Wednesday

ഇറാം ഗ്രൂപ്പ് കേരളത്തില്‍ സജീവമാകുന്നു

വാണിജ്യകാര്യ ലേഖികUpdated: Sunday Jun 26, 2016

പെട്രോ കെമിക്കല്‍ രംഗത്ത് ആഗോളതലത്തില്‍ സാന്നിധ്യമറിയിച്ച സൌദി അറേബ്യ ആസ്ഥാനമായ ഇറാം ഗ്രൂപ്പ്  കേരളത്തില്‍ സജീവമാകാനൊരുങ്ങുന്നു. സാമൂഹ്യ സംരംഭക രംഗത്ത്  തന്റേതായ സംഭാവനകള്‍ നല്‍കാനാണ് മലയാളിയായ ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സിദ്ദിഖ് അഹമ്മദിന്റെ ലക്ഷ്യം.  ഇതിനായി സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് തൊഴില്‍ നൈപുണ്യ വികസനം, ഇ–ടോയ്ലറ്റ് സംവിധാനം, കുളങ്ങളുടെയും കിണറുകളുടെയും നവീകരണം, നിര്‍മാണമേഖലയിലെ സഹകരണം തുടങ്ങിയ വിവിധ മേഖലകളില്‍ പ്രവര്‍ത്തനം വിപുലമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഗ്രൂപ്പ്.

ഇതിന്റെ ആദ്യ പടിയായി തൊഴില്‍ നൈപുണ്യ വികസന രംഗത്ത് എണ്ണ–വാതക  ഖനന, വിതരണ മേഖലകളില്‍ കേരളത്തില്‍നിന്നുള്ള യുവാക്കളുടെ തൊഴില്‍വൈദഗ്ധ്യം ഉറപ്പാക്കുന്നതിനായി അങ്കമാലി ഇന്‍കെലില്‍ ആരംഭിച്ച എസ്പോയര്‍ എന്ന നൈപുണ്യകേന്ദ്രത്തില്‍ ആദ്യ ബാച്ച്  പരിശീലനം നേടിയ എല്ലാവര്‍ക്കും ഗള്‍ഫില്‍ തൊഴില്‍ ലഭ്യമാക്കിക്കഴിഞ്ഞു. 85 വിദ്യാര്‍ഥികളാണ് ഇത്തരത്തില്‍ തൊഴില്‍ നേടിയത്്. സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന എസ്പോയര്‍ അക്കാദമിയില്‍ ഒരേ സമയം 400 വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള അത്യാധുനിക സൌകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് സിദ്ദിഖ് അഹമ്മദ് പറഞ്ഞു.

 ഗ്രൂപ്പിന്റെ കീഴിലുള്ള സാമൂഹ്യ സംരംഭമായ തിരുവനന്തപുരത്തെ ഇറാം സയന്റിഫിക് സൊല്യൂഷന്‍സ് രൂപംനല്‍കിയ ഇലക്ട്രോണിക് പബ്ളിക് ടോയ്ലറ്റ് ഇന്ത്യയില്‍ ഇത്തരത്തില്‍ ആദ്യത്തേതാണ്്. സ്ഥാപിക്കാനും പ്രവര്‍ത്തിപ്പിക്കാനും എളുപ്പമുള്ള ഇ–ടോയ്ലറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആളെ ആവശ്യമില്ലെന്ന പ്രത്യേകതയുമുണ്ട്. ഊര്‍ജസൌഹൃദമായ സംവിധാനത്തില്‍ സ്വയം വൃത്തിയാക്കുന്ന സൌകര്യങ്ങളുണ്ട്. സെന്‍സറുകളുള്ള ഇവ നാണയം ഉപയോഗിച്ചാണ്  പ്രവര്‍ത്തിപ്പിക്കുന്നത്. രാജ്യത്തെ 19 സംസ്ഥാനങ്ങളില്‍ 2000ത്തോളം ഇ–ടോയ്ലറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് സിദ്ദിഖ് അഹമ്മദ് പറഞ്ഞു. തമിഴ്നാട്ടിലാണ് ഏറെയും. അടുത്തഘട്ടത്തില്‍ കേരളത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  സ്കൂളുകള്‍ക്കായുള്ള ഇ–ലൈറ്റ് ടോയ്ലറ്റുകള്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.

പഞ്ചായത്തുകളുമായി സഹകരിച്ച് വരള്‍ച്ചബാധിത ജില്ലായായ പാലക്കാട്ടെ 50 പൊതുകിണറുകളും 64 പൊതുകുളങ്ങളും ശുചീകരിക്കാനും അവയുടെ പരിപാലനം ഏറ്റെടുത്തു നടപ്പാക്കാനും പദ്ധതി നടപ്പാക്കുന്നുണ്ട്. പഞ്ചായത്തുകളുമായി സഹകരിച്ച് ജലസംരക്ഷണപദ്ധതിയും നടപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് സാമൂഹ്യ പ്രതിബദ്ധതാ നടപടികളുടെ ഭാഗമായി 50 ഭവനങ്ങള്‍ നിര്‍മിച്ചുനല്‍കുന്നതിനു പുറമെ 50 ഡയാലിസിസ് യൂണിറ്റുകള്‍ വിവിധ സന്നദ്ധസംഘടനകള്‍ക്കായി നല്‍കിയിട്ടുമുണ്ട്. പട്ടാമ്പിക്കടുത്ത് കരിങ്ങനാട് കരുണ സ്കൂള്‍ ഏറ്റെടുത്ത് മറിയുമ്മ മെമ്മോറിയല്‍ പബ്ളിക് സ്കൂള്‍ എന്ന പേരില്‍  സാമൂഹ്യ പ്രതിബദ്ധാപ്രവര്‍ത്തനങ്ങളില്‍ ഒരുപടികൂടി മുന്നേറിക്കഴിഞ്ഞു ഗ്രൂപ്പ്. കൊല്ലത്ത് നിര്‍മാണമേഖലയില്‍ ചില പദ്ധതികളും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നു. സ്മാര്‍ട്ട്സിറ്റി അനുബന്ധ സൊല്യൂഷനുകള്‍, വ്യാവസായികാവശ്യത്തിനുള്ള യുപിഎസ് ഇവയുടെ മേഖലയിലേക്കും കടക്കാനുദ്ദേശിക്കുന്നു.

തിരുവനന്തപുരത്ത് ടെക്നോ പാര്‍ക്കില്‍ ഇറാം ഇന്‍ഫോടെക് എന്ന പേരില്‍ ഇ–കൊമേഴ്സ്, വിനോദ മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കൊച്ചിയില്‍ അനിമേഷന്‍ സ്റ്റുഡിയോ നടത്തുന്ന ഗ്രൂപ്പ് മലബാറില്‍ ഇറാം മോട്ടോഴ്സ് ആരംഭിച്ച് മഹിന്ദ്രവാഹനങ്ങളുടെ വിതരണവും നടത്തുന്നു. ഫുഡ്കോയില്‍ ഓഹരി പങ്കാളിത്തത്തിലൂടെ  ഭക്ഷ്യോല്‍പ്പന്ന കയറ്റുമതിയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിന്റെ ബില്‍ ആന്‍ഡ് മെലിന്‍ഡാ ഗേറ്റ്സ് ഫൌണ്ടേഷന്റെ ഗ്രാന്റു സ്വീകരിച്ച്  കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി ചേര്‍ന്ന് നടത്തുന്ന സാനിറ്റേഷന്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് തമിഴ്നാടിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

കേന്ദ്രസര്‍ക്കാരിന്റെ സ്വഛ്ഭാരത് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടപ്പാക്കുന്നതിന്റെ അംഗീകാരമായി പ്രധാനമന്ത്രിയില്‍നിന്ന് സിദ്ദിഖ് അഹമ്മദ് അവാര്‍ഡ് ഏറ്റുവാങ്ങിയിട്ടുമുണ്ട്.
 പെട്രോ കെമിക്കല്‍ രംഗത്ത് മൂന്നു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ഇറാം ഗ്രൂപ്പ് ഓയില്‍, ഗ്യാസ്, ഇന്‍ഡസ്ട്രിയല്‍ കോണ്‍ട്രാക്ട്, പ്രോജക്ട് മാനേജ്മെന്റ് സൊല്യൂഷന്‍, ഓട്ടോമോട്ടീവ്, ആരോഗ്യ പരിചരണം, ട്രാവല്‍, ഐടി, നിര്‍മാണം, ട്രേഡിങ് ആന്‍ഡ് പ്രോഡക്ട് റെപ്രസന്റേഷന്‍, എച്ച് ആര്‍ കണ്‍സള്‍ട്ടന്‍സി, മാന്‍പവര്‍ റിക്രൂട്ട്മെന്റ് തുടങ്ങിയ മേഖലകളിലെ നിറഞ്ഞസാന്നിധ്യമാണ്. ഗള്‍ഫ്, യൂറോപ്പ്, ഇന്ത്യ,ആഫ്രിക്ക എന്നിവിടങ്ങളിലെല്ലാം സാന്നിധ്യമുള്ള ഗ്രൂപ്പിന് കീഴില്‍ 40കമ്പനികളുണ്ട്. 15,000 പേര്‍ക്ക് തൊഴില്‍ ഒരുക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top