08 December Thursday

വിദ്യാഭ്യാസ ആസൂത്രണം കുട്ടിയുടെ ചെറുപ്പത്തിലേ തുടങ്ങാം

കെ കെ ജയകുമാര്‍Updated: Sunday Mar 26, 2017

കുട്ടികളുടെ ഉന്നതവിദ്യാഭ്യാസം എല്ലാ മാതാപിതാക്കളുടെയും സ്വപ്നമാണ്. എന്നാല്‍ അതിനുള്ള പണം കണ്ടെത്താനായി മുന്നോരുക്കം നടത്താന്‍ എല്ലാവര്‍ക്കും മടിയാണ്. പ്ളസ്ടു കഴിയുന്നതോടെ ഉന്നതവിദ്യാഭ്യാസം മികച്ച കോളേജുകളില്‍തന്നെ വേണമെന്നാണ്. ഒരുവിഭാഗം മാതാപിതാക്കള്‍ മക്കള്‍ പഠിച്ച് എത്രയുംവേഗം ജോലി നേടി കുടുംബത്തിന് കൈത്താങ്ങാകണമെന്നും ആഗ്രഹിക്കുന്നു. പക്ഷേ ഇതിനായി ഏറെ ജോലിസാധ്യതയുള്ള കോഴ്സിനു ചേര്‍ക്കാനുള്ള പണമൊന്നും അവരുടെ കൈയിലുണ്ടാകില്ല. എന്താണ് ഇതിനൊരു പോംവഴി. കുട്ടിയുടെ ചെറുപ്പത്തിലേ ഇതിനുള്ള ആസൂത്രണം ആരംഭിക്കുക. ലഘു സമ്പാദ്യങ്ങളെ നിക്ഷേപമാക്കി മാറ്റുക.
പഠിക്കാനും ജോലി കണ്ടെത്താനും എത്രകാലംവരെയും സാമ്പത്തികമായി സഹായിക്കാന്‍കഴിയുന്ന അവസ്ഥയിലാണെങ്കില്‍ അതിനനുസരിച്ചുള്ള ആസൂത്രണം വേണം. പരമാവധി ബിരുദം, ബിരുദാനന്തരംവരെയൊക്കെ പഠിപ്പിക്കാം എന്നതാണ് തീരുമാനമെങ്കില്‍ അതിനുള്ള ഫണ്ട് ഉണ്ടാക്കാന്‍കഴിയുമോ എന്ന് വിലയിരുത്തണം. ഫണ്ട് ഉണ്ടാക്കാന്‍കഴിയില്ല എന്നാണ് വിശ്വസിക്കുന്നതെങ്കില്‍ കുട്ടിക്ക് മെറിറ്റില്‍ പ്രവേശനം കിട്ടിയാല്‍ മാത്രം പോസ്റ്റ് ഗ്രാജ്വേഷന് വിടാം എന്നു തീരുമാനിക്കുക. അല്ലെങ്കില്‍ ബിരുദം കഴിഞ്ഞ് ജോലിചെയ്തു പണമുണ്ടാക്കിയശേഷം പിജിക്കു പോകുന്ന സാധ്യത പരിഗണിക്കാം. ഇതാണ് തീരുമാനമെങ്കില്‍ കുട്ടിക്ക് നന്നായി പഠിക്കാനുള്ള പ്രോത്സാഹനം ചെറിയ ക്ളാസ്മുതല്‍ നല്‍കണം. നിങ്ങളുടെ ജോലിക്കിടയില്‍ സമയം കണ്ടെത്തി കുട്ടിയെ പഠനത്തില്‍ സഹായിക്കണം.

പഠനം പൂര്‍ത്തിയാക്കിയ ഉടനെ ഏതെങ്കിലും ജോലി കണ്ടെത്തി കുടുംബത്തെ സഹായിക്കണം എന്ന സാമ്പത്തികാവസ്ഥയാണെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം. പെട്ടെന്ന് ജോലികിട്ടാന്‍ സഹായിക്കുന്ന പ്രൊഫഷണല്‍ കോഴ്സുകള്‍ തെരഞ്ഞെടുത്ത് അതു വേണം പഠിപ്പിക്കാന്‍. ഇക്കാര്യം കുട്ടിയെ നേരത്തെതന്നെ പറഞ്ഞ് ബോധ്യപ്പെടുത്തുന്നതും നല്ലതാണ്.

ഇതില്‍ ഏതു വിഭാഗത്തിലുള്ളയാളാണ് നിങ്ങളെന്ന് കണ്ടെത്തിയാല്‍ അതിനനുസരിച്ചുള്ള ആസൂത്രണം ആരംഭിക്കണം. തല്‍ക്കാലം ഒരു കുട്ടിയുടെ ഉന്നതവിദ്യാഭ്യാസത്തിനുള്ള ഫിനാന്‍ഷ്യല്‍ പ്ളാനര്‍ ഉണ്ടാക്കാം. മറ്റ് കുട്ടികളുടെ കാര്യത്തില്‍ ഇത് ആവര്‍ത്തിച്ചാല്‍ മതിയാകും. ഏതു കോഴ്സ് പഠിപ്പിക്കാനാണോ തീരുമാനിച്ചിരിക്കുന്നത് ആ കോഴ്സിന്റെ ഇപ്പോഴത്തെ നിലയിലുള്ള ചെലവ്  എത്രയാണെന്ന്് അറിയണം. ഇവിടെ നിങ്ങളുടെ ഉള്ളില്‍ ഒരു സംശയം ഉയരാം. 10 വര്‍ഷം മുമ്പേതന്നെ കുട്ടിയെ ഇന്ന കോഴ്സ് പഠിപ്പിക്കും എന്ന് മുന്‍കൂട്ടി തീരുമാനിക്കേണ്ടതുണ്ടോ എന്ന്. പക്ഷേ ഒരു കോഴ്സിനു പഠിപ്പിക്കണം എന്ന് ലക്ഷ്യമിട്ട് പണം സ്വരുക്കൂട്ടുന്നതില്‍ തെറ്റില്ലല്ലോ. എന്‍ജിനിയറിങ് പഠിപ്പിക്കണം എന്ന ലക്ഷ്യത്തില്‍ പണം സ്വരുക്കൂട്ടി. പ്ളസ്ടു കഴിഞ്ഞപ്പോള്‍ കുട്ടി പറയുകയാണ് എനിക്ക് ഫൈന്‍ ആര്‍ട്സിനു പോയാല്‍ മതിയെന്ന്. എന്‍ജിനിയറിങ്ങിനു പഠിക്കാനുള്ള പണം ഉണ്ടാക്കിയതുകൊണ്ടുമാത്രം കുട്ടി അത് പഠിക്കണമെന്നു ശഠിക്കാതിരുന്നാല്‍ മതി. ആ പണം മറ്റെന്തെങ്കിലും കാര്യത്തിന് ഉപയോഗിക്കാമല്ലോ.

ഇപ്പോഴത്തെ നിലയിലുള്ള ചെലവു കണക്കാക്കി യഥാര്‍ഥത്തില്‍ എന്‍ജിനിയറിങ്ങിനു ചേരുന്ന സമയത്തെ വാല്യൂ അഥവ വിദ്യാഭ്യാസ ചെലവ് കണ്ടെത്തുക. ഇപ്പോള്‍ 10 ലക്ഷം രൂപയാണ് പഠനച്ചെലവെന്നു കരുതുക. കുട്ടി പഠിക്കാന്‍ ചേരുന്നത് 10 വര്‍ഷം കഴിഞ്ഞാണ് എന്നും കരുതുക. ഇപ്പോഴത്തെ 10 ലക്ഷം രൂപയാകില്ല അന്നത്തെ യഥാര്‍ഥ ചെലവ്. പിന്നെ എത്രയാകും യഥാര്‍ഥ ചെലവ്? വിദ്യാഭ്യാസ ചെലവിലെ ഇപ്പോഴത്തെ വിലക്കയറ്റം ശരാശരി ഒമ്പതു ശതമാനമാണ്. അടുത്ത 10 വര്‍ഷവും ഇത് ഇങ്ങനെത്തന്നെ ആകുമെന്ന അനുമാനത്തിലാണ് വിദ്യാഭ്യാസ ചെലവിന്റെ ഭാവിയിലെ ഉയര്‍ച്ച കാണേണ്ടത്. അത് കണ്ടുപിടിക്കാനുള്ള ഫ്യൂച്ചര്‍ വാല്യൂ കാല്‍ക്കുലേറ്റര്‍ ഇന്റര്‍നെറ്റില്‍ സുലഭമാണ്.

ഇതിനായി എത്ര തുക പ്രതിമാസം മാറ്റിവയ്ക്കാനുണ്ട് എന്ന് തീരുമാനിക്കുക. നിങ്ങളുടെ റിസ്ക്കെടുക്കാനുള്ള ശേഷി എത്രയാണ് എന്നു നോക്കുക. ഉയര്‍ന്ന റിസ്ക്കെടുക്കാന്‍ ശേഷിയുള്ള ആളാണെങ്കില്‍ ഓഹരിഅധിഷ്ഠിത നിക്ഷേപമാര്‍ഗം സ്വീകരിക്കാം. മിതമായ രീതിയില്‍ റിസ്ക്കെടുക്കാന്‍ ശേഷിയുള്ള ആളാണെങ്കില്‍ സന്തുലിതമാര്‍ഗം സ്വീകരിക്കാം. ഒട്ടും റിസ്ക്കെടുക്കാനുള്ള ശേഷിയില്ലെങ്കില്‍ പണം മുഴുവന്‍ ബാങ്ക് ഡെപ്പോസിറ്റ്പോലുള്ള സ്ഥിരനിക്ഷേപ മാര്‍ഗങ്ങളില്‍ നിക്ഷേപിക്കാം. പ്രതിമാസം മാറ്റിവയ്ക്കുന്ന തുക ഓരോന്നിലും നിശ്ചിതശതമാനംവീതമാണ് നിക്ഷേപിക്കേണ്ടത്. ഓഹരിയില്‍ നേരിട്ട് 15 ശതമാനവും, ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടില്‍ 20 ശതമാനവും പബ്ളിക് പ്രോവിഡന്റ് ഫണ്ടില്‍ 30 ശതമാനവും കടപ്പത്രാധിഷ്ഠിത ഡെറ്റ് മ്യൂച്വല്‍ ഫണ്ടില്‍ 25 ശതമാനവും ഗോള്‍ഡ് ഫണ്ടില്‍ 10 ശതമാനവും വീതം നിക്ഷേപിക്കാം. ഓഹരിനിക്ഷേപം മോശം നിലയിലാകുമ്പോള്‍ കടപ്പത്ര മ്യൂച്വല്‍ ഫണ്ടിലെയും ഗോള്‍ഡ് ഫണ്ടിലെയും നിക്ഷേപത്തില്‍നിന്ന് മികച്ച ലാഭം കിട്ടും. അതേപോലെ മറിച്ചും. ഈ രീതിയില്‍ നിക്ഷേപിച്ചാല്‍ പണം പെരുകി ലക്ഷ്യസമയത്ത് നല്ല ഫണ്ട് സ്വരുക്കൂട്ടാന്‍ കഴിയും. എല്ലാ വര്‍ഷവും ഫണ്ടുകളുടെ പ്രകടനം വിലയിരുത്തി അവ നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കണം. പ്രതിമാസ നിക്ഷേപതുക ഓരോ വര്‍ഷവും 10 ശതമാനംവീതം വര്‍ധിപ്പിച്ചാല്‍ ലക്ഷ്യമിട്ടതില്‍ കൂടുതല്‍ തുക ലഭിക്കാനും സഹായിക്കും.

നിക്ഷേപിക്കേണ്ടവിധം
മികച്ച ഓഹരികള്‍ വിദഗ്ധരുടെ സഹായത്തോടെ കണ്ടെത്തി നിക്ഷേപിക്കണം. ഓഹരിവിപണിയില്‍ അവസരം വരുമ്പോഴെക്കെ നല്ല ഓഹരികള്‍ വിലക്കുറവില്‍ ലഭിക്കുമ്പോള്‍ വാങ്ങിക്കണം. വിദ്യാഭ്യാസ ചെലവിനായി പ്രതിമാസം മാറ്റിവയ്ക്കുന്ന തുകയുടെ 15 ശതമാനം തുകയേ ഇതിനായി വിനിയോഗിക്കാവൂ. ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടില്‍ ചെറിയ തുകകള്‍ പ്രതിമാസ തവണകളായി എസ്ഐപി മാതൃകയിലാണ് നിക്ഷേപിക്കേണ്ടത്. പബ്ളിക് പ്രോവിഡന്റ് ഫണ്ടില്‍ പ്രതിവര്‍ഷം ഒരുലക്ഷം രൂപവരെയാണ് നിക്ഷേപിക്കാനാകുന്നത്. കടപ്പത്രാധിഷ്ഠിത ഡെറ്റ് മ്യൂച്വല്‍ഫണ്ടിലും ഗോള്‍ഡ് ഫണ്ടിലും പ്രതിമാസ തവണകളായി വേണം നിക്ഷേപം നടത്തേണ്ടത്.
(പ്രമുഖ ഫിനാന്‍ഷ്യല്‍ ജേര്‍ണലിസ്റ്റായ ലേഖകന്‍ ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ്വകുപ്പില്‍ ഉദ്യോഗസ്ഥനാണ്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top