23 March Thursday

പേഴ്സണൽ ലോണിന‌് നിങ്ങൾ യോഗ്യരാണോ?

കെ അരവിന്ദ്‌Updated: Monday Jun 25, 2018

അപ്രതീക്ഷിത ചെലവുകൾ വന്നുഭവിക്കുന്നത് നമ്മുടെ മാറിയ ജീവിതസാഹചര്യത്തിൽ സാധാരണമാണെന്നിരിക്കെ വായ്പ പലപ്പോഴും ഒഴിവാക്കാനാകില്ല. കടമെടുപ്പ് ഒഴിവാക്കാനാണ് പൊതുവെ ആളുകൾ ആഗ്രഹിക്കുന്നതെങ്കിലും ഇന്ന് വായ്പയുടെ പ്രതിമാസ തിരിച്ചടവ്‌  എന്നത് വ്യക്തിഗത ബജറ്റിന്റെ ഭാഗമായിരിക്കുന്നു. വായ്പകൾ രണ്ടുതരത്തിലുണ്ട്. സുരക്ഷിത വായ്പയും അരക്ഷിത വായ്പയും. സുരക്ഷിതം, അരക്ഷിതം എന്ന വ്യത്യാസം ബാങ്കിനെ സംബന്ധിച്ചാണ്.

ഈടുള്ള വായ്പകൾ ബാങ്കിനെ സംബന്ധിച്ച് സുരക്ഷിത വായ്പയാണ്. വായ്പയുടെ തിരിച്ചടവ് മുടങ്ങിയാലും ഈട് ജപ്തിചെയ്ത് പണം തിരിച്ചുപിടിക്കാം. അതുകൊണ്ട‌് ഭവനവായ്പപോലുള്ള സുരക്ഷിതവായ്പകൾക്ക് പലിശനിരക്ക് കുറവാണ്. അതേസമയം ഈടില്ലാത്തതാണ് പേഴ്സണൽ ലോൺപോലുള്ള അരക്ഷിതവായ്പകൾ. അവയുടെ പലിശനിരക്ക് ഉയർന്നതാണ്.

പലിശനിരക്ക് കൂടുതലാണെങ്കിലും അടിയന്തരമായി വന്നുഭവിക്കുന്ന സാമ്പത്തികാവശ്യത്തിനായി മാസശമ്പളക്കാർ ആശ്രയിക്കുന്ന വായ‌്പയാണ‌് പേഴ്സണൽ ലോൺ. ബാങ്കിന്റെയോ എൻബിഎഫ്സിയുടെയോ ശാഖ സന്ദർശിക്കാതെതന്നെ എളുപ്പം ലഭ്യമാകുന്നു എന്നതാണ് പേഴ്സണൽ ലോണിന്റെ പ്രത്യേകത. എന്നാൽ ചില സന്ദർഭങ്ങളിൽ ഈ വായ്പയുടെ ലഭ്യത അത്ര എളുപ്പമാകില്ല.

ഓൺലൈൻവഴി അപേക്ഷിച്ചാൽ മതി, അപേക്ഷകന്റെ വായ്പായോഗ്യതയും ജോലിയും മാസശമ്പളവും പരിശോധിച്ച് ബാങ്കോ എൻബിഎഫ്സിയോ ഉടൻ വായ്പ അനുവദിക്കുന്നു, ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ വായ്പാ തുക അക്കൗണ്ടിലെത്തുന്നു എന്നിവ ഉപയോക്താക്കളെ ആകർഷിക്കാനായി ധനകാര്യസ്ഥാപനങ്ങൾ നിരത്തുന്ന പേഴ്സണൽ ലോണിന്റെ സവിശേഷതകളാണ്. പക്ഷേ അവിടെയും വായ്പായോഗ്യത  പ്രധാനമാണ്.

വായ്പായോഗ്യതയിൽ എന്തൊക്കെ ഉൾപ്പെടും? ജോലിയുടെ സ്വഭാവത്തിനും ക്രെഡിറ്റ് ഹിസ്റ്ററിക്കും വയസ്സിനും പുറമെ  താമസിക്കുന്ന സ്ഥലംപോലും വായ്പായോഗ്യത നിർണയിക്കുന്ന ഘടകമാണ്. അവിവാഹിതരായ അപേക്ഷകർ മറ്റുള്ളവർക്കൊപ്പം വാടകപങ്കിട്ടോ പേയിങ‌് ഗസ്റ്റായോ താമസിക്കുകയാണ് ചെയ്യുന്നതെങ്കിൽ വായ്പ കിട്ടുക എളുപ്പമാകില്ല. പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന് നിലവിൽ താമസിക്കുന്ന നഗരത്തിലെത്തിയത് അടുത്തിടെയാണെങ്കിൽ നിങ്ങൾ ഉയർന്ന റിസ്ക്കുള്ള ഉപയോക്താവായാകും പരിഗണിക്കപ്പെടുക. അത് ആദ്യത്തെ ജോലിയാണെങ്കിൽ റിസ്ക് പിന്നെയും കൂടും. ആദ്യമായി ജോലികിട്ടി വാടകയ്ക്ക് താമസിക്കുന്ന ഒരാൾക്ക് ചെലവുകൾ നിറവേറ്റാൻ പ്രയാസമുണ്ടാകുമെന്നും വായ്പയുടെ തിരിച്ചടവിനെ അത് ബാധിക്കാമെന്നുമുള്ള അനുമാനത്തിൽ ധനകാര്യസ്ഥാപനങ്ങൾ എത്താവുന്നതാണ്. അതേസമയം വിവാഹിതനായി സ്വന്തം വീട്ടിൽ വർഷങ്ങളോളം താമസിക്കുന്ന ഒരാൾക്ക് പേഴ്സണൽ ലോൺ കിട്ടുക കുറെക്കൂടി എളുപ്പമാകും.

വായ്പ തിരിച്ചടയ‌്ക്കാനുള്ള ശേഷിയാണ് പേഴ്സണൽ ലോൺ അനുവദിക്കുമ്പോൾ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും പ്രധാനമായും പരിശോധിക്കുക. കരിയറിൽ തുടക്കക്കാരായ അവിവാഹിതർ താമസസ്ഥലവും ജോലിയും ഇടയ്ക്കിടെ മാറാനുള്ള സാധ്യത കൂടുതലാണെന്നത് പേഴ്സണൽ ലോൺ അനുവദിക്കുന്നതിൽ ബാങ്കുകളെയും ധനകാര്യസ്ഥാപനങ്ങളെയും വിമുഖരാക്കുന്ന ഘടകമാണ്.

അപേക്ഷകർ വാടക പങ്കിട്ടോ പേയിങ‌് ഗസ്റ്റായോ താമസിക്കുകയാണ് ചെയ്യുന്നതെങ്കിൽ കർശനമായ ചട്ടങ്ങൾ പാലിക്കുന്ന ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഉടൻതന്നെ അപേക്ഷ തള്ളിയേക്കാം. അതേസമയം അൽപ്പംകൂടി അയഞ്ഞ മാനദണ്ഡങ്ങൾ പാലിക്കുന്ന ധനകാര്യസ്ഥാപനങ്ങൾ മറ്റ് ഘടകങ്ങൾകൂടി പരിശോധിക്കാൻ തയ്യാറായെന്നുവരാം. നിലവിലുള്ള ജോലി ചെ യ്യാൻതുടങ്ങിയിട്ട് എത്രകാലമായെന്നത്  പ്രധാന ഘടകമാണ്. രണ്ടുവർഷത്തിനിടെ നാലോ അഞ്ചോ കമ്പനികളിൽ മാറിമാറി ജോലിചെയ്തയാളാണെങ്കിൽ അത് വായ്പാ യോഗ്യതയെ പ്രതികൂലമായി ബാധിക്കും.

അതേസമയം ഓൺലൈൻ വഴി ധനകാര്യസേവനം നൽകുന്ന സ്ഥാപനങ്ങൾ കുറച്ചുകൂടി അയഞ്ഞ സമീപനം പേഴ്സണൽ ലോൺ അനുവദിക്കുന്നതിൽ സ്വീകരിക്കാറുണ്ട്. സോഷ്യൽ മീഡിയയിലെ പ്രൊഫൈലിനെയും ഓൺലൈൻ വഴി ലഭ്യമായ വിവരങ്ങളെയും  അടിസ്ഥാനമാക്കി അപേക്ഷകന്റെ സമ്പാദ്യശീലങ്ങളെയും ചെലവിടുന്ന രീതിയെയുംകുറിച്ച് വിശകലനംചെ യ്യാൻ അവക്ക് സാധിക്കുന്നു. എവിടെ താമസിക്കുന്നു എന്നതിലുപരി അപേക്ഷകന്റെ തൊഴിൽസംസ്കാരത്തെയും ഉപഭോഗശീലത്തെയും വിശകലനംചെയ്ത് തീരുമാനങ്ങളിലെത്തുകയാണ് ഈ സ്ഥാപനങ്ങൾ ചെയ്യുന്നത്.

പേഴ്സണൽ ലോണെടുത്താൽ അത് കൃത്യസമയത്ത് അടച്ചുതീർക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പലിശനിരക്ക് ഉയർന്നതായതിനാൽ വലിയ കടബാധ്യതയിലേക്ക് നയിക്കുംവിധം വായ്പാ തിരിച്ചടവിൽ വീഴ്ചയുണ്ടാകുന്നത് ഒഴിവാക്കണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top