26 June Wednesday

ചിട്ടികള്‍ക്കും നിക്ഷേപ പദ്ധതികള്‍ക്കുമെതിരെ കടുത്ത നടപടി വരുന്നു

വെബ് ഡെസ്‌ക്‌Updated: Monday Feb 25, 2019

കൊച്ചി > വ്യക്തികൾക്കും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്കും തോന്നിയതുപോലെ ചിട്ടികളും സ്വർണനിക്ഷേപ പദ്ധതികളും നടത്താമെന്ന സ്ഥിതി മാറുന്നു. രാജ്യത്തെ നിക്ഷേപ തട്ടിപ്പുകൾക്കും അനധികൃത ചിട്ടി നടത്തിപ്പുകൾക്കും തടയിടാനുള്ള കേന്ദ്ര -അനിയന്ത്രിത (അൺ റഗുലേറ്റഡ‌്) നിക്ഷേപപദ്ധതി നിരോധന ഓർഡിനൻസ് 2019ൽ കടുത്ത നിയന്ത്രണമാണുള്ളത്.

നേരിട്ടോ അല്ലാതെയോ നിക്ഷേപകരെ പദ്ധതിയിലേക്ക് ആകർഷിക്കുന്ന സ്കീമുകളെക്കുറിച്ചുള്ള പരസ്യങ്ങൾ പ്രസിദ്ധീകരിക്കുകയോ, അനിയന്ത്രിത നിക്ഷേപപദ്ധതികളിലേക്ക് പണം സ്വീകരിക്കുകയോ ചെയ്യുന്നത് ഓർഡിനൻസ് വിലക്കുന്നു. മോഹനവാ​ഗ്ദാനങ്ങൾ നൽകി നിക്ഷേപകരെ കബളിപ്പിക്കുന്ന സ്ഥാപനങ്ങൾക്ക് ഇത് വൻ തിരിച്ചടിയാകും. ഇതിലൂടെ നിക്ഷേപകർക്ക് വിപണിയിൽ കൂടുതൽ സുരക്ഷിതത്വം ലഭിക്കും.

അനിയന്ത്രിത നിക്ഷേപപദ്ധതികൾ നടത്തുക, അം​ഗീകൃത നിക്ഷേപ പദ്ധതികളിൽ തട്ടിപ്പ് നടത്തുക, അനിയന്ത്രിത നിക്ഷേപ പദ്ധതികളുമായി ബന്ധപ്പെട്ട് തെറ്റായ പ്രേരണകൾ ചെലുത്തുക എന്നിങ്ങനെ മൂന്നുതരത്തിലുള്ള കുറ്റങ്ങളെക്കുറിച്ച് ഓർഡിനൻസ് പറയുന്നു.
ഓർഡിനൻസ് പ്രകാരം വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ബന്ധുക്കളല്ലാത്തവരിൽനിന്നോ വ്യക്തികളുടെ സംഘങ്ങളിൽനിന്നോ നിക്ഷേപം സ്വീകരിക്കാനാകില്ല. 

സ്വർണവ്യാപാര സ്ഥാപനങ്ങളും ജ്വല്ലറികളും പ്രതിമാസം ചെറിയ തുകകൾ സ്വീകരിച്ചു നടത്തിപ്പോരുന്ന സ്വർണനിക്ഷേപ പദ്ധതികൾക്കും ഓർഡിനൻസിലൂടെ കടുത്ത നിയന്ത്രണമാകും. പദ്ധതികളിൽ പണം അടയ‌്ക്കുന്നവർക്ക‌് കൃത്യം 365 ദിവസം ആകുമ്പോൾ അടച്ച തുകയ്ക്കു തുല്യമായ സ്വർണം കൈമാറണമെന്ന് ഓർഡിനൻസ് പറയുന്നു. സ്വർണനിക്ഷേപ പദ്ധതികൾ ഇനിമുതൽ വിൽപ്പനയ്ക്കുമുമ്പുള്ള മുന്‍കൂര്‍ പണം സ്വീകരിക്കലായി മാത്രമേ കണക്കാക്കാവൂ എന്നാണ് വ്യവസ്ഥ. നിയന്ത്രണം സാധാരണക്കാരായ ചെറുകിട നിക്ഷേപകര്‍ക്ക് ​ഗുണം ചെയ്യും.

റിസര്‍‌വ്‌ ബാങ്ക് ഒഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം 2014---2018 കാലത്ത് അനധികൃത നിക്ഷേപപദ്ധതികള്‍ നിരീക്ഷിക്കുന്നതിനുള്ള സംസ്ഥാനതല കോ–-ഓര്‍ഡിനേഷന്‍ കമ്മിറ്റി (എസ്എല്‍സിസി) ആയിരത്തോളം അനധികൃത പദ്ധതികളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഓര്‍ഡിനന്‍സിലെ നിബന്ധനകള്‍ക്കു വിരുദ്ധമായി നിക്ഷേപങ്ങള്‍ സ്വീകരിക്കുകയോ ചിട്ടികള്‍ നടത്തുകയോ ചെയ്യുന്നവര്‍ക്ക്  10 വര്‍ഷംവരെ തടവുശിക്ഷയോ രണ്ടുലക്ഷം രൂപ മുതല്‍ 50 കോടി  രൂപവരെ പിഴയോ ലഭിക്കും. അനധികൃത ചിട്ടി, നിക്ഷേപ പദ്ധതികളിലൂടെ പണം സ്വരൂപിച്ച് തട്ടിപ്പ് നടത്തുന്നവരുടെ വസ്‌തുവകയും ആസ്തിയും പിടിച്ചെടുക്കാനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്.


പ്രധാന വാർത്തകൾ
 Top