23 October Friday

സാമ്പത്തികാസൂത്രണവും ലൈഫ് ഇന്‍ഷുറന്‍സും

ആര്‍ എം വിശാഖUpdated: Sunday May 22, 2016

ജീവിതകാലം മുഴുവന്‍ വരുമാനമുണ്ടാക്കാന്‍ നമുക്കു കഴിയില്ല. പക്ഷേ, ജീവിതകാലം മുഴുവന്‍ നമ്മുടെ ചെലവുകള്‍ നേരിടാന്‍ പണം ആവശ്യമായിവരും. അതുകൊണ്ടുതന്നെ കൃത്യമായ സാമ്പത്തികാസൂത്രണം നമുക്കെല്ലാവര്‍ക്കും ആവശ്യമായിവരും. എന്നാല്‍ ഇത്തരത്തില്‍ സാമ്പത്തികാസൂത്രണം നടത്തുക ഏറെ ബുദ്ധിമുട്ടുള്ള ഒന്നാണെന്നാണ് പലരുടെയും അഭിപ്രായം തങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ച് യാഥാര്‍ഥ്യബോധത്തോടെയുള്ള ചിത്രമുണ്ടാക്കുകയും ലഭ്യമായ അവസരങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും അവബോധം ഉണ്ടാക്കുകയും ചെയ്താല്‍ സാമ്പത്തികാസൂത്രണം താരതമ്യേന എളുപ്പമാകും.

ഇതിനിടെ വിശകലനംചെയ്യേണ്ട മറ്റൊരു സാഹചര്യമുണ്ട്.  തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനാകുംവിധം വരുമാനം ഉണ്ടാക്കുകയും നിക്ഷേപങ്ങള്‍ നടത്തുകയും ചെയ്യുന്നവരുണ്ടാകും. സ്ഥിര നിക്ഷേപങ്ങള്‍, ഓഹരികള്‍, സ്ഥലം തുടങ്ങിയവയിലാകും ഈ നിക്ഷേപങ്ങളില്‍ പലതും.  ഇവിടെ ശ്രദ്ധേയമായൊരു വസ്തുത, പലരുടെയും നിക്ഷേപങ്ങള്‍ ഹ്രസ്വകാല ലക്ഷ്യങ്ങളോടും കാഴ്ചപ്പാടോടുംകൂടിയാകും. 30–35 വര്‍ഷത്തോളം വരുമാനം ഉണ്ടാക്കിയശേഷം പിന്നീടുള്ള 25–30 വര്‍ഷങ്ങളിലെ ചെലവുകള്‍ നേരിടുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കാറുണ്ടോ? പഴയ കാലത്ത് ഇതെല്ലാം മക്കള്‍ നോക്കിക്കോളും എന്ന ചിന്താഗതിയായിരുന്നു. എന്നാല്‍ അണുകുടുംബങ്ങളുടെ ഇക്കാലത്ത് ഇത് അത്ര പ്രായോഗികമല്ല. ചെലവുകളാണെങ്കില്‍ കുതിച്ചുയര്‍ന്നുകൊണ്ടുമിരിക്കുന്നു. ജോലിയില്‍നിന്നു വിരമിച്ചശേഷമുള്ള കാലത്തെക്കുറിച്ച് വളരെ നേരത്തെത്തന്നെ ആസൂത്രണം നടത്തേണ്ടതിന്റെ ആവശ്യകതയാണ് ഇവയെല്ലാം ചൂണ്ടിക്കാട്ടുന്നത്. 

സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കെതിരെ നിങ്ങളുടെ കുടുംബത്തിന് നിങ്ങള്‍ സംരക്ഷണം നല്‍കിയിട്ടുണ്ടോ എന്നത് ഇവിടെ ഏറെ പ്രസക്തമാണ്. നിങ്ങള്‍ നടത്തിയ നിക്ഷേപങ്ങള്‍ അവയില്‍നിന്ന് വരുമാനം നല്‍കിയേക്കും. എന്നാല്‍ എന്തെങ്കിലുമൊരു അത്യാഹിതം സംഭവിച്ചാല്‍ കുടുംബത്തിന് നിലവിലുള്ള നിലയിലെ വരുമാനം തുടര്‍ന്നും ലഭിക്കുന്നുവെന്ന് എങ്ങിനെ ഉറപ്പാക്കാനാവും?  ഇതോടൊപ്പംതന്നെ  ഉയരുന്ന മറ്റൊരു ചോദ്യമാണ് നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസവും വിവാഹവും സംബന്ധിച്ച ആവശ്യങ്ങള്‍. ഇതിനു വേണ്ടിവരുന്ന വന്‍ തുകകള്‍ കണ്ടെത്താനായുള്ള എന്തെങ്കിലും ആസൂത്രണം നടത്തിയിട്ടുണ്ടോ എന്നതും  വിലയിരുത്തേണ്ടതുണ്ട്. വരുന്ന 10–15 വര്‍ഷംകൊണ്ട് കൃത്യതയോടെ നിക്ഷേപം നടത്തി ഇവയ്ക്കുള്ള പണം കണ്ടെത്താനാവുമോ?  ഇവയ്ക്കെല്ലാം മികച്ച മാര്‍ഗമെന്ന നിലയില്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രയോജനപ്പെടുത്താനാവും.

ഇത്തരം തീരുമാനങ്ങളെല്ലാം കൈക്കൊള്ളുന്നതിനു മുന്നോടിയായി നിങ്ങളുടെ സാമ്പത്തികസ്ഥിതിയെയും സാഹചര്യത്തെയും കുറിച്ച് യാഥാര്‍ഥ്യബോധത്തോടെയുള്ള കാഴ്ചപ്പാടുണ്ടാകണം. നിങ്ങളുടെ വരുമാനം ഏതുരീതിയിലുള്ളതാണ് എന്നതാണ് ആദ്യം വിലയിരുത്തേണ്ടത്. അത് ഓരോ തവണയും മാറിക്കൊണ്ടിരിക്കുന്നതാണോ അതോ സ്ഥിരതയോടെ തുടര്‍ച്ചയായുള്ളതാണോ? ഇതിനുശേഷം വിലയിരുത്തേണ്ടത് നിങ്ങളുടെ സമ്പാദ്യത്തെക്കുറിച്ചാണ്. അത് സ്ഥിരതയും കൃത്യതയും ഉള്ളതാണോ, അല്ലെങ്കില്‍ ഓരോ മാസത്തിന്റെയും അവസാനമെത്തുമ്പോള്‍ പണമില്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണോ നിങ്ങള്‍ തുടങ്ങിയവ മനസ്സിലാക്കേണ്ടത് ഇവിടെ അത്യാവശ്യമാണ്.

ഓഹരി, കടപ്പത്ര വിപണികളെക്കുറിച്ച് നിങ്ങള്‍ക്കുള്ള ഗ്രാഹ്യം എങ്ങിനെയാണ്? അതേക്കുറിച്ചു മനസ്സിലാക്കാന്‍ കഴിവുള്ള വ്യക്തിയാണോ നിങ്ങള്‍. അതിനനുസരിച്ച് ഫണ്ടുകള്‍ കൈകാര്യംചെയ്യാനുള്ള കഴിവും സമയവും ഉണ്ടോ? അതോ ഇതിനായുള്ള ഗവേഷണങ്ങള്‍ നടത്താന്‍ മടിയോ സമയക്കുറവോ ഉള്ളയാളാണോ നിങ്ങള്‍? ഇവ വിലയിരുത്തിയാകണം നിങ്ങളുടെ സാമ്പത്തിക ചിത്രം തയ്യാറാക്കേണ്ടത്. 
ഇതിനുശേഷം വേണ്ടത് നിങ്ങളുടെ ആവശ്യങ്ങള്‍ കണ്ടെത്തുക എന്നതാണ്. അതിനു സഹായിക്കുന്ന ചില ലളിതമായ ചോദ്യങ്ങളുണ്ട്. നിങ്ങളുടെ ആശ്രിതര്‍ എത്രപേരുണ്ട്, എന്തൊക്കെ വലിയ ചെലവുകളാണ് നിങ്ങള്‍ സമീപഭാവിയില്‍ പ്രതീക്ഷിക്കുന്നത് എന്നിവയ്ക്ക് ഉത്തരംകണ്ടെത്തണം. വീടുവാങ്ങല്‍പോലുള്ള ലക്ഷ്യങ്ങളുണ്ടെങ്കില്‍ അവയെല്ലാം ഇവിടെ കണക്കിലെടുക്കാം. അടുത്തത് കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള ചെലവുകളെക്കുറിച്ചുള്ള ധാരണയാണ്. കുട്ടികളുടെ വിവാഹവുമായി ബന്ധപ്പെട്ട ചെലവുകള്‍, പ്രായമായ മാതാപിതാക്കള്‍ക്കുവേണ്ടിയുള്ള ആവശ്യങ്ങള്‍, അവരുടെ വൈദ്യസഹായ ചെലവുകള്‍ തുടങ്ങിയവയും ഇവിടെ വിലയിരുത്തണം.

എപ്പോഴാണ് നിങ്ങള്‍ ജോലിയില്‍നിന്നു വിരമിക്കുന്നത് എന്നതാണ് ഇവിടെ വിലയിരുത്തേണ്ട അടുത്ത ചോദ്യം. ഇതിനുശേഷമുള്ള ചെലവുകള്‍ നേരിടാനായുള്ള പണം നിങ്ങള്‍ക്കുണ്ടോ? നിലവിലുള്ള ജീവിതനിലവാരം തുടര്‍ന്നുപോകാനായി വിരമിച്ചശേഷം പ്രതിമാസം എത്ര തുക വേണം എന്നതും കണക്കാക്കണം.
നിനച്ചിരിക്കാത്ത ചെലവുകള്‍ നേരിടാനുള്ള മാര്‍ഗം നിങ്ങള്‍ക്കു മുന്നിലുണ്ടോ എന്നതാണ് അടുത്ത ചോദ്യം.  അപ്രതീക്ഷിത വൈദ്യ ചെലവുകള്‍ നിങ്ങള്‍ എങ്ങിനെ നേരിടും? ഇവയെല്ലാം വിലയിരുത്തിയാല്‍ നിങ്ങള്‍ക്കുതന്നെ നിങ്ങളുടെ സാമ്പത്തിക ചിത്രം തയ്യാറാക്കാനാവും. അത്തരമൊരു സാമ്പത്തിക ചിത്രം സമാനമായ മറ്റുള്ളവരുടേതുപോലെ ആകുകയില്ല. നിങ്ങളുടെ മാത്രമായ സവിശേഷമായ സാമ്പത്തിക ചിത്രമാകും ഇതിലൂടെ തയ്യാറാക്കാനാവുക. ഇതിന്റെ സഹായത്തോടെ നിങ്ങളുടെ ആവശ്യങ്ങള്‍ക്കനുസൃതമായ സാമ്പത്തിക പരിഹാരങ്ങള്‍ കണ്ടെത്താനാവും. 

ലേഖിക ഇന്ത്യ ഫസ്റ്റ് ലൈഫ് ഇന്‍ഷുറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top