23 January Thursday

ബ്രാന്‍ഡുകള്‍ കൂടുതല്‍ സോഷ്യലാകണം

വെബ് ഡെസ്‌ക്‌Updated: Sunday Sep 18, 2016

ബ്രാന്‍ഡും ഉപയോക്താക്കളും പരസ്പരം സംവദിക്കുന്ന ഇന്നത്തെ കാലത്ത് ഡിജിറ്റല്‍ വിപണനത്തിനും പരസ്യങ്ങള്‍ക്കും പ്രസക്തിഏറെയാണ്. ഡിജിറ്റല്‍രംഗത്ത് ഈ ദിശയിലുള്ള മുന്നേറ്റങ്ങളെക്കുറിച്ച്  കൊച്ചിയിലെ ബസ്സ്റ്റോപ്പ് ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ ഡൊമിനിക് സാവിയോ പറയുന്നു.  പ്രസക്തഭാഗങ്ങള്‍:

ഏറെ പുതുമകളുള്ള മേഖലയാണ് ഡിജിറ്റല്‍ പരസ്യരംഗം. ഈ രംഗത്തെ പുതിയ പ്രവണതകള്‍   എന്തൊക്കെയാണ്?

മുമ്പ് റേഡിയോ, ടിവി, പത്രം തുടങ്ങിയ മാധ്യമങ്ങളിലൂടെ ബ്രാന്‍ഡുകളെക്കുറിച്ചുള്ള സന്ദേശങ്ങള്‍ അറിയിക്കുന്നതുപോലെതന്നെയാണ് ഡിജിറ്റല്‍ മാധ്യമങ്ങളും ഉപയോഗിക്കുന്നത്. ഡിജിറ്റല്‍ എന്ന സാങ്കിേതകവിദ്യ ഉപയോഗിച്ചു പറയുന്നു എന്നതാണ് പ്രത്യേകത. പക്ഷെ ക്രിയേറ്റീവ് ആശയത്തിനുതന്നെയാണ് ഇവിടെയും പ്രാധാന്യം. പക്ഷേ ഡിജിറ്റല്‍പരസ്യം എന്നു പറയുമ്പോള്‍  പരസ്യംചെയ്യേണ്ടവര്‍ ഫെയ്സ്ബുക്ക്, വാട്സ് ആപ്, ട്വിറ്റര്‍ തുടങ്ങിയ നവമാധ്യമങ്ങളെക്കുറിച്ചാകും ഓര്‍ക്കുക. എന്നാല്‍ നവീനകാലത്ത് വാര്‍ത്ത എത്തിക്കുന്ന ഒരു പത്രവിതരണക്കാരന്റേതിനു സമാനമായ പങ്കു മാത്രമാണ് അവയ്ക്കുള്ളത്. ഫെയ്സ്ബുക്ക് എന്ന നവീന മാധ്യമത്തില്‍ വരുന്ന ഒരു ലിങ്ക് ഇഷ്ടപ്പെട്ടാല്‍ മാത്രമേ വായിക്കൂ. എന്നാല്‍ അതു കാണുമ്പോള്‍ ക്ളിക് ചെയ്യാനും വായിപ്പിക്കാനും പ്രേരിപ്പിക്കുന്നത് അതിന്റെ അവതരണരീതിയാണ് എന്നതിനാണ് പ്രസക്തി. വസ്തുതകള്‍ നിരത്തി കൂടുതല്‍ മുഷിപ്പിക്കാതെ തമാശരൂപത്തിലോ കഥരൂപത്തിലോ കാവ്യാത്മകമായോ അവതരിപ്പിക്കുമ്പോഴേ അത് കൂടുതല്‍ പേരെ വായിപ്പിക്കാനും മറ്റുള്ളവര്‍ക്ക് ഷെയര്‍ചെയ്യാനും പ്രേരിപ്പിക്കൂ.  ബ്രാന്‍ഡ് കമ്യൂണിക്കേഷന്‍ അങ്ങനെയൊരു ആസ്വാദന കലയാക്കി മാറ്റുന്നത് ക്രിയാത്മക ആശയങ്ങളുള്ള ഒരു വിദഗ്ധനു കഴിയും. ഇങ്ങനെയൊരു ആശയം ആകര്‍ഷകമായ രീതിയില്‍  അവതരിപ്പിക്കുന്നതിന് ക്രിയാത്മകശേഷിയുള്ള ആള്‍ക്കാരുടെ ആവശ്യമുണ്ട്. എങ്ങനെ മനോഹരമായി ആശയം ആള്‍ക്കാരിലേക്കെത്തിക്കാമെന്നത് അവരുടെ മികവാണ്. അത്തരത്തില്‍ കാര്യക്ഷമമായി അവതരിപ്പിക്കുന്ന ആശയങ്ങള്‍ കത്തിപ്പടരുകതന്നെ ചെയ്യും.

ഒരു ബ്രാന്‍ഡ് കൂടുതല്‍ സോഷ്യലാകേണ്ടതിന്റെ പ്രധാന്യം എന്താണ്?


മനുഷ്യരെപ്പോലെ ബ്രാന്‍ഡും കൂടുതല്‍ സോഷ്യലാകേണ്ടതുണ്ട്. ബ്രാന്‍ഡും ഉപയോക്താക്കളും തമ്മില്‍ കൂടുതല്‍ സംവദിക്കുന്നതിന് അതു സഹായിക്കും. പണ്ട് പരസ്യത്തിലൂടെയുള്ള ആശയവിനിമയം ഒരുഭാഗത്തേക്കു മാത്രമായിരുന്നത് ഇപ്പോള്‍ തിരിച്ച് ഉപയോക്താവും സംവദിക്കുന്ന മട്ടിലായിട്ടുണ്ട്. അതിന് അനുയോജ്യമായ സമയം രാവിലെയാണ് എന്ന പ്രത്യേകതയുമുണ്ട്. രാവിലെ ഉണര്‍ന്നാല്‍ മിക്കവരുടെയും കൈ ആദ്യം പോകുക മൊബൈലിലേക്കാവും. പെട്ടെന്ന് മനസ്സില്‍ കുടിയേറുന്ന ആശയങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിന് അനുയോജ്യമായ സമയവും അതുതന്നെ. അതുപോലെ രാത്രിയില്‍ മറ്റ് തിരക്കുകള്‍ ഒഴിഞ്ഞശേഷം സന്ദേശങ്ങള്‍ പരിശോധിക്കാനും രസകരമായവ പങ്കുവയ്ക്കാനും ആളുകള്‍ തയ്യാറാകും. ഈ സമയത്തിന്റെ പ്രത്യേകത അറിഞ്ഞ് അതിനനുസരിച്ച് ജോലിചെയ്യാന്‍ തയ്യാറാകുന്ന ടീമാണ് ഈ മേഖലയില്‍ തിളങ്ങുക. ഇക്കൂട്ടര്‍ കമ്പനിയെക്കുറിച്ചുള്ള നെടുങ്കന്‍ വിവരങ്ങള്‍ എഴുതി മുഷിപ്പിക്കുന്നതില്‍ കാര്യമില്ല. രസകരമായി കണ്ടന്റ് അവതരിപ്പിക്കാനാകണം. അതാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെ വിജയം.

ഡിജിറ്റല്‍ മേഖലയിലേക്കു മാറുമ്പോഴുള്ള മറ്റ് നേട്ടങ്ങള്‍ എന്തൊക്കെയാണ്?

ചെലവു കുറയ്ക്കാമെന്നതാണ് ഏറ്റവും പ്രധാന കാര്യം. കൈകാര്യംചെയ്യുന്ന മാധ്യമത്തിന്റെ പ്രത്യേകത അനുസരിച്ച് യുവാക്കളാകും പ്രധാന ഓഡിയന്‍സ്. അവരെ സ്വാധീനിക്കാന്‍ ലക്ഷ്യമിട്ടുള്ള സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്കു പകരുകയും ചെയ്യും. സമൂഹ മാധ്യമങ്ങളില്‍ വിവരങ്ങള്‍ പെട്ടെന്ന് പങ്കുവയ്ക്കപ്പെടുന്നതിനാല്‍അത് കാര്യക്ഷമമായി കൈകാര്യംചെയ്യുന്നതിനായി ഒരു ടീം ഉണ്ടാകുന്നത് നല്ലതാണ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top