20 March Wednesday

നടപ്പ‌ുസാമ്പത്തികവർഷം 700 കോടി രൂപയുടെ വിറ്റുവരവ‌് ലക്ഷ്യം; ഐസിഎൽ ദേശീയതലത്തിലേക്ക‌്

വെബ് ഡെസ്‌ക്‌Updated: Monday Apr 16, 2018

 കേരളത്തിലെ മുൻനിര ബാങ്കിങ്ങിതര ധനകാര്യ സേവന സ്ഥാപനമായ ഐസിഎൽ ഫിൻകോർപ് ലിമിറ്റഡ് നടപ്പു സാമ്പത്തികവർഷം ദേശീയതലത്തിൽ സാന്നിധ്യമറിയിക്കാനൊരുങ്ങുന്നു. നിലവിൽ 130 ശാഖകളാണ‌് ഐസിഎല്ലിന‌് കേരളം, തമിഴ‌്നാട‌്, കർണാടകം, ആന്ധ്രാപ്രദേശ‌്, തെലങ്കാന എന്നിവിടങ്ങളിലായി ഉള്ളത‌്‌. ദേശീയതലത്തിൽ ശാഖകൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യം മഹാരാഷ‌്ട്ര, മധ്യപ്രദേശ‌്, ഒഡിഷ എന്നിവിടങ്ങളിലേക്കാകും കടന്നുചെല്ലുകയെന്ന‌് ഐസിഎല്ലിന്റെ ചെയർമാനും മാനേജിങ‌് ഡയറക്ടറുമായ കെ ജി അനിൽകുമാർ അറിയിച്ചു. 1991ൽ ചെന്നൈയിൽ രജിസ‌്റ്റർചെയ‌്ത‌് ഇരിങ്ങാലക്കുടയിൽ എളിയ നിലയിൽ പ്രവർത്തനമാരംഭിച്ച സ്ഥാപനം ജനങ്ങളുടെ വിശ്വാസ്യത കൈമുതലാക്കിയാണ‌് പടിപടിയായി മുന്നോട്ടുള്ള ചുവടുവയ‌്ക്കുന്നതെന്ന‌് അദ്ദേഹം കൂട്ടിച്ചേർത്തു. നടപ്പ‌ുസാമ്പത്തികവർഷം ശാഖകളുടെ എണ്ണം മൊത്തം 250 ആക്കി ഉയർത്തും.

 ബാങ്കിങ‌് സേവനങ്ങൾക്കായി ജനങ്ങൾ ബാങ്കുകളേക്കാളും ബാങ്കിങ‌് ഇതര ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്ന പ്രവണതയാണുള്ളതെന്ന‌് അനിൽകുമാർ പറഞ്ഞു. ലളിതമായ നടപടിക്രമങ്ങ‌ളും മറ്റ‌് സേവനച്ചാർജുകൾ ഈടാക്കാത്തതും ജനങ്ങളെ ആകർഷിക്കുന്ന ഘടകങ്ങളാണ‌്. ബാങ്കുകൾ ഡിജിറ്റൽ സേവനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ആവശ്യക്കാരന‌് എത്രയും പെട്ടെന്ന‌് നേരിട്ട‌് സേവനമെത്തിച്ചു നൽകുന്ന ബാങ്കിങ‌് ഇതരധനകാര്യസ്ഥാപനങ്ങളുടെ പ്രവർത്തനശൈലിയോട‌് ആഭിമുഖ്യം പുലർത്തുന്നവരാണേറെയും. ഓരോ സ്ഥലത്തുമുള്ളവർക്കിണങ്ങുന്ന സേവനങ്ങൾ ലഭ്യമാക്കാൻ ഞങ്ങൾ ശ്രദ്ധിക്കുന്നുവെന്ന‌് അദ്ദേഹം കൂട്ടിച്ചേർത്തു. വടക്കേയിന്ത്യയിലുള്ളവർക്കിടയിൽ കേരളത്തിൽനിന്നുള്ള ഇത്തരം സ്ഥാപനങ്ങളോട‌് പ്രത്യേക താൽപ്പര്യമുണ്ടെന്നതാണ‌് വാസ‌്തവം.

കടപ്പത്രങ്ങളായി ജനങ്ങളിൽനിന്ന‌് നിക്ഷേപം സ്വീകരിക്കുന്ന ഐസിഎൽ 11.5ശതമാനം പലിശനിരക്കാണതിന‌് ലഭ്യമാക്കുന്നത‌്. നിലവിൽ ഇരുചക്രവാഹനവായ‌്പകൾ നൽകുന്ന സ്ഥാപനം അടുത്തുതന്നെ കാർവായ‌്പകളുടെ രംഗത്തേക്കും കടക്കാനുള്ള തയ്യാറെടുപ്പിലാണ‌്. ഇതിനുപുറമേ ഈ രംഗത്താദ്യമായി അംഗങ്ങൾക്ക‌് പ്രിവിലേജ‌് കാർഡുകൾ അവതരിപ്പിക്കും. ഓരോ ഇടപാടുകാരനും ചെയ്യുന്ന ബിസിനസിന്റെ പോയിന്റുകൾ അവർക്കു ലഭ്യമാകുന്നവിധത്തിലാണിത‌് തയ്യാറാക്കിയിട്ടുള്ളത‌്. ഇടപാടിന്റെ കാലാവധി കഴിയുമ്പോൾ ലോയൽറ്റി കാർഡിന്റെ കാലാവധിയും പൂർത്തിയാകുമെന്ന‌് അനിൽകുമാർ പറഞ്ഞു.

2022ൽ 1000 ശാഖകളിലൂടെ ബിസിനസ് 5000 കോടിരൂപയിൽ എത്തിക്കുകയാണ് ഐസിഎൽ ഫിൻകോർപ്പിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം 5000 പേർക്ക് ജോലിയും ഉറപ്പാക്കും. സ്വർണവായ്പയ‌്ക്കുപുറമെ ബിസിനസ് ലോൺ, മണി ട്രാൻസ്ഫർ, പണയവായ്പകൾ, ഫോറിൻ എക്സ്ചേഞ്ച്, ട്രാവൽ ആൻഡ് ടൂറിസം, റിയൽ എസ്റ്റേറ്റ്, ഹോം അപ്ലയൻസസ് തുടങ്ങിയ സേവനങ്ങളും ഐസിഎൽ ഒരുക്കുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ പ്രവർത്തനമേഖല വിപുലമാക്കി.

 ഇന്ത്യയിലെ ബാങ്കിങ്ങിതര ധനകാര്യസ്ഥാപനങ്ങളിൽവച്ച് ഏറ്റവും കുറവ് പലിശയാണ് ഈടാക്കുന്നതെന്ന് അനിൽ കുമാർ അറിയിച്ചു. ഐസിഎല്ലിന്റെ സ്വർണവായ്പാപലിശ പ്രതിമാസം ഒമ്പതുശതമാനം നിരക്കിൽപ്പോലും ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ബിസിനസ്വായ്പാ പലിശ 15 ശതമാനംമാത്രമാണെന്നത് സ്വീകാര്യത വർധിപ്പിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മൊത്തം ബിസിനസിന്റെ 80 ശതമാനം വിഹിതം സ്വർണവായ്പ ബിസിനസിൽനിന്നും ബാക്കി ബിസിനസ് വായ്പ, ഇരുചക്ര വാഹന വായ്പ, ഗൃഹോപകരണ വായ്പ , ഹയർ പർച്ചേഴ‌്സ്, മണിട്രാൻസ്ഫർ, ഫോറെക്സ് എന്നിവയിൽനിന്നുമാണുള്ളത്. കുറഞ്ഞ പലിശ നിരക്കിൽ ഒളിഞ്ഞിരിക്കുന്ന ചാർജുകളില്ലാതെ ഇടപാടുകാർക്ക് എത്രയുംവേഗം കൃത്യതയുള്ള സേവനമെത്തിക്കുന്നതാണ് മുന്നേറ്റത്തിന് കരുത്തു പകരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇദ്ദേഹത്തിന്റെ പത്നി ഉമ അനിൽ കുമാറാണ് കമ്പനിയുടെ ചീഫ‌് എക‌്സിക്യൂട്ടീവ‌് ഓഫീസർ.

പ്രധാന വാർത്തകൾ
 Top