31 January Tuesday

വില തുച്ഛം, ഗുണം മെച്ചം...-ഇത‌് പുത്തൻ ബാംബൂ ടൈൽ

എം കെ പത്മകുമാർUpdated: Monday May 13, 2019

തിരുവനന്തപുരം > തുച്ഛമായ വിലയിൽ മികച്ച ഗുണമുള്ള പുത്തൻ ബാംബൂ ടൈൽ വിപണിയിലിറക്കാൻ കേരള സ‌്റ്റേറ്റ‌് ബാംബു കോർപറേഷൻ. കോർപറേഷന്റെ നിലവിലുള്ള ടൈലുകളേക്കാൾ ഉറപ്പും ഭംഗിയും വാഗ്ദാനംചെയ്യുന്ന പുതിയ ടൈലുകൾക്ക‌് വിലയിലും വൻ കുറവുണ്ട‌്. കോഴിക്കോട‌് നല്ലളത്തെ ഫാക്ടറിയിൽ പരീക്ഷണാടിസ്ഥാനത്തിൽ വിജയകരമായി നിർമിച്ച ടൈലുകൾ അടുത്ത മാസം വിപണിയിലിറക്കും. ഇപ്പോൾ വിപണിയിലുള്ള കോർപറേഷന്റെ ബാംബൂ ടൈലുകൾ മുള നീളത്തിൽ കീറി എടുത്താണ‌് നിർമിക്കുന്നത‌്. കുറഞ്ഞ ഉൽപ്പാദനക്ഷമതയും വിലക്കൂടുതലുമാണ‌് ഈ ടൈലുകൾ നേരിടുന്ന പ്രധാന വെല്ലുവി‌ള‌ി. അസംസ‌്കൃതവസ്തുവിന്റെ വെറും

40 ശതമാനം മാത്രമാണ‌് ഉൽപ്പന്നമായി മാറ്റാൻ കഴിയുക. 15 മുതൽ 18 മില്ലീ മീറ്റർ കനത്തിലുള്ള ഈ ടൈലുകൾക്ക‌് സ‌്ക്വയർ ഫീറ്റിന‌് 200 മുതൽ 300 രൂപവരെയാണ‌് വില. കണ്ണൂർ വിമാനത്താവളത്തിൽ 12000 സ‌്ക്വയർഫീറ്റുൾപ്പെടെ ഫിഷറീസ‌് സർവകലാശാല, കേരള ഓട്ടോ മൊബൈൽസ‌് ലിമിറ്റഡ‌് എന്നിവിടങ്ങളിൽ ഈ ടൈലുകൾ ഉപയോഗിച്ചിട്ടുണ്ട‌്.
ഇന്ത്യൻ പ്ലൈവുഡ‌് റിസർച്ച‌് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അംഗീകാരം ലഭിച്ച പുതിയ ടൈലുകൾ  മുള ചതച്ച‌് നാരുകൾ വേർതിരിച്ചെടുത്താണ‌് നിർമിക്കുന്നത‌്. 85 ശതമാനംവരെയാണ‌് ഉൽപ്പാദനക്ഷമത. സ‌്ക്വയർഫീറ്റിന‌് 100 മുതൽ 150 രൂപവരെയാണ‌് വില. 

വിലക്കുറവിനുപുറമെ ഭംഗിയിലും  ഉറപ്പിലും  കനത്തിലും പഴയതിനേക്കാൾ മികവ‌് പുതിയ ടൈലുകൾക്കുണ്ട‌്. 20 മില്ലീമീറ്റർ വരെ കനത്തിൽ നിർമിക്കുന്ന ഈ ടൈലുകൾ മരത്തിനുപകരം ഉപയോഗിക്കാമെന്ന‌് മാനേജിങ‌് ഡയറക്ടർ എ എം അബ്ദുൾ റഷീദ‌് പറഞ്ഞു. ടൈലുകൾക്കുപുറമെ എട്ട‌് അടി നീളത്തിലും നാലടി വീതിയിലും ബോർഡുകളും നിർമിക്കും. വാതിൽ, ഫർണിച്ചർ, വലിയ ഹാൾ മുറികളായി തിരിക്കാനുള്ള പാനലുകൾ എന്നിവയ‌്ക്കുപുറമെ ചെലവുകുറഞ്ഞ വീടുകളുടെ നിർമാണത്തിൽ ഭിത്തിയായിവരെ ദൃഢതയേറിയ ഈ പാനലുകൾ ഉപയോഗിക്കാമെന്ന‌് അബ്ദുൾ റഷീദ‌് പറഞ്ഞു.

മുള ഉൽപ്പന്നങ്ങളുടെ പ്രചാരണവും വിപണനവും ലക്ഷ്യംവച്ച‌് 1971ലാണ‌് കേരള ബാംബൂ കോർപറേഷൻ ലിമിറ്റഡ‌് ആരംഭിക്കുന്നത‌്. 1985 മുതലാണ‌് മൂല്യവർധിത ഉൽപ്പന്നങ്ങൾ വിപണിയിലിറക്കുന്നത‌്. ബാംബൂ പ്ലൈ, ടൈൽ, മാറ്റ‌്, ഫർണിച്ചർ, ബാംബൂ ഹട്ട‌്, കരകൗശലവസ്തുക്കൾ എന്നിവയാണ‌്  ഇപ്പോൾ നിർമിക്കുന്നത‌്. ‌പിന്നോക്കവിഭാഗങ്ങളിൽപ്പെട്ട പതിനായിരം പേരാണ‌് കോർപറേഷനെ ആശ്രയിച്ച‌് ജീവിക്കുന്നത‌്. ഇതിൽ 3000 പേർ ഈറ്റവെട്ട‌് തൊഴിലാളികളാണ‌്. 7000 പേർ പനമ്പ‌് നെയ‌്ത്ത‌് തൊഴിലാളികളും. പനമ്പ‌് നെയ്‌ത്ത‌് മേഖലയിൽ പണിയെടുക്കുന്നവരിൽ ഭൂരിഭാഗവും സ‌്ത്രീകളാണ‌്. 250 രൂപ വിലവരുന്ന ഒരു കെട്ട‌് ഈറ്റ സബ‌്സിഡി നിരക്കിൽ 54 രൂപയ‌്ക്കാണ‌് ഇവർക്ക‌് നൽകുന്നത‌്. പ്രതിവർഷം 2.5 കോടി രൂപയാണ‌് സർക്കാർ ഇതിനായി മുടക്കുന്നത‌്.

കഴിഞ്ഞ എൽഡിഎഫ‌് സർക്കാരിന്റെ കാലത്താണ‌് നല്ലളത്ത‌് ടൈൽ നിർമാണ ഫാക്ടറി സ്ഥാപിക്കുന്നത‌്. പിന്നീട‌് വന്ന യുഡിഎഫ‌് സർക്കാരിന്റെ അവഗണനമൂലം ഇടക്കാലത്ത‌് ഫാക്ടറി പൂട്ടി. എന്നാൽ, പിണറായി വിജയൻ സർക്കാർ അധികാരത്തിലേറിയതിന‌് പിന്നാലെ ഫാക്ടറി നവീകരിച്ചു. സ്ഥിരപ്പെടുത്തിയ 26 ജീവനക്കാരെ ഉൾപ്പെടുത്തി സർക്കാരിന്റെ സഹായത്തോടെ ടൈൽ നിർമാണം ഊർജിതമാക്കിയിട്ടുണ്ട‌്. അടുത്തമാസം വിപണിയിലിറക്കുന്ന ടൈലുകൾ വിദേശത്ത‌് ഉൾപ്പെടെ വിപണനം ചെയ്യാനാകുമെന്നാണ‌് പ്രതീക്ഷയെന്ന‌് കോർപറേഷൻ ചെയർമാൻ കെ ജെ ജേക്കബ‌് പറഞ്ഞു. പരിസ്ഥിതിസൗഹൃദമായതിനാൽ ഈ പ്രതീക്ഷ സഫലമാകും. ഇവ വിപണിയിലെത്തുന്നതോടെ പ്രതിവർഷം 2.5 കോടി രൂപയുടെ വിറ്റുവരവാണ‌് ലക്ഷ്യം വയ‌്ക്കുന്നതെന്ന‌ും ജേക്കബ‌് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top