25 October Sunday

റബറിന് വീണ്ടും മങ്ങല്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jul 12, 2016

കൊച്ചി> റബര്‍ അവധിവ്യാപാരത്തില്‍ ഉല്‍പ്പന്നത്തിന് വീണ്ടും കാലിടറിയതുകണ്ട് ടയര്‍കമ്പനികള്‍ ഷീറ്റ് ശേഖരിക്കുന്നത് കുറച്ചു. പച്ചത്തേങ്ങയുടെ സംഭരണവില ഉയര്‍ത്തിയത് നാളികേര കര്‍ഷകര്‍ക്ക് ആശ്വാസംപകരും. ആഗോള വിദേശ അന്വേഷണങ്ങളുടെ അഭാവംമൂലം കുരുമുളക് മാറ്റമില്ലാതെ നീങ്ങി. ലേല കേന്ദ്രങ്ങളിലേക്കുള്ള ഏലക്കവരവ് ചുരുങ്ങി. കേരളത്തില്‍ സ്വര്‍ണവില കയറിയിറങ്ങി.

രാജ്യാന്തര റബര്‍വിപണിയിലെ തളര്‍ച്ച ഇന്ത്യന്‍ കര്‍ഷകരുടെ സ്വപ്നങ്ങള്‍ക്കുമേല്‍ കരിനിഴല്‍വീഴ്ത്തി. ടോകോം എക്സ്ചേഞ്ചില്‍ റബര്‍വില മൂന്നാഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍നിന്ന് പെട്ടെന്ന് ഇടിഞ്ഞത് ലോകവിപണിയില്‍ റബറിലെ ആകര്‍ഷണം വീണ്ടും കുറച്ചു. വിനിമയവിപണിയില്‍ ബ്രിട്ടീഷ് നാണയമായ പൌണ്ടിനുമുന്നില്‍ യെന്നിന്റെ മൂല്യം മൂന്നരവര്‍ഷത്തെ മികച്ച നിലവാരം ദര്‍ശിച്ചത് നിക്ഷേപകരെ റബര്‍ അവധിവ്യാപാരത്തില്‍ വില്‍പ്പനക്കാരാക്കി. സാങ്കേതികമായി മുന്നേറ്റപ്രവണത കാണിച്ചിരുന്ന ടോകോം റബര്‍ ഇതോടെ പിന്തള്ളപ്പെട്ടു. സാങ്കേതികമായി വിപണി ദുര്‍ബലമായത് വില്‍പ്പനസമ്മര്‍ദത്തിനും ഇടയാക്കി.

വിദേശത്തുനിന്നുള്ള പ്രതികൂല വാര്‍ത്തകളുടെ ചുവടുപിടിച്ച് ആഭ്യന്തരവിപണിയും തളര്‍ന്നു. ടയര്‍നിര്‍മാതാക്കള്‍ ആഭ്യന്തര ഷീറ്റ്സംഭരണത്തില്‍ കാണിച്ച തണുപ്പന്‍ മനോഭാവം കൊച്ചി, കോട്ടയം വിപണികളെ തളര്‍ത്തി. മലബാര്‍മേലഖ പെരുന്നാള്‍ ആഘോഷങ്ങളിലായിരുന്നതിനാല്‍ ഷീറ്റ്നീക്കം നാമമാത്രമായിരുന്നു. വ്യവസായിക ഡിമാന്‍ഡ് മങ്ങിയതോടെ നാലാം ഗ്രേഡ് ഷീറ്റ്വില 14,100ല്‍നിന്ന് 13,900 ലേക്ക് താഴ്ന്നു. അഞ്ചാം ഗ്രേഡ് 13,500ല്‍ ക്ളോസിങ് നടന്നു. ഒട്ടുപാല്‍ 8800 രൂപയിലും ലാറ്റക്സ് 9200ലും  കൈമാറ്റംനടന്നു. ഇതിനിടയില്‍ അനുകൂല കാലാവസ്ഥ കണക്കിലെടുത്ത് റബര്‍ ടാപ്പിങ് ഊര്‍ജിതമാക്കാനുള്ള നീക്കത്തിലാണ് ഒരുവിഭാഗം കര്‍ഷകര്‍. 

സംസ്ഥാന സര്‍ക്കാര്‍ പച്ചത്തേങ്ങ സംഭരണവില ഉയര്‍ത്തിയത് ലക്ഷക്കണക്കിനു കേരളത്തിലെ കാര്‍ഷിക കുടുംബങ്ങള്‍ക്ക് വന്‍ ആശ്വാസമാവും. പച്ചത്തേങ്ങ സംഭരണവില കിലോഗ്രാമിന് 27 രൂപയായാണ് ബജറ്റില്‍ വര്‍ധിപ്പിച്ചത്. ഒറ്റയടിക്ക് രണ്ടു രൂപയാണ് ഉയര്‍ത്തിയത്. പുതിയ സാഹചര്യത്തില്‍ ഗ്രാമീണമേഖല കൂടുതല്‍ ചരക്കുസംഭരണം നടത്തുന്ന സഹകരണസംഘങ്ങളിലേക്ക് നീങ്ങിത്തുടങ്ങും. 

തെളിഞ്ഞ കാലാവസ്ഥ നേട്ടമാക്കി പല ഭാഗങ്ങളിലും നാളികേര വിളവെടുപ്പ് നടക്കുന്നുണ്ട്. കൊപ്രയുടെ ലഭ്യത ഉയര്‍ന്നത് മുന്‍നിര്‍ത്തി മില്ലുകാര്‍— വെളിച്ചെണ്ണ വില്‍പ്പനയ്ക്കിറക്കാന്‍ ഉത്സാഹിച്ചു. 7600ല്‍ വില്‍പ്പനയ്ക്ക് തുടക്കംകുറിച്ച കൊച്ചി വിപണി വാരാന്ത്യം 7550ലാണ്. മാസാരംഭം, പെരുന്നാള്‍ ഡിമാന്‍ഡ് ഇതൊക്കെയുണ്ടായിട്ടും—വിപണിക്ക് മുന്നേറാന്‍കഴിഞ്ഞില്ല. കൊപ്രവില 5105 രൂപയായി താഴ്ന്നു. 

ഏലക്ക ശേഖരിക്കാന്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും ആവശ്യക്കാരുണ്ട്. വിളവെടുപ്പു കഴിഞ്ഞതിനാല്‍ പ്രമുഖ ലേല കേന്ദ്രങ്ങളിലേക്കുള്ള ഏലക്ക വരവ് ഗണ്യമായി ചുരുങ്ങി. ഇത് വില ഉയര്‍ത്താന്‍ ഏലക്ക ഇടപാടുകാരെ പ്രേരിപ്പിച്ചു. പല ലേലങ്ങളിലും വില്‍പ്പനയ്ക്കെത്തിയ ചരക്ക് പൂര്‍ണമായി ലേലംകൊണ്ടത് ഉല്‍പ്പാദന മേഖലകളിലെ ചരക്കുക്ഷാമം രൂക്ഷമാണെന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഗള്‍ഫ്രാജ്യങ്ങളില്‍നിന്ന് ഏലക്കയ്ക്ക് അന്വേഷണങ്ങ ളുണ്ട്. വാരാവസാനം നടന്ന ലേലത്തില്‍ മികച്ചയിനങ്ങള്‍ക്ക് കിലോയ്ക്ക് 1062 രൂപയാണ്.
പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ഉത്തരേന്ത്യക്കാര്‍ കുരുമുളകുവിപണിയില്‍നിന്ന് അകന്നതിനാല്‍ ഉല്‍പ്പന്നവില രണ്ടാം വാരത്തിലും സ്റ്റെഡി. ടെര്‍മിനല്‍ മാര്‍ക്കറ്റിലേക്കുള്ള മുളകുവരവ് ചുരുങ്ങിയിട്ടും വാങ്ങല്‍ താല്‍പ്പര്യം കുറഞ്ഞതാണ് മുന്നേറ്റത്തിനു തടസ്സമായത്. തുടര്‍ച്ചയായ നാലാം വാരമാണ് ഉല്‍പ്പന്നം തളര്‍ച്ചയില്‍ നീങ്ങുന്നത്.

കയറ്റുമതിമേഖലയില്‍നിന്നും മുളകിന് ആവശ്യകാരില്ല. ഉത്സവകാല ആവശ്യങ്ങള്‍ക്കുള്ള ചരക്ക് സംഭരണത്തിന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഈ മാസം തുടക്കംകുറിക്കും. കൊച്ചിയില്‍ അണ്‍ഗാര്‍ബിള്‍ഡ് 69,000 രൂപയിലും ഗാര്‍ബിള്‍ഡ് മുളക് 72,000 രൂപയിലുമാണ്.
കേരളത്തില്‍ സ്വര്‍ണവില കയറിയിറങ്ങി. 22,440 രൂപയില്‍ വില്‍പ്പനയ്ക്ക് തുടക്കംകുറിച്ച പവന്‍ വാരമധ്യം 22,720 ലേക്ക് കയറിയശേഷം ശനിയാഴ്ച 22,640 രൂപയില്‍ ക്ളോസിങ് നടന്നു. ഗ്രാമിന്റെ വില 2830 രൂപ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top