30 September Saturday

ബാങ്കിങ് താഴേത്തട്ടിലേക്ക്; ഇസാഫ് ബാങ്ക് 17ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പി ജി സുജUpdated: Sunday Mar 12, 2017

സ്വാതന്ത്യലബ്ധിക്കുശേഷം കേരളത്തിലാരംഭിക്കുന്ന ആദ്യ ഷെഡ്യൂള്‍ഡ് ബാങ്കായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് മാര്‍ച്ച് 17ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശൂരില്‍ ഉദ്ഘാടനംചെയ്യും. രാജ്യത്തെ ബാങ്കിങ്ശൃംഖലയുടെ പുറത്തുള്ള  ജനങ്ങള്‍ക്ക് ബാങ്കിങ് സേവനങ്ങളെത്തിക്കുകയാണ് ലക്ഷ്യമെന്ന് ഇസാഫ് ചെയര്‍മാന്‍ കെ പോള്‍ തോമസ് പറഞ്ഞു. ബാങ്കിന്റെ പ്രവര്‍ത്തനമെങ്ങനെയായിരിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. പ്രസക്ത ഭാഗങ്ങള്‍:

ഇന്നത്തെ സാഹചര്യത്തില്‍ ചെറു ബാങ്ക് എന്നതിന്റെ പ്രസക്തിയെത്രയാണ്?


വിപുലമായ ബാങ്കിങ്സേവനങ്ങള്‍ നല്‍കുന്നതിന് മല്‍സരിക്കുന്ന നിരവധി ബാങ്കുകള്‍ ഇന്നുണ്ട്. എന്നാല്‍, രാജ്യത്തെ ബഹുഭൂരിപക്ഷം പേരും ഇത്തരം ബാങ്കുകളുടെ സേവനപരിധിക്കു പുറത്താണ്. ചെറുബാങ്കായ ഇസാഫിന് എല്ലാ ബാങ്കിങ്സേവനങ്ങളും നല്‍കാനാകും. റിസര്‍വ് ബാങ്കിന്റെ അനുമതിയുള്ള ഇസാഫ് മുന്‍ഗണന നല്‍കുന്നത് ചെറുകിടക്കാര്‍ക്കായിരിക്കും. മൊത്തം വായ്പകളുടെ പകുതിയും 25 ലക്ഷം രൂപയില്‍ത്താഴെയുള്ള വായ്പയായിരിക്കും. 75 ശതമാനം വായ്പകളും ചെറുകിട മേഖലയിലായിരിക്കും നല്‍കുക. രൂപയിലുള്ള പ്രവാസിനിക്ഷേപം സ്വീകരിക്കാനനുമതിയുണ്ട്. നിക്ഷേപത്തിന് പരിധിയില്ല.
എങ്കിലും ചെറുവായ്പകളായിരിക്കും ബാങ്കിന്റെ കരുത്തെന്നു പറയാം.  ഇസാഫിന്റെ ഇപ്പോഴത്തെ പങ്കാളികള്‍, ചെറുകിട കച്ചവടക്കാര്‍, വ്യാപാരികള്‍, കൃഷിക്കാര്‍ എന്നിവര്‍ക്കെല്ലാം ബിസിനസ് വിപുലീകരിക്കുന്നതിന് ഇസാഫ് ബാങ്കിന്റെ സേവനങ്ങള്‍ ഉപയോഗിക്കാനാകും. സ്ത്രീകള്‍ക്ക് പ്രത്യേക സമ്പാദ്യ-വായ്പാ പദ്ധതികള്‍ ഞങ്ങളുദ്ദേശിക്കുന്നുണ്ട്. പെന്‍ഷന്‍ റെഗുലേറ്ററി അതോറിറ്റിയുമായി ചേര്‍ന്ന് പ്രത്യേക പെന്‍ഷന്‍പദ്ധതിയും അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു. സാമ്പത്തികമായി ഉയര്‍ന്ന തട്ടിലുള്ളവര്‍, മുതിര്‍ന്ന പൌരന്മാര്‍ എന്നിവരില്‍നിന്നു നിക്ഷേപം ആകര്‍ഷിക്കുന്നതിനു പ്രത്യേക പദ്ധതികളുണ്ടാകും. നിക്ഷേപങ്ങള്‍ക്ക് പലിശ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ പലിശ കൂടുതല്‍ നല്‍കി കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കും.

എന്തൊക്കെ തയ്യാറെടുപ്പുകളാണ് ബാങ്കാകാന്‍ വേണ്ടിവന്നത്?

ഇസാഫ് ഉള്‍പ്പെടെ 10 സ്ഥാപനങ്ങള്‍ക്കാണ് 2015 ഒക്ടോബറില്‍ റിസര്‍വ് ബാങ്ക് അനുമതിനല്‍കിയത്്. ഇതില്‍ അഞ്ചു ഗ്രൂപ്പുകള്‍ ബാങ്കുകളാരംഭിച്ചുകഴിഞ്ഞു. ആറാമത് പ്രവര്‍ത്തനമാരംഭിക്കുന്നത് ഇസാഫാണ്. ഒന്നരവര്‍ഷത്തെ തയ്യാറെടുപ്പാണ് ഇസാഫിന് ഈ ലക്ഷ്യപ്രാപ്തിക്കായി വേണ്ടിവന്നത്. 10 സംസ്ഥാനങ്ങളില്‍ ഒരുപോലെ പ്രവര്‍ത്തനം തുടങ്ങും. കേരളത്തില്‍ 104 ശാഖകളാണുള്ളത്. ആദ്യവര്‍ഷം 85 ശാഖകളാരംഭിക്കും.

അത്യാധുനിക ഡിജിറ്റല്‍ സേവനങ്ങള്‍ക്കും ഒപ്പംതന്നെ മാനുഷിക പരിഗണനകളുള്ള സേവനങ്ങള്‍ക്കും ഒരേപോലെ മുന്‍ഗണന നല്‍കും. വീട്ടുപടിക്കല്‍ സേവനമെത്തിക്കുന്നതിന് ബിസിനസ് കറസ്പോണ്ടന്റുമാരുള്‍പ്പെടെയുള്ളവരുടെ സേവനം  ലഭ്യമാക്കും. അഞ്ചു കിലോമീറ്ററിനുള്ളില്‍ ഒരു സേവനകേന്ദ്രമെങ്കിലുമുണ്ടാകും. ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, ഏജന്റ് ബാങ്കിങ്, എടിഎം എന്നിവയെല്ലാം തുടക്കംമുതല്‍ ലഭ്യമാക്കാനുള്ള സംവിധാനമൊരുങ്ങിക്കഴിഞ്ഞു. ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി തുടങ്ങിയ സൌകര്യങ്ങളെല്ലാമുണ്ടാകും. കണ്ണിലെ കൃഷ്ണമണിയുടെ ഐറിസ് സ്കാന്‍ തിരിച്ചറിയലിനായി എടുക്കാനുള്ള സൌകര്യമടക്കം ഉണ്ടാകും. എഫ്ഐഎസ് ഗ്ളോബല്‍ ടെക്നോളജിയാണ് സാങ്കേതികവിദ്യയൊരുക്കുന്നത്.  റിസര്‍വ് ബാങ്കിന്റെ നിഷ്കര്‍ഷയനുസരിച്ച് 100 കോടിരൂപയുടെ കരുതല്‍ മൂലധനമാണ് വേണ്ടതെങ്കിലും 350 കോടി രൂപയുടെ കരുതലാണ് ഇസാഫിനുള്ളത്്. മൂന്നുവര്‍ഷംകൊണ്ട് കൂടുതല്‍ ചെറുകിട നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനാണ് പദ്ധതി.

അടുത്ത അഞ്ചുവര്‍ഷത്തെ ലക്ഷ്യമെന്താണ്?

അഞ്ചുവര്‍ഷത്തിനുള്ളില്‍ 450 ബാങ്ക് ശാഖകളും 6000 ഉപഭോക്തൃ സേവനകേന്ദ്രങ്ങളുമാണ് ലക്ഷ്യമിടുന്നത്്. 10,000 കോടിരൂപയുടെ ബിസിനസാണ് ലക്ഷ്യം. നിലവില്‍ 12 ലക്ഷം ഉപയോക്താക്കളുണ്ട്. ആദ്യവര്‍ഷം ഇത് 15 ലക്ഷം ആക്കും. മൂന്നുവര്‍ഷംകൊണ്ട് 50 ലക്ഷം ഉപയോക്താക്കളും. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരുകോടി ഉപയോക്താക്കളും 20,000 കോടി രൂപയുടെ ബിസിനസും 500 ബ്രാഞ്ചുകളും 5,000 തൊഴിലവസരങ്ങളും സൃഷ്ടിക്കുകയാണ് ഇസാഫിന്റെ ലക്ഷ്യം

കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കി  ഇസാഫ്

1992ല്‍ തൃശൂരില്‍ തുടക്കമിട്ട ഇസാഫ് എന്ന സാമൂഹ്യക്ഷേമ സംരംഭപദ്ധതി കാല്‍ നൂറ്റാണ്ട് പിന്നിട്ട് രാജ്യത്തെ മികച്ച ബിസിനസ് മാതൃകളിലൊന്നായി അംഗീകരിക്കപ്പെടുന്നു. ഇതിന്റെ ഭാഗമായാണ് റിസര്‍വ് ബാങ്ക് ചെറു ബാങ്ക് ആരംഭിക്കുന്നതിന് ഇസാഫിനെ തെരഞ്ഞെടുത്തതും.“സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്’ എന്ന സാമൂഹികപ്രതിബദ്ധതയുള്ള സംരംഭത്തിന്റെ മാതൃകയാണ് ഇന്ന് ഇസാഫ.് തൃശൂരിലെ മണ്ണുത്തി ആസ്ഥാനമായി കഴിഞ്ഞ 25 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ഇസാഫിന് അസം ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളില്‍ സാന്നിധ്യമുണ്ട്. 93 ജില്ലകളിലായി 1605097 അംഗങ്ങളുണ്ട്. ആകെ മൂലധനം 363 കോടി രൂപയാണ്.

കെ പോള്‍ തോമസാണ് ഇസാഫിന്റെ ചെയര്‍മാന്‍. ഭാര്യ മെറീനപോള്‍ സഹസ്ഥാപകയും എച്ച്ആര്‍ വിഭാഗം മേധാവിയുമാണ്.  മൊത്തം 285 ശാഖകളുണ്ട്. ഇതില്‍ 104 ശാഖകള്‍ കേരളത്തിലാണ്. ഈ ശാഖകളത്രയും ചെറുകിട ബാങ്കുകളായിമാറും. സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ 60,000 രൂപവരെ വായ്പ നല്‍കുന്നതാണ് ഇപ്പോഴത്തെ പ്രവര്‍ത്തന രീതി. സമൂഹത്തിന്റെ അടിത്തട്ടിലുള്ളവര്‍ക്കാണ് വായ്പ നല്‍കുന്നത്. താഴെക്കിടയിലുള്ളവര്‍ക്ക് അവബോധം നല്‍കിക്കൊണ്ട്് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കെ പോള്‍ തോമസ്  ഇസാഫിന്റെ പ്രവര്‍ത്തനങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നത്. ഇന്ന് 16 ലക്ഷത്തിലേറെ കുടുംബങ്ങളില്‍ ഇസാഫിന്റെ വായ്പാസഹായം എത്തിക്കഴിഞ്ഞു. ഇതുവരെ വായ്പയായി നല്‍കിയത് 10,000 കോടി രൂപയാണ്. 2016ല്‍ മാത്രം 2388 കോടി രൂപയാണ് ഇസാഫില്‍നിന്നു രാജ്യത്തിലെ 11 സംസ്ഥാനങ്ങളിലെ ആവശ്യക്കാരിലെത്തിയത്. കേരളംമുതല്‍ ജാര്‍ഖണ്ഡ്വരെ നീളുന്നു ഇസാഫിന്റെ സാന്നിധ്യം.

 ഇസാഫിന്റെ വായ്പാതിരിച്ചടവ്  98.9 ശതമാനമാണ്. വായ്പാ പദ്ധതികള്‍ ഒട്ടേറെയുണ്ട്. വരുമാനവര്‍ധനയ്ക്കുള്ള വായ്പ, ജനറല്‍ വായ്പ, നിര്‍മല്‍ വായ്പ, സാനിറ്റേഷന്‍ വായ്പ എന്നിങ്ങനെ വ്യത്യസ്ത വായ്പാസൌകര്യങ്ങളുണ്ട്. സംരംഭങ്ങള്‍ തുടങ്ങാന്‍ 60,000 രൂപവരെ വായ്പ ലഭിക്കും. ഒരു വര്‍ഷത്തേയ്ക്ക് 10,000 രൂപയും. വീട് പണിയുന്നതിനായി രണ്ടുലക്ഷംവരെ സഹായവുമുണ്ട്. ഇതില്‍ പകുതിയിലേറെയും കേരളത്തിലാണ്. കൂടാതെ, തമിഴ്നാട്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, ബിഹാര്‍, അസം, വെസ്റ്റ് ബംഗാള്‍, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിലും ഇസാഫിന്റെ സഹായമുണ്ട്. കഴിഞ്ഞ 25 വര്‍ഷമായി ആരോഗ്യപരിപാലനം, പരിസ്ഥിതിസംരക്ഷണം, നൈപുണ്യവികസനം, സാമ്പത്തികസാക്ഷരതാപരിപാടികള്‍, ഭിന്നശേഷിയുള്ളവരുടെ പരിപാലനം തുടങ്ങിയ മേഖലകളിലൊക്കെ സേവനമൊരുക്കിജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ കരകൌശലവിഭാഗമായ ജാര്‍ക്രാഫ്റ്റിന്റെ സഹായത്തോടെ ഗോ-നേച്ചര്‍ എന്ന പേരില്‍ കരകൌശല ഉല്‍പ്പന്നങ്ങളുടെ വിപണനകേന്ദ്രവും തൃശൂരില്‍ ആരംഭിച്ചുകഴിഞ്ഞു. ജൂബിലി ആഘോഷം ഒരുവര്‍ഷം നീണ്ടുനില്‍ക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top