18 August Sunday

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റി ;മുന്നേറ്റം കൂട്ടായ്മയുടെ കരുത്തില്‍

വാണിജ്യകാര്യ ലേഖികUpdated: Sunday Sep 10, 2017

മലബാറിലെ ഊരാളുങ്കല്‍ എന്ന ചെറുഗ്രാമത്തില്‍ 92 വര്‍ഷംമുമ്പ് പിറവിയെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റി (യുഎല്‍സിസിഎസ്) ഇന്ന് ലോകത്തിലെതന്നെ മുന്‍നിര സഹകരണ പ്രസ്ഥാനങ്ങളിലൊന്നാണ്. സാമൂഹ്യ പരിഷ്കര്‍ത്താവായ സ്വാമി വാഗ്ഭടാനന്ദന്റെ നേതൃത്വത്തില്‍ ആരംഭിച്ച് കാലത്തിനൊപ്പം ചുവടുവയ്ക്കുന്ന സൊസൈറ്റി അക്കാലത്ത് നിലനിന്ന തൊഴിലില്ലായ്മ ഇല്ലാതാക്കാന്‍വേണ്ടിയാണ് പ്രവര്‍ത്തനം തുടങ്ങിയത്. ആധുനികകാലത്ത് ഐടിപോലെയുള്ള പുതിയ മേഖലകളില്‍ ഉടലെടുത്ത തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് ഐടി രംഗത്തേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. കേരളത്തിന്റെ ആദ്യ ഐടി അധിഷ്ഠിത പ്രത്യേക സാമ്പത്തികമേഖലയായ യു എല്‍ സൈബര്‍പാര്‍ക്ക് കോഴിക്കോട് ആരംഭിച്ചു. 1995 മുതല്‍ പാലേരി രമേശനാണ് സൊസൈറ്റിയുടെ ചെയര്‍മാനായി പ്രവര്‍ത്തനങ്ങളുടെയെല്ലാം ചുക്കാന്‍പിടിക്കുന്നത്. എസ് ഷാജു ആണ് സെക്രട്ടറി.

വിവരസാങ്കേതികവിദ്യ സമൂഹത്തിന്റെ എല്ലാ മേഖലയിലും സ്വാധീനംചെലുത്തുന്ന ഇക്കാലത്ത് ആ രംഗത്തേക്കും സൊസൈറ്റി സാന്നിധ്യമറിയിച്ചുകഴിഞ്ഞു. യു എല്‍ ടെക്നോളജി സൊല്യൂഷന്‍സ് എന്ന ഈ സംരംഭം കെഎസ്ആര്‍ടിസി, ജല അതോറിറ്റി, രജിസ്ട്രേഷന്‍വകുപ്പ് തുടങ്ങിയ വിവിധ സര്‍ക്കാര്‍വകുപ്പുകള്‍ക്കായി ഐടി അനുബന്ധ സേവനങ്ങള്‍ വികസിപ്പിക്കുന്നു. ഈ വിഭാഗമാണ് കെഎസ്ആര്‍ടിസി അടുത്തിടെ നടപ്പാക്കിയ ഓണ്‍ലൈന്‍ സേവനങ്ങള്‍ വികസിപ്പിച്ചെടുത്തത്. ടി ജിതേഷ് ആണ് ഐടി വിഭാഗം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍.എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ശ്രീകാന്ത്, രഗില്‍, ബിനീഷ് എന്നിവര്‍ ഇദ്ദേഹത്തിനൊപ്പമുണ്ട്്. ജനങ്ങളുടെ ദൈനംദിന  ജീവിതത്തെ ബാധിക്കുന്ന മേഖലകളില്‍ പരമാവധി ഐടി സേവനങ്ങള്‍ ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

വിദഗ്ധ കലാകാരന്മാര്‍ക്ക് തങ്ങളുടെ സര്‍ഗഭാവനകള്‍ക്ക് രൂപംനല്‍കാനും അവരുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അനുയോജ്യമായ വിപണി കണ്ടെത്താനും രാജ്യാന്തരനിലവാരത്തിലുള്ള ഒരു കേന്ദ്രം എന്ന ലക്ഷ്യത്തോടെ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച വടകരയ്ക്കടുത്തുള്ള സര്‍ഗാലയ ക്രാഫ്റ്റ്സ് വില്ലേജ് കലാകാരന്മാര്‍ക്ക് ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാനുള്ള ഒരിടമാണിപ്പോള്‍. ഇന്ത്യയിലെയും വിദേശങ്ങളിലെയും കരകൌശല വിദഗ്ധര്‍ ഈ സര്‍ഗാലയ തേടിയെത്തുന്നു.

വില്ലേജിലും സമീപസ്ഥലങ്ങളിലും ജൈവകൃഷിയിലൂടെ പച്ചക്കറികളും പഴങ്ങളും ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഈ കൃഷിയിടം ഇത്തവണ ജില്ലാ അടിസ്ഥാനത്തില്‍ മികച്ചതായി തെരഞ്ഞെടുത്തിരുന്നു. സൊസൈറ്റിക്ക് സ്വന്തമായി ക്വാറി, ക്രഷര്‍, ഹോളോ ബ്രിക്സ് യൂണിറ്റുകളും യാത്രാവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ അറ്റകുറ്റപ്പണി നടത്താനുള്ള രണ്ടു വര്‍ക്ഷോപ്പുകളും ഉണ്ട്.

 തുടക്കത്തില്‍ തുച്ഛമായ ഓഹരി മാത്രമാണ് മൂലധനമായി ഉണ്ടായിരുന്നത്. പ്രവര്‍ത്തനങ്ങള്‍ കൃത്യ സമയത്ത് പൂര്‍ത്തിയാക്കാന്‍ റോഡ്പണിപോലുള്ളവയാണ് സൊസൈറ്റി ആദ്യകാലത്ത് ഏറ്റെടുത്തത്്. പിന്നീട് പലവിധ പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ട് ചെറുതും വലുതുമായ നിരവധി പദ്ധതികള്‍ സമയബന്ധിതമായി ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ലാതെ പൂര്‍ത്തിയാക്കിയിട്ടുണ്ട്്.

പ്രാഥമിക സഹകരണ ബാങ്കുകളുടെ ഫണ്ട് ഉപയോഗിച്ച് സ്വകാര്യ സര്‍ക്കാര്‍ പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന കോഴിക്കോട് സിറ്റി റോഡ്, പിണറായി കമ്യൂണിറ്റി ഹാള്‍, വെള്ളിമാടുകുന്നിലെ ജന്‍ഡര്‍ പാര്‍ക്ക,് രാമനാട്ടുകരയിലും തൊണ്ടയാടുമുള്ള ഫ്ളൈഓവറുകള്‍,  തിരുവനന്തപുരത്തെ മുട്ടത്തറയില്‍ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള പാര്‍പ്പിടസമുച്ചയം, കണ്ണൂര്‍ ഹില്‍ ഹൈവേ,നാടുകാണി-പരപ്പനങ്ങാടി റോഡ്, ആലപ്പുഴ വലിയഴീക്കല്‍ പാലം, അമ്പലപ്പുഴ-തിരുവല്ല റോഡ് തുടങ്ങിയ നിരവധി പദ്ധതികളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. സര്‍ഗാലയയുടെ രണ്ടാംഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.

സൊസൈറ്റി ഏറ്റെടുക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഗുണമേന്മ  ഉറപ്പുവരുത്താന്‍ പ്രത്യേക നടപടിക്രമങ്ങളുണ്ട്. ലാഭത്തിലുപരി ജോലിയുടെ ഗുണമേന്മ ഉറപ്പാക്കാന്‍ തൊഴിലാളികള്‍ അര്‍പ്പണമനോഭവത്തോടെ പ്രവര്‍ത്തിക്കുന്നു. പ്രതിവര്‍ഷം രണ്ടരലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍കഴിയുന്ന സൊസൈറ്റി സാമ്പത്തിക അച്ചടക്കം കര്‍ശനമായി പാലിക്കാറുണ്ട്. തൊഴിലാളികള്‍ക്ക് കൂലിക്കുപുറമെ പ്രോവിഡന്റ് ഫണ്ട്, ഇഎസ്ഐ,  ക്ഷേമനിധി തുടങ്ങിയ ആനുകൂല്യങ്ങളെല്ലാം ഉറപ്പുവരുത്തുന്നു.

പൊതുമരാമത്തുവകുപ്പ്, നാഷണല്‍ ഹൈവേ, ഇറിഗേഷന്‍,  ടൂറിസം തുടങ്ങിയ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന എ ക്ളാസ് സൊസൈറ്റിയാണിത്്. സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായി സൊസൈറ്റി ആരംഭിച്ച യുഎല്‍സിസിഎസ് ചാരിറ്റബിള്‍ ഫൌണ്ടേഷന്‍ മാനസികവളര്‍ച്ചയില്ലാത്തവര്‍ക്ക് പരിശീലനം നല്‍കുന്ന ഒരു സ്ഥാപനം കോഴിക്കോട് നടത്തുന്നുണ്ട്. ഇതിനുപുറമെ പ്രായമായവര്‍ക്കായി ആധുനികസൌകര്യങ്ങളെല്ലാമുള്ള ഒരു പകല്‍ വീട് അടുത്തുതന്നെ ആരംഭിക്കും. കോഴിക്കോട് കുട്ടികളുടെ വൈദഗ്ധ്യ വികസനത്തിനായി ഒരു എജ്യുക്കേഷന്‍ പാര്‍ക്കും ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്്.

പ്രധാന വാർത്തകൾ
 Top