29 September Friday

നിക്ഷേപവേളയില്‍ ഒഴിവാക്കുക, ഈ അബദ്ധങ്ങള്‍

പി ജി സുജUpdated: Monday Oct 9, 2017

നിക്ഷേപകര്‍ പതിവായി നടത്തുന്ന ചില അബദ്ധങ്ങള്‍ ഒഴിവാക്കിയാല്‍ നിക്ഷേപമേഖലയില്‍നിന്ന് മികച്ച നേട്ടം കൊയ്യാന്‍ അതു സഹായിക്കും. ഇത്തരത്തില്‍ അബദ്ധങ്ങള്‍ സംഭവിക്കുന്നത് ഒഴിവാക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണമന്ന് പരിശോധിക്കുക.

ഏതെങ്കിലുമൊരു പ്രത്യേകമേഖല തെരഞ്ഞെടുത്ത് നിക്ഷേപം നടത്തിയശേഷം അങ്ങനെയൊരു നിക്ഷേപത്തെക്കുറിച്ച് തല്‍ക്കാലം മറക്കണമെന്ന് നിക്ഷേപസംബന്ധമായി പലരും ഉപദേശിക്കാറുണ്ട്. അല്ലെങ്കില്‍ നിക്ഷേപിച്ച തുക കാലാവധി പൂര്‍ത്തിയാകുന്നതിനുമുമ്പ് പിന്‍വലിക്കാനുള്ള പ്രവണത സാധാരണമാണ്. എന്നാല്‍, ഇത് കുറ്റമറ്റ കാര്യമല്ല. കൃത്യമായ നിരീക്ഷണം നടത്തുന്നതിലൂടെ പ്രതീക്ഷിച്ചത്ര പ്രകടനം കാഴ്ചവയ്ക്കാത്ത നിക്ഷേപ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി വേണ്ട മാറ്റങ്ങള്‍ വരുത്താനാകും. നിക്ഷേപമേഖലയില്‍ അച്ചടക്കം കൈവരിക്കുന്നതിനും ഇത്തരത്തിലുള്ള നിരീക്ഷണം ഗുണംചെയ്യും. ഇത്തരത്തിലുള്ള നിക്ഷേപനിരീക്ഷണം കൃത്യമായ ഇടവേളകളില്‍ നടത്തുന്നതാണ് ഉത്തമം. അത് മൂന്നുമാസം കൂടുമ്പോഴോ, അര്‍ധവാര്‍ഷിക കാലയളവിലോ വാര്‍ഷികാടിസ്ഥാനത്തിലോ ആകാം. എന്തായാലും നിരീക്ഷണ ഇടവേള ഒരേപോലെ ആകുന്നത് കൂടുതല്‍ കാര്യക്ഷമമായ അവലോകനത്തിന് ഉപകരിക്കും.

വിപണിയില്‍ നിരവധി കമ്പനികളുടെ നികുതിരഹിത ബോണ്ടുകളും കടപ്പത്രങ്ങളും ഇപ്പോള്‍ ലഭ്യമാണ്. കേരളത്തില്‍നിന്നുള്ള കമ്പനികള്‍പോലും ഇപ്പോള്‍ കടപ്പത്രങ്ങള്‍ അവതരിപ്പിക്കാന്‍ മത്സരിക്കുന്നു. അവ നല്‍കുന്ന ഉയര്‍ന്ന പലിശനിരക്കാണ് ഇത്തരം നിക്ഷേപങ്ങളിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം. നികുതിരഹിത വരുമാനമാണ് നികുതിരഹിത ബോണ്ടുകളുടെ ആകര്‍ഷണം. എന്നാല്‍, ഇത്തരം നിക്ഷേപങ്ങള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്യുകയും തുടര്‍ന്നും അവ വിപണിയില്‍ നിലനില്‍ക്കുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങളാണ്. അതുകൊണ്ട് അവയുടെ മറ്റ് റിസ്ക്കുകള്‍ കണക്കിലെടുക്കാതെ പലിശ മാത്രം നോക്കി തിരക്കിട്ട് നിക്ഷേപിക്കേണ്ട കാര്യമില്ല.  നിക്ഷേപകന്റെ സാമ്പത്തികലക്ഷ്യങ്ങള്‍ സാധ്യമാക്കുന്നവയാണോ ഇത്തരം മേഖലകളെന്നു വിലയിരുത്തേണ്ടത് അത്യാവശ്യമാണ്.

ഇപ്പോള്‍ ഓഹരിവിപണി ഉയര്‍ന്നുനില്‍ക്കുന്ന സമയമാണ്. സ്വാഭാവികമായും ഈ രംഗത്ത് മുന്‍പരിചയമില്ലാത്ത പലരും ഓഹരി നിക്ഷേപത്തിനായി തയ്യാറെടുക്കുന്ന സമയവുമാണിത്. കാര്യമായ തയ്യാറെടുപ്പുകളില്ലാതെ വരുമാനം മാത്രം ലക്ഷ്യമിട്ടുവരുന്ന ഇക്കൂട്ടര്‍ പലപ്പോഴും അബദ്ധങ്ങളില്‍ ചെന്നുചാടാറുണ്ട്. മൂച്വല്‍ ഫണ്ടിലൂടെ ഓഹരിനിക്ഷേപം നടത്തുന്ന പുതിയ നിക്ഷേപകര്‍ പലപ്പോഴും മുന്‍കാലങ്ങളില്‍ കനത്ത നേട്ടം നല്‍കിയ മേഖലകള്‍ തെരഞ്ഞെടുത്ത് നിക്ഷേപിക്കാന്‍ താല്‍പ്പര്യം കാട്ടാറുണ്ട്. അത്തരം മേഖലകളില്‍ പതിഞ്ഞിരിക്കുന്ന റിസ്ക് കണക്കാക്കാന്‍ അവര്‍ക്കു കഴിയാറില്ല. എന്നാല്‍, ആദ്യമായി ഈ മേഖലയിലേക്ക് കടന്നുവരുന്നവര്‍ വ്യത്യസ്ത മേഖലകള്‍ നിക്ഷേപത്തിനായിതെരഞ്ഞെടുക്കുന്നത് റിസ്ക് കുറയ്ക്കാന്‍ സഹായിക്കും. ബാലന്‍സ്ഡായ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതും റിസ്ക്  കുറയാന്‍ സഹായിക്കും. ഏതു മേഖലയിലായാലും പരമാവധി റിസ്ക് കുറയ്ക്കുന്നതിന് വ്യത്യസ്ത മേഖലകള്‍ തെരഞ്ഞെടുത്ത് നിക്ഷേപിക്കാം.

പണപ്പെരുപ്പത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ അത് ദൈനംദിന ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കുന്നതാണെങ്കിലും നിക്ഷേപകാര്യങ്ങളില്‍ പണപ്പെരുപ്പം എങ്ങനെയാണ് സ്വാധീനംചെലുത്തുക എന്നതില്‍ അധികമാരും ശ്രദ്ധകൊടുക്കാറില്ല. പലരും  ഭാവിയില്‍ കുട്ടികളുടെ ആവശ്യത്തിനും ജോലിയില്‍നിന്നു വിരമിച്ചശേഷം ഭാവിജീവിതത്തിനും മറ്റുമായി ദീര്‍ഘകാല ലക്ഷ്യത്തോടെ നിക്ഷേപം നടത്താറുണ്ട്. എന്നാല്‍, ഇത്തരം നിക്ഷേപങ്ങളെ പണപ്പെരുപ്പം സ്വാധീനിക്കുമെന്നതിന് ആരും പരിഗണന നല്‍കാറില്ല. ദീര്‍ഘകാല നിക്ഷേപത്തിന്റെ വളര്‍ച്ചയ്ക്കൊപ്പം പണപ്പെരുപ്പം അവയെ കാര്‍ന്നുതിന്നാന്‍ ഇടയുള്ളതുകൂടി മുന്‍കൂട്ടി കാണണം. 

നിരക്കു കുറവുണ്ട് എന്നതു മാത്രം കണക്കാക്കി നിക്ഷേപം നടത്തുന്നത് ശരിയായ പ്രവണതയല്ല. നിക്ഷേപത്തിന്റെ പ്രകടനം ഇത്തരം ഘട്ടങ്ങളില്‍ പലപ്പോഴും പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നുവെന്നുവരില്ല. തെരഞ്ഞെടുക്കുന്ന നിക്ഷേപമേഖലകളുടെ പ്രകടനം കണക്കിലെടുത്തു വേണം നിക്ഷേപം നടത്താന്‍. സ്വയം ഇത്തരം നിക്ഷേപതീരുമാനങ്ങളെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍  സാമ്പത്തിക ഉപദേശകരുടെ സേവനം തേടാം. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം സൌജന്യസേവനം നല്‍കുന്നവരുടെ പിറകെ പോകാതിരിക്കുക എന്നതാണ്. പലപ്പോഴും ഇത്തരം സേവനങ്ങള്‍ നല്‍കുന്നവര്‍ സ്വന്തം നേട്ടത്തിനനുസരിച്ച് തെറ്റായ ഉല്‍പ്പന്നം അടിച്ചേല്‍പ്പിക്കാന്‍ ഇടയുണ്ട്. എന്നാല്‍, തങ്ങളുടെ അടുത്ത് സേവനം തേടിയെത്തുന്ന നിക്ഷേപകന്റെ താല്‍പ്പര്യം മാത്രം കണക്കിലെടുത്തു പ്രവര്‍ത്തിക്കുന്ന അംഗീകൃത സാമ്പത്തിക ഉപദേശകന്റെ മാര്‍ഗനിര്‍ദേശങ്ങളാകും സഹായമാകുക. ആരോഗ്യകാര്യങ്ങളില്‍ ഡോക്ടറുടെ സേവനം തേടുന്നതുപോലെയാണ് സാമ്പത്തികകാര്യങ്ങളില്‍ ഇത്തരം സാമ്പത്തിക ഉപദേശകരുടെ സേവനം ലഭ്യമാക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top