സ്മാർട്ട്ഫോൺ നിർമാണരംഗത്തെ ഭീമന്മാരായ സാംസങ് ചൈനയിലെ മൊബൈൽ ഉൽപ്പാദനം അവസാനിപ്പിക്കാനൊരുങ്ങുന്നു. ചൈനയിലെ ആഭ്യന്തര സ്മാർട്ട് ഫോൺ കമ്പനികളുമായി വിപണിയിലുള്ള കടുത്ത മത്സരമാണ് പിൻവാങ്ങാൻ കാരണം. സാമ്പത്തിക പ്രതിസന്ധിയും തൊഴിൽ ചെലവും കമ്പനിയെ ബാധിച്ചിട്ടുണ്ട്. ജൂണിൽ തെക്കൻ നഗരമായ ഹുയിഷോയിലെ സാംസങ് പ്ലാന്റിലെ ഉൽപ്പാദനം വെട്ടിക്കുറച്ചതിനുപിന്നാലെ കഴിഞ്ഞവർഷം അവസാനത്തോടെ മറ്റൊരു ഫാക്ടറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരുന്നു.
മറ്റൊരു സ്മാർട്ട് ഫോൺ കമ്പനിയായ സോണിയും ബീജിങ്ങിലെ നിർമാണ പ്ലാന്റിന്റെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. തായ്ലൻഡിൽ മാത്രമാകും തങ്ങൾ ഫോൺ നിർമിക്കുകയെന്നും സോണി അറിയിച്ചിരുന്നു. ചൈനീസ് വിപണിയിലെ സാംസങ്ങിന്റെ പ്രാതിനിധ്യം കുറഞ്ഞുവരുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു. വാവേ, ഷവോമി തുടങ്ങിയ കമ്പനികളുടെ വളർച്ചയും ഇതിനു കാരണമായി.