17 February Monday

സഹകരണമേഖലയില്‍ തിളങ്ങുന്നു പിഎസ്സി ബാങ്ക്

കൃഷ്ണകുമാര്‍ പൊതുവാള്‍Updated: Sunday Dec 3, 2017

സഹകരണമേഖലയില്‍ അത്യപൂര്‍വമായ മാതൃകയാകുകയാണ് തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്ത് അത്താണി പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക്. സഹകാരികളുടെ ജീവസ്പര്‍ശിയായ പ്രശ്നങ്ങള്‍ക്ക് കൈത്താങ്ങായി പ്രവര്‍ത്തിക്കുന്ന ബാങ്കിനെക്കുറിച്ച് നല്ലതേ അംഗങ്ങള്‍ക്കു പറയാനുള്ളൂ.

നൂറ്റമ്പത് കോടിയിലധികം നിക്ഷേപമുള്ള ബാങ്കിന്റെ നൂതനമായ പദ്ധതികള്‍ മാതൃകാപരമാണ്. ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍മൈത്രി സൂപ്പര്‍മാര്‍ക്കറ്റില്‍ വിലക്കുറവിന്റെ വിപണനമാണ് നടക്കുന്നത്. പൂര്‍ണമായും വൈ-ഫൈ സംവിധാനത്തിലുള്ള ബാങ്കില്‍ ഗ്രാമീണമേഖലയിലെ സ്വയംതൊഴില്‍ പദ്ധതിക്കായി നബാര്‍ഡിന്റെ സഹായത്തോടെയുള്ള റൂറല്‍ഹട്ട് പ്രവര്‍ത്തനപഥത്തിലാണ്. എടിഎം സംവിധാനം ഉടന്‍ ആരംഭിക്കും. ജനകീയ വിപണനസാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന ഗ്രീന്‍മൈത്രിയില്‍ പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന വിഭവങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. സ്ത്രീകളാണ് ഇവിടത്തെ ജീവനക്കാരിലേറെയും. സ്റ്റുഡന്റ് മാര്‍ക്കറ്റും ലേഡീസ് കോര്‍ണറും ഗ്രീന്‍മൈത്രി സമുച്ചയത്തിലുണ്ട്. വിലക്കുറവും ഗുണമേന്മയുമുള്ള തുണിത്തരങ്ങള്‍ ലഭ്യമാക്കുന്ന ഗ്രീന്‍മൈത്രി ടെക്സ്റ്റൈല്‍സും പ്രവര്‍ത്തിക്കുന്നുണ്ട്. ഇടപാടുകാര്‍ക്കും അംഗങ്ങള്‍ക്കും ക്യാഷ്ലെസ് പേമെന്റ് സൌകര്യം ഒരുക്കുന്നതിനായി കോ പേ എന്ന കാര്‍ഡും അവതരിപ്പിച്ചിട്ടുണ്ട്. 

കണ്‍സ്യൂമര്‍ഫെഡിന്റെ കൌണ്ടര്‍ ബാങ്കിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. കേരള ബാങ്കിന്റെ സംസ്ഥാനസമിതിയിലേക്ക് തൃശൂര്‍ ജില്ലയില്‍നിന്ന് സഹകരണബാങ്കുകളുടെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത് പിഎസ്സി ബാങ്കാണ്. നിലവിലിപ്പോള്‍ മൂന്ന് ശാഖകളാണുള്ളത്. ഈ ശാഖകള്‍ തമ്മിലുള്ള കോര്‍ബാങ്കിങ് പൂര്‍ണമായും നിലവില്‍വന്നു.

ബാങ്കിലെ വനിതാ ജീവനക്കാര്‍ക്ക് ടൂവീലര്‍ നല്‍കിയതും ശ്രദ്ധേയമായിരുന്നു. വേനല്‍ദുരിതം അകറ്റാന്‍ വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയോടൊപ്പം ചേര്‍ന്ന് നബാര്‍ഡിന്റെ  സഹകരണത്തോടെ 200ലേറെ കിണറുകള്‍ റീചാര്‍ജ് ചെയ്തു. ബാങ്ക്പരിധിയിലെ മുഴുവന്‍ കിണറും റീചാര്‍ജിങ് എന്ന ലക്ഷ്യമാണ് അടുത്തത്. ഗ്രീന്‍മൈത്രിവഴി ലോയല്‍റ്റി കാര്‍ഡിലൂടെ ലക്ഷക്കണക്കിനു  രൂപയാണ് ലാഭവിഹിതമായി തിരിച്ചുനല്‍കുന്നത്. പിഎസ്സി ബാങ്കിന്റെ ഞാറ്റുവേലച്ചന്തയും സഹകാരികളുടെ മനം കുളിര്‍ക്കുന്നു.

സാന്ത്വനം പദ്ധതിയിലൂടെ വൃക്കസംബന്ധമായ രോഗത്തിന് ഡയാലിസിസ് ചെയ്യുന്നവര്‍ക്കും ക്യാന്‍സര്‍ചികിത്സകരായ സഹകാരികള്‍ക്കും ചെലവിന്റെ നിശ്ചിതതുക ബാങ്ക് നല്‍കുന്നു. സഹകരണരംഗത്തെ വിസ്മയമായ പിഎസ്സി ബാങ്ക് ഒരു പ്രദേശത്തിന്റെ സമ്പദ്കാര്യങ്ങള്‍ക്കുപുറമെ ആരോഗ്യ-വിദ്യാഭ്യാസ കാര്യങ്ങളിലും ഒരുപോലെ കൈത്താങ്ങാവുന്നു. എം ആര്‍ ഷാജന്‍ പ്രസിഡന്റും പി കെ ജയശങ്കര്‍ സെക്രട്ടറിയുമായ  പിഎസ്സി ബാങ്കിനെ ഉന്നതിയിലേക്കുയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച മുന്‍ പ്രസിഡന്റ് അനൂപ് കിഷോര്‍ വടക്കാഞ്ചേരി നഗരസഭാ വൈസ് ചെയര്‍മാനാണ്. 

പ്രധാന വാർത്തകൾ
 Top