09 June Friday

കുടുംബത്തിന്റെ ആരോഗ്യ പരിരക്ഷയ്ക്കായി

പി ജി സുജUpdated: Sunday Apr 2, 2017

കുടുംബാംഗങ്ങളുടെ ആരോഗ്യ പരിരക്ഷയ്ക്കായി ആരോഗ്യപോളിസിയോ, ഫാമിലി ഫ്ളോട്ടര്‍ പോളിസിയോ നിര്‍ബന്ധമാണ്. അതുപോലെത്തന്നെ പ്രധാനപ്പെട്ടതാണ് വീട്ടിലെ വരുമാനമുള്ള അംഗത്തിന് പെട്ടെന്ന് ജീവഹാനി സംഭവിക്കുകയാണെങ്കില്‍ കുടുംബത്തിന് സാമ്പത്തികസുരക്ഷിതത്വം ഉറപ്പുനല്‍കുന്ന ടേം ഇന്‍ഷുറന്‍സ് പോളിസിയും. ഇതു രണ്ടുമാണ് കുടുംബത്തിന് അനിവാര്യമായി ഉണ്ടാകേണ്ട അടിസ്ഥാനസംരക്ഷണം നല്‍കുന്ന പോളിസികളെന്ന് ലളിതമായി പറയാം.

ആരോഗ്യ ഇന്‍ഷുറന്‍സ് അച്ഛന്‍, അമ്മ, മക്കള്‍, പ്രായമായ മാതാപിതാക്കള്‍ ഇവരടങ്ങുന്ന കുടുംബത്തിന് ചികിത്സാചെലവുകള്‍ താങ്ങാനാവാത്ത അവസ്ഥവരുന്നത് നേരിടുകയാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളുടെ ലക്ഷ്യം. ഫാമിലി ഫ്ളോട്ടര്‍ പോളിസിയും ഇക്കൂട്ടത്തില്‍പ്പെടുന്നു. നിശ്ചിതതുക തെരഞ്ഞെടുത്താല്‍ ആ വര്‍ഷം മുഴുവന്‍ ആ പരിധിക്കുള്ളിലുള്ള തുക ചികിത്സക്കായി ഉപയോഗപ്പെടുത്താനാകും. 35-45 വയസ്സുവരെയുള്ളവര്‍ക്ക് ആരോഗ്യപരിശോധന കൂടാതെത്തന്നെ പോളിസിയെടുക്കാം.
നിലവിലുള്ള അസുഖങ്ങള്‍ക്ക് മിക്കവാറും പോളിസികളിലും പരിരക്ഷ ലഭ്യമല്ല. നിലവിലുള്ള അസുഖമെന്നതിന്റെ നിര്‍വചനം പോളിസി എടുക്കുമ്പോള്‍ 48 മാസത്തിനുള്ളില്‍ വന്ന അസുഖമോ ചികിത്സിച്ചു ഭേദമാക്കിയ അസുഖമോ എന്നതാണ്. ജന്മനാലുള്ള അസുഖം ഇതിന്റെ പരിധിയില്‍വരില്ല. പോളിസിയെടുത്ത് 30 ദിവസത്തിനുള്ളില്‍ അസുഖംവന്നാലും പരിരക്ഷ കിട്ടില്ല. എന്നാല്‍,അപകടമാണെങ്കില്‍ പോളിസിയെടുത്ത അന്നുമുതല്‍ പരിരക്ഷ ലഭിക്കും. നാലുവര്‍ഷം കഴിഞ്ഞാല്‍ നിലവിലുള്ള അസുഖങ്ങള്‍ക്കും പരിരക്ഷ ലഭിക്കും.

ആരോഗ്യ പോളിസിയുടെ സം അഷ്വേര്‍ഡ് തുക വ്യക്തിയുടെ വരുമാനത്തിനനുസരിച്ച് തെരഞ്ഞെടുക്കുക. അത് ചെറിയതോതില്‍ വര്‍ധിപ്പിക്കുകയുമാകാം. ഇത്തരം പോളിസികളില്‍ ക്ളെയിമില്ലെങ്കില്‍ ആര്‍ജിത ബോണസ് സൌകര്യം പ്രയോജനപ്പെടുത്താം. കാരണം ഒരുലക്ഷം രൂപയ്ക്ക് അഞ്ചുശതമാനം ആര്‍ജിത ബോണസ് ലഭിക്കുമെങ്കില്‍ നാലുവര്‍ഷം കഴിയുമ്പോള്‍ 1.2 ലക്ഷം രൂപയുടെ ക്ളെയിം ലഭിക്കും. എപ്പോഴും അസുഖം വന്നുകഴിഞ്ഞ് പോളിസി എടുക്കുന്നതിലും നല്ലത് ആരോഗ്യത്തോടെ പണിചെയ്ത് വരുമാനമുണ്ടാക്കുമ്പോള്‍ പോളിസി എടുക്കുന്നതാണ്. എല്ലാവരും എനിക്കും കുടുംബത്തിലുള്ളവര്‍ക്കും അസുഖമൊന്നും വരില്ല എന്നു വിശ്വസിക്കുമ്പോഴും ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പരിരക്ഷ ഉറപ്പാക്കണം. കാരണം, ഇന്നത്തെ ജീവിതരീതി, ഭക്ഷണശൈലി, മാനസികസമ്മര്‍ദങ്ങള്‍, മലിനീകരണം തുടങ്ങിയവ കാരണം എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും അസുഖം പിടിപെടാം. മറുവശത്ത് ചികിത്സാചെലവ് റോക്കറ്റ്പോലെ കുതിച്ചുയരുകയുമാണ്.
ഫാമിലി ഫ്ളോട്ടര്‍ പോളിസി

ഒരു പോളിസികൊണ്ട് കുടുംബത്തിലെ കൂടുതല്‍ പേര്‍ക്ക്   കവറേജ് ഉറപ്പാക്കാന്‍ സഹായിക്കുന്ന പോളിസിയാണ് ഫാമിലി  ഫ്ളോട്ടര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി.  

പോളിസിയുടമ, ജീവിതപങ്കാളി, രണ്ട് അല്ലെങ്കില്‍ മൂന്നു മക്കള്‍ എന്നിവര്‍ക്കാണ് ഫ്ളോട്ടര്‍ പോളിസി സാധാരണ ലഭ്യമാക്കുക. പോളിസി ഉടമയുടെ ആശ്രിതരായ മാതാപിതാക്കള്‍ക്ക് ഈ പോളിസിവഴി കവറേജ് നേടാന്‍കഴിയില്ലെങ്കിലും എക്സ്റ്റന്‍ഡ്  ഫാമിലി ഫ്ളോട്ടര്‍ പ്ളാനിലൂടെ ആശ്രിതരായ മാതാപിതാക്കളടക്കം ആറംഗ കുടുംബത്തിന് കവറേജ് ഉറപ്പാക്കാനാകും. പോളിസി ഉടമയുടെ സ്വന്തം മാതാപിതാക്കളെയോ  ജീവിതപങ്കാളിയുടെ മാതാപിതാക്കളെയോ  ഇത്തരത്തില്‍ കവറേജില്‍ ഉള്‍പ്പെടുത്താം.
ഒരു പോളിസിയില്‍ ഒരു നിശ്ചിത സം അഷ്വേര്‍ഡാകും ഉണ്ടാകുക. അത് കുടുംബത്തിലുള്ള  മൊത്തം അംഗങ്ങള്‍ക്കും ഉപയോഗപ്പെടുത്താം. അതായത്, നാല് അംഗങ്ങളുള്ള കുടുംബം ഒരുലക്ഷം രൂപയുടെ കവറേജ് ഒരു നിശ്ചിത പ്രീമിയത്തില്‍ എടുത്തുവെന്നിരിക്കട്ടെ. നാലുപേരില്‍ ആര്‍ക്ക് രോഗംവന്നാലും കവറേജ് ഉറപ്പാക്കാം. അതല്ല, ഒരുവര്‍ഷം രണ്ടോ മൂന്നോ, അതല്ല നാലു പേര്‍ക്കും ചികിത്സ വേണ്ടിവന്നാല്‍  കവറേജ് എല്ലാവര്‍ക്കുമായി ഉപയോഗിക്കാം. പക്ഷേ, പരമാവധി ഒരുലക്ഷം രൂപവരെയേ ഇത്തരത്തില്‍ ലഭിക്കൂ. ബാക്കി തുക കൈയില്‍നിന്ന് നല്‍കേണ്ടിവരും.

മൂന്നുമാസം പ്രായമുള്ള കുട്ടിക്കുമുതല്‍ ഈ പോളിസിയില്‍ അംഗമാകാം. 76 വയസ്സുവരെ കവറേജ് നേടാം. എന്നാല്‍, കുട്ടികള്‍ക്ക് 25 വയസ്സുവരെ മാത്രമേ ഫാമിലി ഫ്ളോട്ടറില്‍ തുടരാനാകൂ.

 

 

 

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top