11 June Sunday

ബേക്കല്‍ വിനോദസഞ്ചാര കേന്ദ്രത്തിന്റെ വികസനം ലക്ഷ്യമിട്ട് ലളിത് ഗ്രൂപ്പ്

വെബ് ഡെസ്‌ക്‌Updated: Sunday May 1, 2016

വിനോദസഞ്ചാരം, പരിസ്ഥിതിസൌഹൃദം, പൊതുപങ്കാളിത്തം, ആരോഗ്യകരമായ ജീവിതം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംരംഭമായ ഡെവലപ്പിങ് ഡെസ്റ്റിനേഷന്‍സ്  എന്ന പരിപാടിയുടെ ഭാഗമായി ലളിത് ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് കാസര്‍കോട് ബേക്കല്‍ വിനോദസഞ്ചാരകേന്ദ്രത്തിന്റെ വികസനം ലക്ഷ്യമിടുന്നു. ലളിത് ഗ്രൂപ്പിന്റെ ഹോട്ടലുകളും റിസോര്‍ട്ടുകളും സ്ഥിതിചെയ്യുന്ന സ്ഥലത്ത് പ്രദേശവാസികളുടെകൂടി പങ്കാളിത്തത്തോടെ നടപ്പാക്കുകയാണ് ഡെവലപ്പിങ് ഡെസ്റ്റിനേഷന്‍സ് എന്ന പദ്ധതി. ലളിത് ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന്റെ കേരളത്തിലെ ഏക ഹോട്ടലാണ് ബേക്കലിനുസമീപം ബേവൂരിയിലുള്ള ലളിത് റിസോര്‍ട്ട് ആന്‍ഡ് സ്പാ.

ഇന്ത്യയില്‍ ലളിത് ഗ്രൂപ്പിന് സാന്നിധ്യമുള്ള 11 ഇടങ്ങളിലും പ്രദേശവാസികളുമായി സഹകരിച്ച് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. മുംബൈയില്‍ ഡബ്ബാവാലകള്‍ക്കായി വാക്കത്തണ്‍, ഖജുരാഹോ ആര്‍ട്സ് ഫെസ്റ്റിവല്‍, ശ്രീനഗറില്‍ ശിഖാരകള്‍ക്കായി ശിഖാരത്തണ്‍, ഗുല്‍മാര്‍ഗില്‍ പോണിത്തണ്‍, ലേയില്‍ ഐസ് ഹോക്കി ടൂര്‍ണമെന്റ്്, ബേക്കലില്‍ ലളിത് സൈക്കിള്‍ ഓണ്‍ എന്നിവ ഇതിന്റെ ഭാഗമാണ്. പ്രദേശിക സംസ്കാരം, കരകൌശല വസ്തുക്കള്‍, ഭക്ഷണം എന്നിവ പ്രചരിപ്പിക്കുന്നതിലൂടെ പ്രദേശവാസികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം ഇവരുടെ സാമ്പത്തിക ഉന്നമനവും ലളിത് ലക്ഷ്യമിടുന്നു. ഡെവലപ്പിങ് ഡെസ്റ്റിനേഷന്‍ പരിപാടിയുടെ ഭാഗമായി ബേക്കലില്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൌണ്‍സിലുമായി ചേര്‍ന്ന് സൈക്കിള്‍ ഓണ്‍ പരിപാടി സംഘടിപ്പിച്ചിരുന്നു.

“ഹോട്ടലുകളുടെ മാത്രം വികസനത്തിലല്ല, ലക്ഷ്യസ്ഥാനങ്ങളുടെ സമഗ്രമായ വികസനത്തിലാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന്”പരിപാടി വിശദീകരിച്ച സിഎംഡി ഡോ. ജ്യോത്സ്ന സൂരി പറഞ്ഞു. അതുകൊണ്ടുതന്നെ തങ്ങള്‍ സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളിലും പ്രദേശവാസികളുടെ പങ്കാളിത്തവും പിന്തുണയും ഉറപ്പാക്കാറുണ്ട്. ഇതിലൂടെ പ്രസ്തുത ലക്ഷ്യസ്ഥാനം കൂടുതല്‍ ശ്രദ്ധേയമാകാനും പ്രാദേശിക വിനോദസഞ്ചാരത്തിലൂടെ മേഖലയില്‍ മുന്നേറ്റമൊരുക്കാനും സാധിക്കും. എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന സൈക്കിള്‍ ഓണ്‍ പരിപാടിയിലൂടെ പ്രാദേശിക പങ്കാളിത്തത്തിനൊപ്പം ജനങ്ങളുടെ ആരോഗ്യത്തിനും ജീവിതസൌഖ്യത്തിനും പ്രാമുഖ്യം നല്‍കുന്നു.
ബേക്കലിലെ പ്രധാന മേഖലകളെല്ലാം സ്പര്‍ശിച്ചുള്ള റാലി നഗരത്തിന്റെ വൈവിധ്യമാര്‍ന്നതും സമ്പന്നവുമായ സാംസ്കാരിക പൈതൃകത്തെയും പ്രകൃതിസൌന്ദര്യത്തെയും വെളിപ്പെടുത്തുന്നുണ്ട്. ബേക്കലിന്റെ സമൃദ്ധിയും സാഹോദര്യവും പ്രോത്സാഹിപ്പിക്കുകയാണ് തങ്ങള്‍ ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും”ജ്യോത്സ്നാ സൂരി പറഞ്ഞു. ഇതിനുപുറമെ നീലേശ്വരത്തുള്ള  വൃദ്ധസദനത്തിനും  ലളിത് ഗ്രൂപ്പ് സഹായം നല്‍കുന്നു.

ബേക്കലില്‍ 26 ഏക്കറില്‍ സ്ഥിതിചെയ്യുന്ന ലളിത് റിസോര്‍ട്ട്സ് ആന്‍ഡ് സ്പായില്‍ 38 ലക്ഷ്വറി റൂമുകളും ഒരു കെട്ടുവള്ളവുമാണുള്ളത്. മൂന്നു ഭാഗവും പുഴയാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന റിസോര്‍ട്ട് ആറുവര്‍ഷം മുമ്പാണ് ആരംഭിച്ചത്. കുട്ടികളുടെ കളി സ്ഥലം, കോണ്‍ഫറന്‍സ് റൂം, യോഗ–മെഡിറ്റേഷന്‍ എന്നിവയ്ക്കു പുറമെ, പക്ഷിനിരീക്ഷണം, ഫിഷിങ് എന്നിവയ്ക്കുള്ള സൌകര്യവും ഇവിടെയുണ്ട്.

ബേക്കലിനു പുറമെ, ന്യൂഡല്‍ഹി, ബംഗളൂരു, മുംബൈ, ശ്രീനഗര്‍, ഉദയ്പുര്‍, ഖജുരാഹോ, ഗോവ, ജയ്പുര്‍, ചണ്ഡീഗഢ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് ലളിത് പ്രവര്‍ത്തിക്കുന്നത്. ലളിത് ഗ്രൂപ്പ് വൈകാതെ വിദേശത്തെ ആദ്യ ഹോട്ടല്‍ ലണ്ടനില്‍ ആരംഭിക്കുമെന്നും സിഎംഡി  ഡോ.  ജ്യോത്സ്നാ സൂരി അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top