30 May Tuesday

എന്നാലും ആ മാര്‍ജിനല്‍ കോസ്റ്റ്...

എന്‍ മധുUpdated: Sunday Jan 8, 2017

നിങ്ങളുടെ ......അക്കൌണ്ട് നമ്പറിലുള്ള വായ്പയുടെ പലിശ 9.5 ശതമാനമായി മാറിയിരിക്കുന്നു. ബാങ്കിന്റെ ബ്രാഞ്ച് മാനേജരുമായി ബന്ധപ്പെടുക. എസ്ബിഐയില്‍നിന്ന് ഭവനവായ്പയെടുത്ത തൃശൂരിലെ ഒരു വീട്ടമ്മയ്ക്ക് മൊബൈല്‍ഫോണില്‍ വന്ന സന്ദേശം. ഒരുതവണയല്ല, രണ്ടുതവണ. വര്‍ഷാന്ത്യരാത്രിയില്‍ പ്രധാനമന്ത്രി രാജ്യത്തോടായി നടത്തിയ മൈതാനപ്രസംഗത്തില്‍ ബാങ്കുകള്‍ പലിശനിരക്ക് കുറയ്ക്കണമെന്ന് ഉപദേശിച്ചിരുന്നു.

തൊട്ടടുത്തദിവസം രാജ്യത്തെ പ്രമുഖ ബാങ്കായ എസ്ബിഐ അടക്കം ഏതാനും ബാങ്കുകള്‍ പലിശനിരക്ക് കുറച്ചതായി മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്ത. അതിനുപിന്നാലെയാണ് വായ്പക്കാരുടെ മൊബൈല്‍ ഫോണുകളിലേക്ക് ബാങ്കുകളില്‍നിന്ന് ഇത്തരം സന്ദേശങ്ങള്‍. രണ്ടുതവണ സന്ദേശം കിട്ടിയതോടെ തൃശൂരിലെ വീട്ടമ്മ ബാങ്കിലേക്കോടി. മാനേജരെ കണ്ട് ഫോണ്‍സന്ദേശം കാണിച്ചുകൊടുത്ത് ചോദിച്ചു, ഞങ്ങളുടെ പലിശ കുറഞ്ഞോ, എത്ര കുറഞ്ഞു, മാസതവണയില്‍ കുറവുവരുമോ, അതോ മൊത്തം പലിശയിലാണോ കുറവുവരുന്നത്. വീട്ടമ്മയുടെ തുടര്‍ച്ചയായ ചോദ്യങ്ങള്‍ക്കുമുന്നില്‍ ഒന്നു പരുങ്ങിയ മാനേജര്‍ കംപ്യൂട്ടറില്‍ വീട്ടമ്മയുടെ അക്കൌണ്ട്നമ്പര്‍ നോക്കിയശേഷം പറഞ്ഞു.”ഇതിപ്പോള്‍—ബേസ് റേറ്റിലാണ്, മാര്‍ജിനല്‍ കോസ്റ്റിലേക്ക് മാറണം. അങ്ങനെവരുമ്പോള്‍ കുറച്ച് ഫീസ് അടയ്ക്കേണ്ടിവരും. വിശദാംശങ്ങള്‍ പിന്നീട് അറിയിക്കാം.’നോട്ട്പ്രതിസന്ധിയുടെ തിരക്കില്‍ വട്ടംകറങ്ങുന്ന സൌമ്യനായ മാനേജര്‍ വീട്ടമ്മയെ ഒരുവിധം യാത്രയാക്കി. മാനേജര്‍ പറഞ്ഞ മാര്‍ജിനല്‍ കോസ്റ്റും, ബേസ്റേറ്റും ഒന്നും കാര്യമായി മനസ്സിലായില്ലെങ്കിലും വീട്ടമ്മയ്ക്ക് ഒരുകാര്യം പിടികിട്ടി. പലിശനിരക്കൊന്നും കാര്യമായി കുറയാന്‍പോകുന്നില്ല. ഇതൊക്കെ പ്രധാനമന്ത്രിയുടെ ചപ്പടാച്ചി പ്രഖ്യാപനം. കുറഞ്ഞാല്‍തന്നെ അതു വലിയ കാര്യമായൊന്നും ഉണ്ടാകില്ലെന്നും മാനേജുടെ വാക്കുകളില്‍നിന്ന് ബോധ്യപ്പെട്ടു. അതിനുതന്നെ ബാങ്കിലേക്ക് ഫീസ് അടയ്ക്കുകയും വേണം. മൊബൈല്‍സന്ദേശത്തെ പഴിച്ച് വീട്ടമ്മ തിരിച്ചുനടന്നു.

അതെ, ഇതാണ് ബാങ്കുകള്‍ പലിശനിരക്ക് കുറയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ ഉപദേശത്തിന്റെയും നിരക്കു കുറച്ചെന്ന ചില ബാങ്കുകളുടെ പ്രഖ്യാപനത്തിന്റെയും യഥാര്‍ഥ സ്ഥിതി. വാസ്തവത്തില്‍ പ്രധാനമന്ത്രി ഇങ്ങനെയൊരു മൈതാനപ്രസംഗം നടത്തിയതല്ലാതെ റിസര്‍വ് ബാങ്ക് ഇക്കാര്യത്തില്‍ നിര്‍ദേശമൊന്നും നല്‍കിയിട്ടില്ല. നിരക്കു കുറച്ചതായി പ്രഖ്യാപിച്ച ബാങ്കുകളുടെ ശാഖകളിലൊന്നും ഇതുസംബന്ധിച്ച് കാര്യമായ വിവരവുമില്ല. കള്ളപ്പണം പിടിക്കാനെന്ന പേരില്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ച് നടത്തിയ നാടകം പൊളിഞ്ഞു പാളീസായതിന്റെ ജാള്യം മറച്ചുപിടിക്കാന്‍ പ്രധാനമന്ത്രിയുടെ ഓരോ തറവേലകള്‍.

എന്നാലും ബാങ്ക് മാനേജര്‍ പറഞ്ഞ മാര്‍ജിനല്‍ കോസ്റ്റ് എന്താണ്? വീട്ടമ്മയുടെ അന്വേഷണം അതുതന്നെയായിരുന്നു. അത് മനസ്സിലാക്കാനും കണക്കുകൂട്ടാനുമൊക്കെ ഇത്തിരി പാടുള്ള പണിയാണെന്ന് ബാങ്ക്— ജീവനക്കാരില്‍നിന്നുതന്നെ അറിവായി. ഒടുവില്‍, ബാങ്കുകള്‍ ആഭ്യന്തരമായി നിശ്ചയിക്കുന്ന വായ്പാ പലിശനിരക്കാണ് അതെന്ന് മനസ്സിലായി. ബാങ്കുകളിലെ നിക്ഷേപം,അതിന് നല്‍കേണ്ടിവരുന്ന പലിശച്ചെലവ്,  മറ്റു ചെലവുകള്‍ തുടങ്ങി മൂന്നുനാലു കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് അത് കണക്കാക്കുന്നത്. അതൊരു മിനിമം നിരക്കാണ്, ബാങ്കുകളുടെ റഫറന്‍സ് നിരക്കാണ്. അതില്‍ കുറഞ്ഞ് ബാങ്കുകള്‍ വായ്പ നല്‍കില്ല. റിസര്‍വ് ബാങ്ക് പലിശനിരക്ക് കുറച്ചാലും അതിന്റെ പ്രയോജനം ബാങ്കുകള്‍ വായ്പക്കാര്‍ക്ക് കൈമാറാത്തതിനെത്തുടര്‍ന്ന് രഘുറാം രാജന്‍ ആര്‍ബിഐ ഗവര്‍ണറായിരിക്കെ 2016 ഏപ്രില്‍മുതല്‍ നടപ്പാക്കിയതാണ് മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് റേറ്റ് (എംസിഎല്‍ആര്‍) സമ്പ്രദായം. അതുകൊണ്ട് വലിയ പ്രയോജനമൊന്നും ഉണ്ടായിട്ടില്ല. ബാങ്കുകളിലെ മൊത്തം വായ്പയുടെ 15 ശതമാനം മാത്രമേ ഈ രീതിയിലുള്ളു,— 85 ശതമാനവും അടിസ്ഥാനനിരക്കിന്റെ (ബേസ് റേറ്റ്) അടിസ്ഥാനത്തിലാണ്. മാര്‍ജിനല്‍ കോസ്റ്റിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കിയാലും വിവിധ കൂട്ടിക്കിഴിക്കലുകളൊക്കെ കഴിയുമ്പോള്‍ വായ്പക്കാരന്  പലിശയില്‍ കാര്യമായ കുറവൊന്നും കിട്ടില്ലെന്ന് ബാങ്കിങ് വിദഗ്ധര്‍ പറയുന്നു. പ്രഖ്യാപിക്കുന്ന കുറവിന്റെ പകുതിപോലും കിട്ടില്ല.

ഇനി, നടപ്പാക്കാനല്ലാത്ത പലിശയിളവുകള്‍ പ്രധാനമന്ത്രിയും ബാങ്കുകളും പ്രഖ്യാപിക്കുന്നതിന് ചില കാരണങ്ങള്‍കൂടിയുണ്ടെന്ന് അറിയുക. അത് ഇതാണ്: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ കുറേ നാളായി മുതല്‍മുടക്കും ഉല്‍പ്പാദനവും ഡിമാന്‍ഡുമെല്ലാം പിന്നോട്ടടിക്കുകയാണ്. വാങ്ങാനാളില്ലെങ്കില്‍ മുതല്‍മുടക്കിയിട്ടും ഉല്‍പ്പാദിപ്പിച്ചിട്ടും കാര്യമില്ലല്ലോ. വാങ്ങണമെങ്കില്‍ ജനങ്ങളുടെ ക്രയശേഷി (വാങ്ങല്‍കഴിവ്) വര്‍ധിക്കണം. അതിന് വരുമാനം വേണം. വരുമാനം വേണമെങ്കില്‍ തൊഴില്‍ വേണം. അതൊക്കെ ആകെ നിലച്ചിരിക്കുകയാണ്. ഇതിന്റെ ഫലമായി ബാങ്കുകളില്‍നിന്ന് കാര്യമായി ആരും വായ്പയെടുക്കുന്നുമില്ല. ഇതുസംബന്ധിച്ചൊക്കെ കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിനിടെയാണ് നോട്ട്നിരോധം. ഇതോടെ സമ്പദ്വ്യവസ്ഥയെ അപ്പാടെ മാന്ദ്യം വിഴുങ്ങുകയാണ്. എല്ലാ മേഖലയിലും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മരവിച്ചു. ഈ പശ്ചാത്തലത്തില്‍ ബാങ്കുകളുടെ വായ്പ കൂട്ടാന്‍ ലക്ഷ്യമിട്ടുകൂടിയാണ് പലിശ കുറയ്ക്കുമെന്ന പൊള്ളയായ പ്രഖ്യാപനം. കോര്‍പറേറ്റ്മേഖലയിലെ കോടിക്കണക്കിനു രൂപയുടെ വായ്പകള്‍ കിട്ടാക്കടമായതിനെത്തുടര്‍ന്ന് പാപ്പരായ ബാങ്കുകളിലേക്ക് പണമെത്തിക്കാനുള്ള കളിയായിരുന്നു നോട്ട് അസാധുവാക്കലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പക്ഷേ, അങ്ങനെയെത്തിയ  പണവും വായ്പയായി എടുക്കാന്‍ ആളില്ല. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top