30 March Thursday

ഒന്നരപ്പതിറ്റാണ്ട് പൂര്‍ത്തിയാക്കി കോഡൂര്‍ കോക്കനട്ട് കോംപ്ളക്സ്

വാണിജ്യകാര്യ ലേഖികUpdated: Sunday May 21, 2017

നാളികേര സംസ്കരണരംഗത്ത് ഒന്നരപ്പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന മലപ്പുറത്തെ കോഡൂര്‍ കോക്കനട്ട് കോംപ്ളക്സ് ഉല്‍പ്പന്ന വൈവിധ്യവല്‍കരണത്തിന് തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി വെന്തവെളിച്ചെണ്ണ, നാളികേര ചിപ്സ്, തേങ്ങാ പാല്‍പ്പൊടി, തേങ്ങാപ്പാല്‍, തേങ്ങാവെള്ളത്തില്‍നിന്നുള്ള വിനാഗിരി തുടങ്ങിയ നാളികേരത്തിന്റെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനായി പുതിയ മെഷിനറികള്‍ സ്ഥാപിച്ച് പ്ളാന്റ് വിപുലീകരിക്കാനൊരുങ്ങുകയാണെന്ന് ബാങ്ക് പ്രസിഡന്റ് വി പി അനില്‍കുമാര്‍ പറഞ്ഞു. 

വി പി അനില്‍കുമാര്‍

വി പി അനില്‍കുമാര്‍

2002ല്‍ പ്രവര്‍ത്തനം തുടങ്ങിയ കോഡൂര്‍ കോക്കനട്ട് കോംപ്ളക്സ് മലപ്പുറത്തിന്റ സ്പന്ദനമായ കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഉപകമ്പനിയാണ്. നാടിന്റെ വികസനത്തില്‍ മുന്‍നിരയില്‍നിന്ന് പങ്കാളിയാകുന്ന ബാങ്ക് നാളികേര കര്‍ഷകരുടെ മുന്നേറ്റം ലക്ഷ്യമിട്ട് സ്ഥാപിച്ചതാണ് കോക്കനട്ട് കോംപ്ളക്സ്.  തുടക്കത്തില്‍ 30,000 നാളികേരം ഒരുദിവസം സംസ്കരിക്കുമായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 80,000 നാളികേരമാണ് പ്രതിദിനം സംസ്കരിക്കുന്നത്. ഇത് പ്രതിദിനം 15,000 ആക്കി ഉയര്‍ത്തും. നാളികേരത്തിന്റെ വിലയില്‍ ചാഞ്ചാട്ടം അനുഭവപ്പെടുന്നതിനാല്‍ എന്നും വിപണിവിലയെക്കാള്‍ ഉയര്‍ന്ന വില നല്‍കിയാണ് സ്ഥാപനം കര്‍ഷകരില്‍നിന്നു വാങ്ങുന്നതന്ന് അനില്‍കുമാര്‍ വിശദീകരിച്ചു. 

കേരാമൃത് എന്ന ബ്രാന്‍ഡിലുള്ള വെന്തവെളിച്ചെണ്ണ വിദേശത്തേക്ക് കയറ്റുമതിചെയ്യുന്നതിനുപുറമെ ജില്ലയിലൊട്ടാകെയും കേരളമൊട്ടാകെയുമുള്ള സൊസൈറ്റികളിലും ലഭ്യമാണ്. കേരഫെഡിന്റെ അംഗീകൃത സംഭരണ ഏജന്റാണ് സ്ഥാപനം. സ്ത്രീതൊഴിലാളികളാണിവിടെ പ്രധാനമായുള്ളത്. കൊപ്രയൂണിറ്റും ഇതോടൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്്.

കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്ക് നല്‍കുന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളില്‍ ഒന്നുമാത്രമാണ് കോംപ്ളക്സിന്റേത്. നെല്‍കൃഷിക്കാര്‍ക്ക് പലിശരഹിതവായ്പ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കുന്നതിനും ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫാര്‍മേഴ്സ് ക്ളബ്ബ് പ്രവര്‍ത്തിക്കുന്നുണ്ട്. സബ്സിഡി വളം നല്‍കുന്നതിന് വളം ഡിപ്പോയും ഉണ്ട്. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് പഞ്ചായത്തിലെ മുഴുവന്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്കും അഞ്ചുലക്ഷം രൂപവരെയുള്ള വായ്പ നല്‍കുന്നതിനു പുറമെ കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിന് വിദ്യാശ്രീ പദ്ധതിയും നല്‍കുന്നുണ്ട്.  ശാഖകളില്‍ കോര്‍ ബാങ്കിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍ടിജിഎസ്പോലെയുള്ള ഫണ്ട് ട്രാന്‍സ്ഫര്‍ സംവിധാനങ്ങളും പ്രവാസികള്‍ക്കുവേണ്ടിയുള്ള സേവനങ്ങളും നല്‍കുന്നു. ബാങ്കിന്റെ ചെമ്മങ്കടവിലെ നീതിസ്റ്റോറില്‍ കുറഞ്ഞ ചെലവില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുന്നു. ആഗസ്തോടെ ബാങ്കിന്റെ മുഖ്യ ഓഫീസും ശാഖകളും വിപുലീകരിക്കുന്നതിനും നീതി മെഡിക്കല്‍ സ്റ്റോറും ലാബും ആരംഭിക്കുന്നതിനുമുള്ള തയ്യാറെടുപ്പിലാണെന്ന് അനില്‍കുമാര്‍ അറിയിച്ചു.

ബാങ്കിന്റെ തുടക്കംമുതലുള്ള അംഗങ്ങള്‍ക്ക് പ്രതിമാസ പെന്‍ഷന്‍, നിര്‍ധനരോഗികള്‍ക്ക് ചികിത്സാസഹായം എന്നിവയെല്ലാം ബാങ്ക് നല്‍കുന്നു. രൂക്ഷമായ കുടിവെള്ളപ്രശ്നമുള്ള സ്ഥാലങ്ങളില്‍ ബാങ്ക് നേരിട്ട് വെള്ളം എത്തിക്കുന്നുണ്ടെന്നു മാത്രമല്ല,കിണര്‍ കുത്താനും പമ്പ് ഉള്‍പ്പെടെയുള്ളവ പിടിപ്പിക്കാനും ധനസഹായം നല്‍കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top