കൊച്ചി > ഇന്ത്യൻ ഓഹരി വിപണിയില്‍ പ്രാഥമിക ഓഹരി വില്‍പനയുടെ (ഐപിഒ) പുതിയ തരംഗം രൂപപ്പെടുകയാണ്. 2021 ൽ സൊമാറ്റോ, പേടിഎം, സാറ്റാർ ഹെൽത്ത്, നൈക തുടങ്ങിയ കമ്പനികൾ ഐപിഒയിലൂടെ ഇന്ത്യൻ വിപണിയിൽ നിന്ന് ഒരു ലക്ഷം കോടി രൂപയിലധികമാണ് സമാഹരിച്ചത്.
ഓഹരി വിപണി തുടര്‍ച്ചയായി നടത്തുന്ന മികച്ച മുന്നേറ്റമാണ് പൊതു ഓഹരി വില്‍പനയ്‌ക്ക് കമ്പനികള്‍ക്ക് ആത്മവിശ്വാസം പകരുന്നത്. ആഗോളതലത്തിൽ ഒമിക്രോൺ ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും അത് നിക്ഷേപകരെ കാര്യമായി സ്വാധീനിക്കുന്നില്ലെന്നാണ് ഓഹരി സൂചികളുടെ കുതിപ്പ് വ്യക്തമാക്കുന്നത്. കോവിഡിൻറെ വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ തൊട്ട് പുറകെ വിപണി തിരിച്ചടി നേരിട്ടെങ്കിലും അടുത്ത ദിവസങ്ങളിൽ തന്നെ മികച്ച നില വീണ്ടെടുത്തു.
വിപണിയിലെ ഈ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തി നിരവധി കമ്പനികളാണ് 2021-22 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ (ജനുവരി ഒന്ന് മുതൽ മാർച്ച് 31 വരെ) പ്രാഥമിക ഓഹരി വിൽപനയ്‌ക്ക് (ഐപിഒ) തയ്യാറായിരിക്കുന്നത്. മൂലധനം സമാഹരിക്കുന്നതിനും കടബാധ്യത തീർക്കുന്നതിനും ഏറ്റെടുക്കലുകൾക്കും മറ്റുമാണ് കമ്പനികൾ സ്റ്റോക് എക്‌സചേഞ്ചുകളിലെ പ്രാഥമിക വിപണിയിൽ ഓഹരികളുടെ പൊതു വിൽപന നടത്തുന്നത്.
എജിഎസ് ട്രാൻസാക്റ്റ് ടെക്‌നോളജീസ് ലിമിറ്റഡാണ് പുതു വർഷത്തെ ആദ്യ ഐപിഒ പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 19 മുതൽ 21 വരെയുള്ള ഐപിഒയിലൂടെ 680 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. ഡാറ്റാ അനലിറ്റിക്‌സ് കമ്പനിയായ കോഴ്‌സ് 5 ഇന്റലിജൻസ് ലിമിറ്റഡ്, സ്രെസ്റ്റാ നാച്വറൽ ബയോപ്രൊഡക്‌ട്‌സ് ലിമിറ്റഡ്, ഓർഗാനിക് ഭക്ഷ്യവിഭവ ബ്രാൻഡായ 24 മന്ത്രയുടെ ഉടമസ്ഥരായ സ്രെസ്റ്റാ നാച്വറൽ ബയോപ്രൊഡക്‌ട്‌സ് ലിമിറ്റഡ്, ഫാർസ്യൂട്ടിക്കൽ കമ്പനിയായ എംക്യൂർ ഫാർസ്യൂട്ടിക്കൽസ്, ഒയോ റൂംസ്, സപ്ലൈചെയിൻ കമ്പനിയായ ഡൽഹിവെറി തുടങ്ങി മുപ്പതോളം കമ്പനികളാണ് നിലവിൽ ഐപിഒയ്ക്ക് തയ്യാറായിരിക്കുന്നത്. ഫിന്‍ടെക്, ധനകാര്യ സേവനം, പുതുതലമുറ സാങ്കേതികവിദ്യ, ഹോസ്‌പിറ്റാലിറ്റി, ഹെല്‍ത്ത്കെയര്‍, ലോജിസ്റ്റിക്‌സ്, വിദ്യാഭ്യാസം തുടങ്ങിയ മേഖലയില്‍ നിന്നുള്ള കമ്പനികളാണ് ഐപിഒയ്‌ക്ക് എത്തുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..