17 September Tuesday

ഓഹരിയിൽ നേട്ടമുണ്ടാക്കാൻ ഏഴ് നിക്ഷേപരീതികൾ

ഡോ. സനേഷ് ചോലക്കാട്Updated: Tuesday Aug 27, 2024

ഡോ. സനേഷ് ചോലക്കാട്

ഡോ. സനേഷ് ചോലക്കാട്

ഓഹരിവിപണി കയറ്റിറക്കങ്ങളുടെ വേദിയാണ്. രാജ്യത്തോ ലോകത്ത് എവിടെയെങ്കിലുമോ ഉണ്ടാകുന്ന ചെറിയ കാര്യങ്ങൾപോലും ഓഹരികളുടെ വിലയെ സ്വാധീനിച്ചേക്കാം. കൃത്യമായ നിക്ഷേപരീതികൾ പിന്തുടരുകയാണെങ്കിൽ ഓഹരിനിക്ഷേപത്തിലൂടെ ദീർഘകാലയളവിൽ ഉയർന്ന സമ്പത്ത് സൃഷ്ടിക്കാനാകും.

ഓഹരിവിപണി കരുതലോടെ നിക്ഷേപം നടത്തുന്നവർക്ക് സമ്പത്ത് സൃഷ്ടിക്കാനുള്ള മികച്ചൊരു മാർ​ഗമാണ്. ഒരു വ്യക്തിയുടെ കൊച്ചുസമ്പാദ്യം വലിയ  സമ്പത്താക്കിമാറ്റാൻ ഇതിലൂടെ സാധിക്കും. അതേസമയം, ഓഹരിവിപണി വളരെയധികം നഷ്ടസാധ്യതയുമുള്ളതാണ്. എന്നാൽ, ഈ റിസ്ക് പേടിച്ച് ഓഹരിനിക്ഷേപത്തിന് മടിച്ചിരിക്കുന്നതിൽ കാര്യമില്ല. പകരം നഷ്ടസാധ്യതയുണ്ട് എന്ന കാര്യം ഓർമയിൽവയ്ക്കുകയും അനുകൂലമായ സാഹചര്യങ്ങൾ ഉപയോ​ഗപ്പെടുത്തുകയുമാണ് വേണ്ടത്. കൃത്യമായ നിക്ഷേപരീതികൾ പിന്തുടരുകയാണെങ്കിൽ ആർക്കും ഓഹരിയിലൂടെ   ദീർഘകാലയളവിൽ ഉയർന്ന സമ്പത്ത് കൈവരിക്കാനാകും. ഇതിനായി ഓഹരിവിപണിയിൽ ഏതെല്ലാം തരത്തിലുള്ള നിക്ഷേപം സാധ്യമാകുമെന്ന് നോക്കാം.
 
ക്ഷമയോടെ കാത്തിരിക്കാം

ഓഹരിവിപണിയിൽനിന്ന്‌ ഏറ്റവും കൂടുതൽ സമ്പത്ത് ഉണ്ടാക്കിയവരെല്ലാം ഓഹരി വാങ്ങി ദീർഘകാലം സൂക്ഷിക്കുക എന്ന നിക്ഷേപരീതി പിന്തുടർന്നവരാണ്. വാറൻ ബുഫെ, ചാർലി മംഗർ തുടങ്ങിയ ലോകപ്രശസ്ത നിക്ഷേപകർ ഇങ്ങനെ ഓഹരികൾ വാങ്ങി വിപണിയിലെ ഏറ്റക്കുറച്ചിലുകൾ പരിഗണിക്കാതെ ദീർഘകാലത്തേക്ക് കൈവശംവച്ച് നേട്ടമുണ്ടാക്കിയവരാണ്.
കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഓഹരികൾ തെരഞ്ഞെടുക്കുകയും വിപണിയിലെ വാർത്തകളെ പിന്തുടർന്നുള്ള ഹ്രസ്വകാലതാഴ്ചകൾ പരി​ഗണിക്കാതെ മുന്നോട്ടുപോകുകയുമാണ് ഇക്കൂട്ടർ ചെയ്യുന്നത്. എന്നാൽ, എളുപ്പത്തിൽ പണമുണ്ടാക്കാമെന്നു കരുതി വിപണിയിലേക്ക് എടുത്തുചാടുന്നവർക്ക് ഇത് സാധിച്ചെന്നുവരില്ല. ഇതിന് നല്ല ‘ക്ഷമ' ആവശ്യമാണ്. നല്ല ഓഹരിയുമായി കാത്തിരിക്കുക. തുടർച്ചയായി വിപണി മനസ്സിലാക്കുക. തീർച്ചയായും നിങ്ങൾക്ക് നേട്ടമുണ്ടാകുന്ന സമയം വരുമെന്നതാണ് വിപണിയുടെ യാഥാർഥ്യം.

മൂല്യം തിരിച്ചറിഞ്ഞ് നിക്ഷേപിക്കാം

മൂല്യവത്തായ ഓഹരികൾ കണ്ടെത്തുകയും അവയിൽ നിക്ഷേപിച്ച് ദീർഘകാല മൂലധനനേട്ടം കരസ്ഥമാക്കുകയും ചെയ്യുന്ന നിക്ഷേപരീതി സ്വീകരിക്കാവുന്നതാണ്. ചില സമയങ്ങളിൽ  ചില ഓഹരികൾ അവയുടെ യഥാർഥ മൂല്യത്തേക്കാൾ വളരെ താഴ്ന്ന വിലയിൽ ലഭ്യമാകും. വിപണിയുടെ ശ്രദ്ധപതിയാതെ താഴ്ന്നുകിടക്കുന്ന ഇത്തരം ഓഹരികൾ സ്വന്തമാക്കിയാൽ വിപണിയിൽ ഓഹരികൾക്ക് നല്ല സമയം വരുമ്പോൾ വൻനേട്ടം ഉണ്ടാക്കാം. താരതമ്യേന റിസ്ക് കുറഞ്ഞ നിക്ഷേപരീതിയാണിത്.



പിന്തുടരാം ഓഹരിയുടെ ചലനങ്ങൾ


ഓഹരിവിപണി കയറ്റിറക്കങ്ങളുടെ വേദിയാണ്. രാജ്യത്തോ ലോകത്ത് എവിടെയെങ്കിലുമോ ഉണ്ടാകുന്ന ചെറിയ കാര്യങ്ങൾപോലും ഓഹരികളുടെ വിലയെ സ്വാധീനിച്ചേക്കാം. പൊടുന്നനെ വില കുതിച്ചുയരുകയോ ഉയർന്നുനിന്നിരുന്ന ഓഹരി കുത്തനെ താഴുകയോ ചെയ്തേക്കാം. ഈ ചലനങ്ങൾ പിന്തുടർന്ന് നേട്ടമുണ്ടാക്കാവുന്ന നിക്ഷേപരീതിയെ "മൊമെന്റം ഇൻവെസ്റ്റിങ്' എന്നാണ് വിളിച്ചുപോരുന്നത്.  
ഓഹരിവില ഉയരുന്ന പ്രവണത കാണിക്കുമ്പോൾ അവ വാങ്ങുകയും അതിന്റെ മുകളിലേക്കുള്ള സഞ്ചാരത്തിൽ ആ ഓഹരികളുടെ കൂടെ സഞ്ചരിക്കുകയും ചെയ്താണ് ഈ വിഭാ​ഗത്തിൽ നേട്ടമുണ്ടാക്കാവുന്നത്. അതോടൊപ്പം അതിവേഗം വില താഴുന്ന ഓഹരികൾ വിറ്റൊഴിഞ്ഞ് ലാഭവും ചിലപ്പോൾ മുതലും തിരിച്ചെടുത്ത് സുരക്ഷിതരാകുകയും ചെയ്യാം.
ഓഹരിവില അതിവേഗം കൂപ്പുകുത്തുമ്പോൾ, ഭാവിയിൽ വില കയറുമെന്ന കണക്കുകൂട്ടലിൽ താഴ്ന്ന വിലനിലവാരത്തിൽ ഓഹരികൾ വാങ്ങിയും ഈ രീതി പിന്തുടരുന്നവർക്ക് നേട്ടമുണ്ടാക്കാവുന്നതാണ്. ട്രെൻഡുകൾ തുടരുമെന്ന വിശ്വാസമാണ് മൊമെന്റം ഇൻവെസ്റ്റിങ്ങിന്റെ ശക്തി. ഒരു ഓഹരി അതിന്റെ മുന്നേറ്റം (ബുള്ളിഷ് ട്രെൻഡ്‌) തുടരുന്ന സാഹചര്യത്തിൽ പെട്ടെന്ന് ദിശ മാറുന്നതിനേക്കാൾ അതേപാതയിൽ മുന്നേറാനാണ് സാധ്യത.

നോക്കാം ഉയർന്ന ലാഭവിഹിതം

മികച്ച കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുകവഴി ആ കമ്പനികൾ ഉണ്ടാക്കുന്ന ലാഭത്തിന്റെ പങ്ക് ലാഭവിഹിതമായി (ഡിവിഡന്റ്) നേടാനുള്ള അവസരമാണ് ഉണ്ടാകുന്നത്. ഡിവിഡന്റ് ഇൻവെസ്റ്റിങ് എന്ന ഈ രീതിയനുസരിച്ച് സ്ഥിരമായി ഉയർന്ന ലാഭവിഹിതം കൊടുക്കുന്ന കമ്പനികളുടെ ഓഹരികൾ കണ്ടെത്തി അവയിൽ നിക്ഷേപിച്ച് നേട്ടമുണ്ടാക്കുകയാണ് വേണ്ടത്. ഉയർന്ന ലാഭവിഹിതം നൽകിക്കൊണ്ടിരിക്കുന്ന ഓഹരികൾ വിപണിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകകൂടി ചെയ്താൽ ഓഹരി ഉടമയ്ക്ക് ഉയർന്ന മൂലധനനേട്ടസാധ്യത ഉണ്ടാകും. ഉയർന്ന ലാഭവിഹിതമുള്ള ഓഹരികൾ കണ്ടെത്തുക എന്നതാണ് ഇതിൽ പ്രധാനം. അതിന് വിപണി നന്നായി മനസ്സിലാക്കുകയും ഓഹരികൾ വിലയിരുത്തുകയും വേണം.  

നിക്ഷേപിക്കാം ഇൻഡെക്സുകളിലും

ആയിരക്കണക്കിന് ഓഹരികളിൽനിന്ന് മികച്ചവ കണ്ടെത്തി നിക്ഷേപിക്കുന്നതിനുപകരം ഓഹരിസൂചികകളിൽ അഥവാ ഇൻഡെക്സുകളിൽ നിക്ഷേപം ഇറക്കുന്ന പാസീവ് നിക്ഷേപരീതിയും പിന്തുടരാവുന്നതാണ്. ഓഹരിസൂചികകളിൽ നേരിട്ട് നിക്ഷേപിക്കുന്നതിനായി എക്സ്ചേഞ്ച് ട്രേഡ് ഫണ്ട് (ഇടിഎഫ്), ഇൻഡെക്സ് മ്യൂച്ചൽ ഫണ്ട് എന്നിവയെ ഉപയോ​ഗപ്പെടുത്താം. നേരിട്ടുള്ള ഓഹരിനിക്ഷേപങ്ങളിൽ ചെയ്യുന്നതുപോലെ തുടർച്ചയായി വാങ്ങുകയും വിൽക്കുകയും വേണ്ടിവരാത്തതിനാൽ താരതമ്യേന നിക്ഷേപച്ചെലവുകൾ കുറവുള്ള രീതിയാണിത്. സൂചിക അടിസ്ഥാനത്തിലുള്ള  ഇടിഎഫുകളിൽ നിക്ഷേപിക്കുകയും ദീർഘകാലം കൈവശംവയ്ക്കുകയുംകൂടി ചെയ്താൽ മികച്ച തോതിൽ സമ്പത്ത് സൃഷ്ടിക്കാനാകും.


കണ്ടെത്താം അതിവേഗം വളരുന്ന മേഖലകൾ

അതിവേഗം വളരുന്ന മേഖലകൾ കണ്ടെത്തുകയും അവയുടെ മൂല്യം ഉയർന്നതാണെങ്കിൽപ്പോലും അത്തരം സെക്ടറുകളിലെ മികച്ച ഓഹരികളിൽ നിക്ഷേപം ഇറക്കി അതിവേഗം മൂലധനനേട്ടം കരസ്ഥമാക്കുകയും ചെയ്യുന്ന നിക്ഷേപതന്ത്രവും സ്വീകരിക്കാവുന്നതാണ്. ഗ്രോത്ത് ഇൻവെസ്റ്റിങ് എന്ന ഈ രീതിയിൽ ഓഹരി ചാർട്ടുകളും കമ്പനികളുടെ പ്രകടനചരിത്രവുംമറ്റും വിശകലനം ചെയ്ത് ഇത്തരം ഓഹരികൾ കണ്ടെത്താം.  പക്ഷേ, ഇതിൽ റിസ്-കും താരതമ്യേന ഉയർന്നതായിരിക്കുമെന്ന കാര്യം പ്രത്യേകം ഓർക്കണം. വളർച്ച പ്രതീക്ഷിക്കുന്ന സെക്ടറുകളുടെ വളർച്ചയ്ക്ക് വിഘാതമാകുന്ന എന്തെങ്കിലും സംഭവിച്ചാൽ അതിവേഗം ഓഹരികളുടെ വിലയിടിഞ്ഞേക്കാം.

ദീർഘകാലത്തേക്ക് എസ്ഐപി

ഓഹരികളും മ്യൂച്ചൽ ഫണ്ട് യൂണിറ്റുകളും നിശ്ചിത എണ്ണം നിശ്ചിതതുക ഉപയോഗിച്ച് നിശ്ചിത ഇടവേളകളിൽ വാങ്ങി ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപിക്കുന്ന രീതിയാണ് എസ്ഐപി അഥവാ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ. ഒറ്റത്തവണയായി വലിയൊരു തുക ഓഹരികളിൽ നിക്ഷേപിക്കാൻ സാധിക്കാത്തവർക്ക് ചെറിയ തുകകളിലൂടെ വലിയ സമ്പത്ത് ആർജിക്കാൻ എസ്-ഐപിയിലൂടെ സാധിക്കും. ദീർഘകാലത്തേക്ക് ഈ നിക്ഷേപരീതി പിന്തുടരുമ്പോൾ പലതവണകളായി ഓഹരികളുംമറ്റും വാങ്ങുന്നതിനാൽ വ്യത്യസ്ത വിലയിൽ അവ നേടാനും അതിനായി ചെലവഴിക്കുന്ന തുക ശരാശരി അടിസ്ഥാനത്തിൽ കുറയ്ക്കാനും സാധിക്കും.

(സെബി സ്മാർട്ട്, എൻഎസ്ഇ, ബിഎസ്ഇ, എൻഎസ്ഡിഎൽ, പിഎഫ്ആർഡിഎ, സിഎൽഡിഎൽ, എൻസിഡിഇഎക്സ് എന്നിവയുടെ അം​ഗീകൃത പരിശീലകനാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top