22 March Wednesday

ആദായനികുതി കണക്കാക്കുന്നതെങ്ങനെ?

ജോണ്‍ ലൂക്കോസ്Updated: Sunday Feb 12, 2017

ആദായനികുതി കണക്കാക്കുന്നതുമായി ബന്ധപ്പെട്ട് ആളുകള്‍ക്ക് നിരവധി സംശയങ്ങളാണുള്ളതെന്ന് പലരുടെയും പ്രതികരണങ്ങളില്‍നിന്നു മനസ്സിലാക്കാനായിട്ടുണ്ട്. തങ്ങള്‍ക്ക് ആദായനികുതി നല്‍കാനുള്ള വരുമാനമില്ലെന്നാണ് പലരും ധരിച്ചിരിക്കുന്നത.് എന്നാല്‍ യഥാര്‍ഥത്തില്‍ ഇക്കൂട്ടരും ആദായനികുതി നിയമത്തിന്റെ പരിധിയില്‍വരുന്നവരാകും. ഇതേക്കുറിച്ചുള്ള പൊതുവായ ചില സംശയങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യത്തിലൊരു ധാരണയിലെത്താനാകുമെന്നു കരുതുന്നു.

 ആദായനികുതി നിയമത്തില്‍ വ്യക്തികളുടെ മൊത്തം വരുമാനത്തിനാണ് നികുതി ചുമത്തുന്നത്. പലതരം മാര്‍ഗങ്ങളില്‍നിന്നു ലഭിക്കുന്ന വരുമാനങ്ങളെല്ലാംകൂടി കൂട്ടിയാണ് മൊത്തവരുമാനം പൊതുവെ കണക്കാക്കുന്നത്. ശമ്പളം, വാടക, ബിസിനസില്‍നിന്നുള്ള വരുമാനം, മൂലധനലാഭ നികുതി, പലിശപോലുള്ള മറ്റു വരുമാനങ്ങള്‍ ഇവയെല്ലാം കൂട്ടിയാണ് മൊത്തവരുമാനം കണക്കാക്കുന്നത്. ശമ്പളത്തോടൊപ്പം ലഭിക്കുന്ന പലതരം അലവന്‍സുകളും നികുതിവിധേയമാണ്.  പെന്‍ഷനായ വ്യക്തിക്കു ലഭിക്കുന്ന പെന്‍ഷന്‍ ശമ്പളംപോലെ കണക്കാക്കി നികുതി നല്‍കേണ്ടതുണ്ട്. മൊത്തം വരുമാനം 2.5 ലക്ഷത്തിനു മുകളിലാണെങ്കില്‍ വ്യക്തികള്‍ ആദായനികുതി റിട്ടേണ്‍ നല്‍കാന്‍ ബാധ്യസ്ഥരാണ്. ചിലര്‍ക്ക് മൊത്തവരുമാനം 2.5 ലക്ഷം രൂപയ്ക്കു മുകളിലാണെങ്കിലും പലതരം കിഴിവുകള്‍, അതായത് വീടിനെടുത്ത വായ്പയുടെ മുതലിലേക്കുള്ള തിരിച്ചടവ്, ഇന്‍ഷുറന്‍സ് പ്രീമിയം, പ്രോവിഡന്റ് ഫണ്ട് നിക്ഷേപം മുതലായവ ഉള്ളതുകൊണ്ട് വരുമാനത്തിന് നികുതി വരികയില്ല. എന്നാല്‍ ഇത്തരക്കാരും തങ്ങള്‍ക്ക് നികുതിബാധ്യത ഇല്ലെങ്കില്‍ക്കൂടി ആദായനികുതി റിട്ടേണ്‍ നല്‍കേണ്ടതാണ്.

അതായത്, പലതരം കിഴിവുകള്‍ ലഭിക്കുന്നതിനു മുമ്പ് തങ്ങളുടെ മൊത്തവരുമാനം 2.5 ലക്ഷത്തിലധികമാണെങ്കില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കണം. പലതരം കിഴിവുകള്‍ പ്രയോജനപ്പെടുത്തി നികുതിബാധ്യത ഇല്ലെന്ന് ഉറപ്പാക്കിയാലും റിട്ടേണ്‍ സമര്‍പ്പിക്കണമെന്നു ചുരുക്കം. കിഴിവുകളുടെ ആധികാരികത ഉറപ്പുവരുത്താനുള്ള അധികാരം ആദായനികുതി വകുപ്പിനായതിനാലാണ് 2.5 ലക്ഷം രൂപയ്ക്കു മുകളില്‍ വരുമാനമുള്ള എല്ലാവരും നിര്‍ബന്ധമായി ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കണമെന്ന് നിഷ്കര്‍ഷിച്ചിട്ടുള്ളത്.

നികുതിബാധ്യത ഇല്ലെങ്കില്‍ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട എന്ന പലരുടെയും ധാരണ തെറ്റാണ്. മുതിര്‍ന്ന പൌരന്മാര്‍ക്ക് മൂന്നുലക്ഷത്തിലധികം രൂപ വരുമാനമുണ്ടെങ്കില്‍ മാത്രം ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതി. പെന്‍ഷന്‍പറ്റിയ ഉദ്യോഗസ്ഥര്‍ക്കും ഇത് ബാധകമാണ്. പെന്‍ഷനായശേഷം ജോലിക്കുപോകുന്നവര്‍ തങ്ങളുടെ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള വരുമാനങ്ങള്‍ നിലവില്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍ വെളിപ്പെടുത്തുകയും ആ തുകയുടെകൂടി നികുതി കണക്കുകൂട്ടി നികുതി പിടിക്കാന്‍ പുതിയ സ്ഥാപനത്തിന്റെ തൊഴില്‍ദാതാവിനോട് ആവശ്യപ്പെടണം. ഇതിനുപുറമെ നികുതിദായകന്‍ തന്റെ ആദായനികുതി റിട്ടേണും സമര്‍പ്പിക്കണം. അടിസ്ഥാന ഇളവായ 2.5 ലക്ഷം രൂപയും അതുപോലെ നികുതിനിരക്കു വ്യത്യാസങ്ങളുടെ ആനുകൂല്യങ്ങളും ഒരു വ്യക്തിക്കാണ് ലഭിക്കുന്നത്. അല്ലാതെ പല വരുമാനമാര്‍ഗങ്ങള്‍ക്കല്ല. മറ്റു വരുമാനങ്ങള്‍ മറച്ചുവച്ചാല്‍ പിടിക്കപ്പെടുന്നപക്ഷം അധികനികുതിയും പിഴപ്പലിശയും പിഴയും നല്‍കേണ്ടിവരികയും മറ്റു നിയമനടപടികള്‍ നേരിടേണ്ടിവരികയും ചെയ്യും. സാമ്പത്തികവര്‍ഷം കഴിഞ്ഞ് അടുത്ത ജൂലൈ 31നു മുമ്പാണ് കണക്കുകള്‍ ഓഡിറ്റിങ്ങിനു വിധേയമല്ലാത്തവര്‍ തങ്ങളുടെ നികുതിറിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്.
തങ്ങളുടെ ശമ്പളം, പലിശ, വാടക മുതലായ ഏതെങ്കിലും വരുമാനത്തില്‍നിന്നും സ്രോതസ്സില്‍തന്നെ നികുതി പിടിച്ചിട്ടുണ്ടെങ്കില്‍ ആ വിവരങ്ങളെല്ലാം ആദായനികുതി വകുപ്പിന്റെ സൈറ്റില്‍ ലഭ്യമാണ്. റിട്ടേണ്‍ ഫയല്‍ചെയ്യുന്നതിനുമുമ്പ് പ്രസ്തുത സൈറ്റ് സന്ദര്‍ശിച്ച് തങ്ങളുടെ പാന്‍ നമ്പറില്‍ നികുതി അടച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ട് റിട്ടേണ്‍ സമര്‍പ്പിക്കുന്നതാണ് നല്ലത്. പലപ്പോഴും വെളിപ്പെടുത്താത്ത വരുമാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍പോലും ആദായനികുതിവകുപ്പിന് ലഭ്യമാണെന്ന വസ്തുത നികുതിദായകര്‍ക്കറിയില്ല എന്നതാണ് യാഥാര്‍ഥ്യം. വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ചയോടെ ക്രയവിക്രയങ്ങളും വരുമാനസ്രോതസ്സുകളും നിക്ഷേപങ്ങളുമെല്ലാം സര്‍ക്കാരിന്റെയും ആദായനികുതിവകുപ്പിന്റെയും നിരീക്ഷണത്തിലാണ്.
ഫോണ്‍: 94470 58700
കൊച്ചിയില്‍ ചാര്‍ട്ടേഡ്
അക്കൌണ്ടന്റാണ് ലേഖകന്‍


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top