14 November Thursday

യാത്രാവാഹന വിൽപ്പന
 19 ശതമാനം ഇടിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

ന്യൂഡൽഹി > രാജ്യത്ത് യാത്രാവാഹനങ്ങളുടെ റീട്ടെയിൽ വിൽപ്പന സെപ്തംബറിൽ കുത്തനെ താഴ്ന്നു. കഴിഞ്ഞവർഷം സെപ്തംബറിനെ അപേക്ഷിച്ച് 18.81 ശതമാനമാണ് ഇടിഞ്ഞത്. കഴിഞ്ഞ വർഷം 3,39,543 യാത്രാവാഹനങ്ങൾ വിറ്റഴിഞ്ഞപ്പോൾ ഈ വർഷം വിൽപ്പന 2,75,681 യൂണിറ്റായിരുന്നെന്ന് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻസ് (എഫ്എഡിഎ) പുറത്തുവിട്ട കണക്കുകൾ പറയുന്നു.

ഉത്തരേന്ത്യയിലെ ഹിന്ദുമതവിശ്വാസികളുടെ (ആഘോഷങ്ങളിൽനിന്ന് അകന്നുനിൽക്കുകയും യാത്രകൾ ഒഴിവാക്കുകയും ചെയ്യുന്ന) ശ്രാദ്ധ, പിതൃപക്ഷ ആചരണവും കനത്ത മഴയുമാണ് പ്രധാനമായും വിൽപ്പന കുറച്ചതെന്ന് എഫ്എഡിഎ പ്രസിഡന്റ് സി എസ് വിഘ്നേശ്വർ വാർത്താക്കുറിപ്പിൽ പറഞ്ഞു.

യാത്രാവാഹന വിൽപ്പനയിൽ ഒന്നാംസ്ഥാനം നിലനിർത്തിയ മാരുതി സുസുകി 41.19 ശതമാനം വിപണിവിഹിതത്തോടെ 1,13,560 വാഹനങ്ങളാണ് സെപ്തംബറിൽ വിറ്റഴിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് വിൽപ്പന 20 ശതമാനം കുറഞ്ഞു. രണ്ടാംസ്ഥാനത്തുള്ള ഹ്യൂണ്ടായ് മോട്ടോർസ് ഇന്ത്യയുടെ വിൽപ്പന 25 ശതമാനം താണു. മഹിന്ദ്ര ആൻഡ് മഹിന്ദ്ര 0.4 ശതമാനം അധിക വിൽപ്പന നേടി ടാറ്റ മോട്ടോർസിനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി. ടാറ്റ മോട്ടോർസിന്റെ വിൽപ്പന 19 ശതമാനമാണ് ഇടിഞ്ഞത്.

സെപ്തംബറിൽ മൊത്തത്തിലുള്ള റീട്ടെയിൽ വാഹന വിൽപ്പനയിൽ 9.26 ശതമാനം ഇടിവുണ്ടായി. ഇരുചക്ര വാഹനങ്ങൾ 8.51 ശതമാനവും വാണിജ്യ വാഹനങ്ങൾ 10.45 ശതമാനവും വിൽപ്പനക്കുറവ് നേരിട്ടു. ട്രാക്ടർ വിൽപ്പന 14.69 ശതമാനവും മുച്ചക്ര വാഹനവിൽപ്പന 0.66 ശതമാനവും വർധിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top