ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കി ചാന്ദ്രയാൻ- രണ്ടിന്റെ യാത്ര തിങ്കളാഴ്ച തുടങ്ങും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ‌് സെന്ററിൽനിന്ന് പകൽ 2.43 നാണ‌് വിക്ഷേപണം. കഴിഞ്ഞ തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന വിക്ഷേപണം സാങ്കേതിക തകരാർ മൂലം റദ്ദാക്കിയെങ്കിലും ഒരാഴ്‌ചയ‌്‌ക്കകം പരിഹരിച്ച് വിക്ഷേപണ സജ്ജമാക്കാൻ ഐഎസ്ആർഒയ‌്ക്ക് കഴിഞ്ഞു.
ജിഎസ്എൽവി മാർക്ക് 3, പേടകത്തെ 16 മിനിറ്റിനകം ഭൂമിക്കുമുകളിലെ താൽക്കാലിക ഭ്രമണപഥത്തിലെത്തിക്കും. പടിപടിയായി ഭ്രമണപഥം ഉയർത്തും. ഈ മാസം അവസാനത്തോടെ ചന്ദ്രന്റെ ആകർഷണ വലയത്തിലേക്ക് തൊടുത്തുവിടും. വിക്ഷേപണം വൈകിയതിനാൽ യാത്രാപഥത്തിലും പരിക്രമണത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ആഗസ‌്ത‌് അവസാനം ചാന്ദ്രപഥത്തിലെത്തുന്ന പേടകം ചന്ദ്രനെ വലംവയ്ക്കും. സെപ്തംബർ ആദ്യം ഭ്രമണപഥം നൂറുകിലോമീറ്ററാക്കി താഴ്ത്തും. അതായത‌്, ചന്ദ്രന്റെ പ്രതലവും പേടകവും തമ്മിലുള്ള ദൂരം 100 കിലോമീറ്ററാകും. തുടർന്ന് പേടകത്തിൽനിന്ന് ലാൻഡർ (വിക്രം) വേർപെടും. സ്വയം നിയന്ത്രിത സംവിധാനങ്ങൾ ഉപയോഗിച്ച് ചന്ദ്രനെ വലംവയ്ക്കുന്ന ലാൻഡർ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങേണ്ട സ്ഥലം സ്വയം നിശ്ചയിക്കും. മുൻകൂട്ടി നിശ്ചയിച്ച ഈ മേഖലയുടെ ചിത്രങ്ങളും ഘടന സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചശേഷമാകും ലാൻഡിങ‌് കേന്ദ്രത്തിന്റെ രൂപരേഖ തയ്യാറാക്കുക. സെപ്തംബർ ഏഴിന് ലാൻഡർ ചന്ദ്രോപരിതലത്തിലേക്ക് സോഫ്റ്റ് ലാൻഡ‌് ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..