"വൈറസ്' സിനിമയിൽ മന്ത്രിമാരുടെ പ്രാധാന്യം കുറച്ചു എന്ന വിമർശനത്തോട് പ്രതികരിച്ച് സംവിധായകൻ ആഷിക് അബു. "ദേശാഭിമാനി' ക്ക് നൽകിയ അഭിമുഖത്തിലാണ് ആഷികിന്റെ പ്രതികരണം.
സിനിമ റിലീസ് ആകുന്നതിന് മുമ്പ് ഇതൊരു സിപിഐ എം പ്രൊപ്പഗാണ്ട സിനിമയാണെന്നായിരുന്നു പ്രചാരണം. പക്ഷേ റിലീസിന് ശേഷം ഉണ്ടായ വലിയൊരു വിമർശനം ഇതിൽ പങ്കെടുത്ത മന്ത്രിമാരുടെ പ്രാധാന്യം കുറഞ്ഞുപോയി എന്നായിരുന്നു. മുഖ്യമന്ത്രിയെ അവഗണിച്ചു എന്നും ഉണ്ടായി. നല്ലത് ചെയ്യുന്ന ആളുകൾക്ക് ആരാധകർ ഉണ്ടാകുക സ്വാഭാവികമാണ്. എന്നെ സംബന്ധിച്ച്, ഞാൻ ആരുടേയും ഫാൻ അല്ല. ഞങ്ങളെല്ലാവരും ഈ സിനിമയിലൂടെ പറയുന്നത് നമ്മുടെ നാട്ടിൽ നടന്ന സ്‌പിരിറ്റിനെ പറ്റിയാണ്. കെ കെ ശൈലജ ടീച്ചർ തന്നെ പറഞ്ഞത് നിപായെപ്പറ്റിയുള്ള ശാസ്‌ത്രീയമായ വിശദീകരണം സിനിമയിൽ കൊണ്ടുവരണം എന്നാണ്. എന്നാൽ അത് ഡോക്യൂമെന്ററി സ്വഭാവത്തിൽ ആകാനും പാടില്ല. ഇത് ആവർത്തിച്ച് ടീച്ചർ പറഞ്ഞിട്ടുള്ള കാര്യമാണ്.
എനിക്ക് വളരെ മഹാന്മാരെന്ന് തോന്നുന്ന ആളുകളുടെ സ്വഭാവങ്ങളിലൊന്ന് അവർ സ്വന്തം കാര്യത്തെപ്പറ്റി സംസാരിക്കാതെ പ്രവർത്തിയിൽ പങ്കെടുത്ത മറ്റുള്ളവരുടെ പങ്കിനെപ്പറ്റി സംസാരിക്കുക എന്നുള്ളതാണ്. അതാണ് ടീച്ചറെപ്പറ്റി എനിക്ക് തോന്നിയിട്ടുള്ള കാര്യം. ശൈലജ ടീച്ചർ ഒരിക്കലും സ്വയം എന്തുചെയ്‌തു എന്ന് പറയാതെ ഓരോരുത്തരേയും അവർ എന്ത് ചെയ്‌തു എന്നുള്ളത് പറയുകയാണ് ചെയ്യുക. പങ്കെടുത്ത ഓരോരുത്തർക്കും അംഗീകാരം നൽകി സംസാരിക്കുന്ന നേതാവിനെയാണ് ടീച്ചറിൽ ഞാൻ കണ്ടിട്ടുള്ളത്.
സർക്കാരിനെ പ്രതിനിധീകരിച്ച് വരുന്ന ആളുകളുടെ പവർ അല്ല, അവരുടെ അനുകമ്പയും ആർദ്രതയും ആകുലതയും ആണ് ഈ സിനിമയിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നത്. അവിടെ ശക്തി അല്ല കരുണയാണ് പ്രവർത്തിച്ചത്, മാനവികതയാണ്. നാടിനെപ്പറ്റി, ജനങ്ങളെപ്പറ്റി ആകുലപ്പെടുന്ന ആരോഗ്യത്തെപ്പറ്റി ആശങ്കപ്പെടുന്ന സർക്കാരിന്റെ പ്രതിനിധി എന്നുള്ള നിലക്കാണ് സിനിമയുടെ സൃഷ്‌ടാക്കൾ എന്ന നിലയിൽ ഞങ്ങൾ അതിനെ കണ്ടിട്ടുള്ളത്.
പല ആളുകളിൽ നിന്നുള്ള സവിശേഷതകൾ വച്ചാണ് കഥാപാത്രങ്ങളെ എഴുതിയിട്ടുള്ളത്. പൂർണിമയുടെ കഥാപാത്രം ഏതാനും സർക്കാർ ഉദ്യോഗസ്ഥർ ചെയ്‌ത കാര്യങ്ങൾ ഉപയോഗിച്ച് സൃഷ്‌ടിച്ചിട്ടുള്ളതാണ്. സിനിമയിലുള്ള മന്ത്രിമാർ ഒരു വ്യക്തിയല്ല. ഒരു ആശയത്തെ പ്രതിനിധീകരിക്കുന്നവരാണ്. ആരോഗ്യ മന്ത്രിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച രേവതിയോട് ആ ഒരു സാഹചര്യത്തിൽ എന്തു ചെയ്തേനേ എന്ന് ചോദിച്ചപ്പോൾ, രേവതി പറഞ്ഞത് ' I will be worried ' എന്നായിരുന്നു. അധികാരം കയ്യിലുള്ളപ്പോൾ പൊതുജനങ്ങളുടെ മാനസികാവസ്ഥയെ ആണ് ആദ്യം കണക്കിലെടുക്കേണ്ടത്. സാധാരണ മനുഷ്യർക്കാണ് അവിടെ മൂല്യം ഉള്ളതെന്ന് മനസ്സിലാക്കുന്ന സർക്കാരിനെയും ഭരണാധികാരികളേയുമാണ് വൈറസിൽ കാണിച്ചിട്ടുള്ളത് ‐ ആഷിക് അബു പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..