പിന്നാലെ രാഷ്ട്രീയ വിവാദം
ഹിന്ദി ദേശീയ ഭാഷയല്ല, ഔദ്യോഗിക ഭാഷയെന്ന് ക്രിക്കറ്റ് താരം ആർ അശ്വിൻ

ചെന്നൈ
ഹിന്ദി ഇന്ത്യയുടെ ദേശീയഭാഷയല്ലെന്ന് ഓർമ്മപ്പെടുത്തി ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം ആർ അശ്വിൻ. ഹിന്ദി ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാണെന്നും താരം വിദ്യാർഥികളോട് സംവദിക്കവെ ഓർമ്മപ്പെടുത്തി.
സ്വകാര്യ കോളജിലെ ബിരുദധാന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് ഭാഷ അടിച്ചേൽപ്പിക്കുന്നതിനെതിരെ അശ്വിൻ പ്രതികരിച്ചത്. അശ്വിന്റെ വാക്കുകളെ പിന്തുണച്ച് ഡിഎംകെ രംഗത്ത് എത്തിയതോടെ പ്രസ്താവന രാഷ്ട്രീയ ചർച്ചയുടെ തുടർച്ചയായി. ബിജെപി പതിവ് പോലെ ഇന്ത്യൻ മുൻ താരത്തെ വിമർശിച്ച് പിന്നാലെയെത്തി.
ഇംഗ്ലീഷിൽ ചോദ്യം ചോദിക്കയാണെങ്കിൽ താത്പര്യം ഉള്ളവർ ആരെല്ലാം എന്ന അശ്വിന്റെ ചോദ്യത്തെ വിദ്യാർഥികൾ ആരവത്തോടെ നേരിട്ടു. തമിഴിലോ എന്ന ചോദ്യത്തോടും ആരവത്തോടെ അവർ പ്രതികരിച്ചു. എന്നാൽ ഹിന്ദി എന്ന ചോദിച്ചപ്പോൾ അവർ നിശബ്ദത പാലിച്ചു. അപ്പോഴാണ് ഹിന്ദി ദേശീയഭാഷയല്ല ഔദ്യോഗിക ഭാഷയാണെന്ന് അശ്വിൻ പ്രതികരിച്ചത്.
ടീം ഇന്ത്യയുടെ ക്യാപ്റ്റൻസിയെ കുറിച്ചും അശ്വിൻ കുട്ടികളോട് പറഞ്ഞു. എനിക്ക് സാധിക്കില്ല എന്ന് ആരെങ്കിലും പറഞ്ഞാൽ ഞാൻ അത് നേടിയെടുത്തിരിക്കും. എന്നാൽ എനിക്ക് സാധിക്കും എന്നവർ പറഞ്ഞാൽ പിന്നെ എനിക്ക് താത്പര്യം നഷ്ടപ്പെടും.
വിദ്യാർഥികളെ മോട്ടിവേറ്റ് ചെയ്യുന്ന വാക്കുകൾ തുടർന്നു.
എനിക്ക് ക്യാപ്റ്റനാവാൻ സാധിക്കില്ല എന്ന് ഏതെങ്കിലും എഞ്ചിനിയറിങ് സ്റ്റാഫ് അന്ന് എന്നോട് പറഞ്ഞിരുന്നെങ്കിലോ... ഞാൻ കൂടുതൽ കഠിനാധ്വാനം ചെയ്ത് അതിനായി ശ്രമിക്കും. നിങ്ങൾക്ക് എന്തെങ്കിലും കാര്യത്തിൽ സംശയം ഉണ്ടെങ്കിൽ അതിൽ കൂടുതൽ ശ്രദ്ധ കൊടുത്ത് നിശ്ചയദാർഡ്യത്തോടെ പൊരുതുക- അശ്വിൻ അവരോട് നിർദ്ദേശിച്ചു.
ഓസ്ട്രേലിയൻ പര്യടനത്തിന് ഇടയിലാണ് അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചത്.
Related News

0 comments