തെലങ്കാനയിൽ കരുത്തുകാട്ടാൻ ബഹുജൻ ഇടതുമുന്നണി; ആവേശത്തിരയിളക്കി പ്രചരണത്തിന് സമാപനം

ഹൈദരാബാദ് > തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ പ്രകടനം കാഴ്‌ചവെയ്‌ക്കാൻ സിപിഐ എം ഉൾപ്പെടുന്ന ബഹുജൻ ലെഫ്റ്റ് ഫ്രണ്ട്(ബിഎൽഎഫ്). ആകെയുള്ള 119 നിയോജക മണ്ഡലങ്ങളിലും മത്സരിക്കുന്ന ബിഎൽഎഫ് തൊഴിലാളികളുടെയും കർഷകരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും പിന്തുണയോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
ബിഎൽഎഫ് പ്രചരണപരിപാടികളിലും റാലികൾക്കും വലിയ ജനപിന്തുണയാണ് ലഭ്യമാകുന്നത്. അടിസ്ഥാന വിഭാഗങ്ങൾ ഒന്നടങ്കം ബിഎൽഎഫ് സ്ഥാനാർഥികളുടെ പ്രചരണം ഏറ്റെടുക്കുന്ന കാഴ്‌ച. കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെയും സംസ്ഥാനത്തെ ടിആർഎസ് സർക്കാരിന്റെയും ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടത്തിൽ അവർ പ്രതീക്ഷയർപ്പിക്കുന്നത് ചെങ്കൊടികളും നീലക്കൊടികളും ഒരുമിച്ചു പാറുന്ന ബിഎൽഎഫ് മുന്നണിയിലാണ്. ബദൽ നയങ്ങളിലൂടെ സാമൂഹ്യനീതി ഉറപ്പുവരുത്തുമെന്ന് വാഗ്ദാനം ചെയ്യുന്ന ബിഎൽഎഫ് പ്രകടനപത്രിക സ്വകാര്യമേഖലയിലേയ്‌ക്കു കൂടി സംവരണം വ്യാപിപ്പിക്കുമെന്നും ഉറപ്പുനൽകുന്നു.
പാർശ്വവൽക്കൃത വിഭാഗങ്ങൾക്ക് അർഹമായ പരിഗണന ഉറപ്പുവരുത്തുന്ന ബിഎൽഎഫ് സ്ഥാനാർഥിപ്പട്ടികക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പട്ടിക വർഗ‐പട്ടിക ജാതി വിഭാഗങ്ങൾക്കും പിന്നാക്ക സമുദായങ്ങൾക്കും ഉയർന്ന പ്രാതിനിധ്യമുള്ള പട്ടികയിൽ ട്രാൻസ്‌ജെൻഡറും ആക്ടിവിസ്റ്റുമായ ചന്ദ്രമുഖി മുവ്വലയും ഭിന്നശേഷിക്കാരനായ ബസവരാജും ഇടംപിടിച്ചത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ചന്ദ്രമുഖി ഘോഷാമഹൽ മണ്ഡലത്തിലും ബസവരാജ് നാരായൺഖേദ് മണ്ഡലത്തിലുമാണ് ജനവിധി തേടുന്നത്.
തിങ്കളാഴ്‌ച സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിലെ പൊതുയോഗങ്ങളിൽ സംസാരിച്ചു. സംസ്ഥാനത്ത് ഭരണം കൈയാളുന്നവർക്ക് ജനങ്ങളോട് യാതൊരു കടപ്പാടുമില്ലെന്നും അവരുടെ നയങ്ങൾ പാവപ്പെട്ടവരെ കൂടുതൽ പാവപ്പെട്ടവരാക്കുകയാണെന്നും യെച്ചൂരി പറഞ്ഞു. സംസ്ഥാനത്തും രാജ്യമൊട്ടാകെയും വർധിച്ചുവരുന്ന തൊഴിലില്ലായ്മയെക്കുറിച്ചും പശുവിന്റെ പേരിൽ നടക്കുന്ന അക്രമങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വൈര, ബോണക്കല്ല്, മെഹ്ബൂബാബാദ് എന്നീ മണ്ഡലങ്ങളിൽ സംഘടിപ്പിച്ച പൊതുയോഗങ്ങളിലാണ് യെച്ചൂരി സംസാരിച്ചത്.
തെലങ്കാനയിൽ പരസ്യ പ്രചരണം ബുധനാഴ്‌ച അവസാനിച്ചു. വെള്ളിയാഴ്‌ചയാണ് പോളിങ്.
Tags
Related News

0 comments